Flash News

6/recent/ticker-posts

മലപ്പുറത്ത് വൃദ്ധയ തലക്കടിച്ച് കൊലപ്പെടുത്തി 20 പവന്‍ കവര്‍ന്നു

Views

 
എടപ്പാള്‍- തനിച്ചു താമസിക്കുന്ന എഴുപതുകാരിയെ കൊലപ്പെടുത്തി 20 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. മലപ്പുറം ജില്ലയിലെ തവനൂര്‍ കടകശ്ശേരിയിലാണ് കൊലപാതകം. കടകശ്ശേരി ജുമാ മസ്ജിദിന് സമീപം താമസിക്കുന്നതത്തോട്ടില്‍ ഇയ്യാത്തുട്ടി (70) ആണ് കൊല്ലപ്പെട്ടത്. വര്‍ഷങ്ങളായി ഇവര്‍ തനിച്ചാണ് താമസിക്കുന്നത്. തൊട്ടടുത്ത് ബന്ധുക്കള്‍ താമസിക്കുന്നുണ്ട്. വൈകുന്നേരം ആറുമണിക്ക് ബന്ധുവീട്ടിലെ കുട്ടിയാണ് കിടപ്പുമുറിയില്‍ രക്തം വാര്‍ന്ന് മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടത്. ഇയ്യാത്തു കുട്ടിക്ക് ഭക്ഷണവുമായി പോയതായിരുന്നു കുട്ടി. വീടിന്റെ പിന്‍വശത്തെ ഗ്രില്‍ തുറന്ന നിലയിലായിരുന്നു. കുട്ടികളില്ലാത്തതിനാല്‍ കാലങ്ങളായി ഇവര്‍ തനിച്ചാണ് താമസിച്ചു വരുന്നത്. ശരീരത്തിലും, വീട്ടിലുമായി ഉണ്ടായിരുന്ന 20 പവന്‍ സ്വര്‍ണ്ണാഭരണങ്ങളാണ് നഷ്ടമായത്. മോഷണത്തിനിടെ ചെറുത്തപ്പോള്‍ തലക്കടിയേറ്റാണ് മരണമെന്ന് പോലീസ് പറഞ്ഞു.അതേസമയം വീട്ടില്‍ നിന്ന് ശബ്ദമൊന്നും കേട്ടിരുന്നില്ലെന്ന് അയല്‍ക്കാരായ ബന്ധുക്കള്‍ പറയുന്നു. ഇയ്യാത്തുകുട്ടിയുടെ ജീവിത സാഹചര്യം വ്യക്തമായി അറിയാവുന്ന ആളാണ് കൊലപാതകവും കവര്‍ച്ചയും നടത്തിയതെന്ന് പോലീസ് തറപ്പിച്ചു പറയുന്നു. ഇതിനെ ചുറ്റിപ്പറ്റിയാണ് തുടക്കത്തിലെ അന്വേഷണം.  ഉന്നത പോലീസ് അധികാരികളെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. വെള്ളിയാഴ്ച സമാന രീതിയില്‍ വളാഞ്ചേരിയിലും കൊലപാതകം നടന്നിരുന്നു.  ഇവിടെയു തനിച്ചു താമസിക്കുന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. വീട്ടില്‍ ഉണ്ടായിരുന്ന മൂന്നു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടിരുന്നില്ല. അന്വേഷണത്തിനിടെ പോലീസാണ് ഈ പണം കണ്ടെടുത്തിരുന്നത്. മറ്റെന്തെങ്കിലും നഷ്ടപ്പെട്ടോ എന്നതും വീട്ടില്‍ മറ്റാരും ഇല്ലാത്തതിനാല്‍ വ്യക്തമായിട്ടുമില്ല. രണ്ടു കൊലപാതകങ്ങള്‍ക്കു പിന്നിലും ഒരേ സംഘമാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്.



Post a Comment

1 Comments

  1. ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധൻമാരും വൃദ്ധകളും കൂടുതൽ സുരക്ഷാസംവിധാനങ്ങൾ അവരവരുടെ വീടുകളിൽ ഏർപ്പെടുത്തണം. തുടർച്ചയായ ലോക്കഡൗണുകൾ , ഗൾഫുരാജ്യങ്ങളിലെ കോവിഡ് വ്യാപനവും സാമ്പത്തികമാന്ദ്യവും തൊഴിൽനഷ്ടങ്ങളും എല്ലാംകൂടിയായപ്പോൾ നമ്മുടെ നാട്ടിലിപ്പോൾ ആളുകളുടെ കയ്യിൽ പഴയതുപോലെ പണമില്ല . എന്നാൽ ജീവിതനിലവാരവും ചെലവും കുറക്കാനും പറ്റുന്നില്ല . സ്റ്റോപ്പ്‌ ക്രൈം എന്നൊരു ഏർപ്പാട് നമ്മുടെ പോലീസിന്റെ അജണ്ടയിലുണ്ടോ എന്ന് എനിക്കറിയില്ല. ഇനി ഉണ്ടെങ്കിൽത്തന്നെ അതിനുമാത്രം പോലീസുകാരോ കുറ്റാന്വേഷണ ഉപകരണങ്ങളോ വാഹനസൗകര്യം പോലുമോ നമ്മുടെ നാട്ടിൽ ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല . അതുകൊണ്ട് ഒറ്റയ്ക്ക് താമസിക്കുന്നവരും കൂട്ടമായി താമസിക്കുന്നവരും അതീവ ജാഗ്രത പുലർത്തണം . കള്ളന്മാരെയും കവർച്ചക്കാരെയും ആകർഷിക്കുന്ന വിധത്തിലുള്ള യാതൊരു പ്രവർത്തനമോ അലസതയോ നാം വയോജനങ്ങളുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകരുത് . ( സി. കെ. അയമു . കേരള വയോജനവേദി. മേൽമുറി യൂണിറ്റ് )

    ReplyDelete