Flash News

6/recent/ticker-posts

എണ്ണം കുറയ്ക്കണമെന്ന് ഹൈക്കോടതി സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട ഹർജിയിൽ ഹൈക്കോടതി.

Views

കൊച്ചി∙ പരമാവധി ആളെണ്ണം കുറയ്ക്കാൻ നിർദേശിച്ചുകൊണ്ട് നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും തടയണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തീർപ്പാക്കി. കേരളത്തിലേതിനേക്കാൾ നിയമസഭാംഗങ്ങൾ ഉള്ള തമിഴ്നാടും ബംഗാളും വളരെ കുറച്ചു പേരെ മാത്രം പങ്കെടുപ്പിച്ചാണ് സത്യപ്രതിജ്ഞ നടത്തിയതെന്നു ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി ഇടപെടൽ. ഹർജി രാഷ്ട്രീയപ്രേരിതമാണെന്ന സർക്കാർ വാദം കോടതി തള്ളി. പ്രത്യേക ക്ഷണിതാക്കളുടെ കാര്യത്തിൽ സർക്കാർ കൃത്യമായ വിവരം നൽകിയില്ലെന്നും വിമർശനം ഉയർത്തി.

ചടങ്ങുമായി ബന്ധപ്പെട്ട് അഞ്ച് നിർദേശങ്ങളാണ് ഹർജി തീർപ്പാക്കുമ്പോൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് മുന്നോട്ടു വച്ചത്. മേയ് ആറിനും 14നും പുറത്തിറക്കിയ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു മാത്രം സത്യപ്രതിജ്ഞ ചടങ്ങു നടത്തണം എന്നതാണ് ഒന്നാമത്തെ നിർദേശം. എല്ലാ എംഎൽഎമാരും മന്ത്രിമാരുടെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കണോ എന്ന് അതത് രാഷ്ട്രീയ പാർട്ടികൾ തീരുമാനിക്കണം, നിയുക്ത മന്ത്രിമാരുടെ ഭാര്യമാരും കുടുംബാംഗങ്ങളും അല്ലാതെ മറ്റ് എംഎൽഎമാരുടെ കുടുംബാംഗങ്ങൾ ചടങ്ങിനെത്തുന്നത് ഒഴിവാക്കണം, ചടങ്ങിന്റെ ഔദ്യോഗിക ചുമതലയുള്ള സർക്കാർ ഉദ്യോഗസ്ഥർ മാത്രമേ എത്താവൂ, പ്രത്യേക ക്ഷണിതാക്കളായ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെയും ദുരിതാശ്വാസ നിധിയിലേയ്ക്കും മറ്റും സംഭാവന നൽകിയവരെയും പങ്കെടുപ്പിക്കണോ, ഒഴിവാക്കണോ എന്ന കാര്യത്തിൽ ചീഫ് സെക്രട്ടറി പരിശോധിച്ച് തീരുമാനം എടുക്കണം എന്നുമാണ് കോടതി നിർദേശം.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 350നും 400നും ഇടയിൽ ആളുകൾ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുക എന്നായിരുന്നു ഹർജിയിലുള്ള സർക്കാർ വിശദീകരണം. ചടങ്ങിലേയ്ക്ക് 500 പേരെ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ടെങ്കിലും പ്രതിപക്ഷവും ന്യായാധിപൻമാരും ഉൾപ്പടെയുള്ളവർ പങ്കെടുക്കില്ല എന്ന് അറിയിച്ചിട്ടുണ്ട്. ഒഴിവാക്കാനാകാത്ത ആളുകളെ മാത്രമാണ് ക്ഷണിച്ചിരിക്കുന്നത്. ചടങ്ങിന് എത്തുന്നവർ ആർടിപിസിആർ പരിശോധനയിൽ നെഗറ്റീവായ സർട്ടിഫിക്കറ്റ് കരുതണമെന്നും അറിയിച്ചിട്ടുണ്ടെന്നുമായിരുന്നു സർക്കാർ വിശദീകരണം.

അതേസമയം സർക്കാരിന്റെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് സംഭവാന ചെയ്തിട്ടുള്ളവരെ ഉൾപ്പടെ സത്യപ്രതിജ്ഞയ്ക്കു ക്ഷണിച്ചിട്ടുള്ള വിവരം ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ ഒഴിവാക്കാമായിരുന്ന പലർക്കും ക്ഷണം ലഭിച്ചിട്ടുണ്ടെന്നും വാദിച്ചു. സത്യപ്രതിജ്ഞ ചടങ്ങിന് ആളെണ്ണം കുറയ്ക്കുന്നതാകും ഉചിതമെന്ന അഭിപ്രായമായിരുന്നു രാവിലെ കേസ് പരിഗണിക്കുമ്പോൾ ചീഫ് ജസ്റ്റിസും ഉയർത്തിയത്.

തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചികിത്സാ നീതി എന്ന സംഘടനയുടെ ജനറൽ സെക്രട്ടറി ഡോ. കെ.ജെ. പ്രിൻസാണ് സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുള്ള സത്യപ്രതിജ്ഞ ചടങ്ങിനെതിരെ കോടതി സ്വമേധയാ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന് അഭിഭാഷകൻ അനിൽ തോമസ്, ഡമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് ജോർജ് സെബാസ്റ്റ്യൻ, ബിജെപി എറണാകുളം ജില്ലാ പ്രസി‍ഡന്റ് എസ്. ജയകൃഷ്ണൻ തുടങ്ങിയവർ കത്തു നൽകിയിരുന്നു.

കേസ് പരിഗണിക്കുമ്പോൾ ഓൺലൈൻ സിറ്റിങ്ങുകളിൽ പങ്കെടുക്കുന്നതിൽ നിന്നു മാധ്യമങ്ങളെ കോടതി ഒഴിവാക്കിയിരുന്നു. ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരമാണ് കേസ് വിചാരണയിലും വിധി പ്രസ്താവിക്കുമ്പോഴും മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.




Post a Comment

1 Comments

  1. ജനാധിപത്തിൽ നിയമത്തിന്റെ മുന്നിൽ എല്ലാവരും തുല്യരാണ് . എന്നാൽ കമ്യുണിസത്തിൽ ചില രാഷ്ട്രീയത്തൊഴിലാളികൾക്ക് കുറേക്കൂടി കൂടുതൽ തുല്യതയുണ്ട്‌ . നവോത്ഥാനം നവോത്ഥാനം .

    ReplyDelete