Flash News

6/recent/ticker-posts

സംസ്ഥാന പൊലീസ്​ മേധാവിയായി അനില്‍ കാന്തിനെ തെരഞ്ഞെടുത്തു. നിലവില്‍ റോഡ്​ സേഫ്​റ്റ്​ കമീഷണറായാണ്​ അദ്ദേഹം സേവനം അനുഷ്​ഠിക്കുന്നത്.

Views

അനില്‍കാന്ത് പുതിയ ഡി ജി പി

തിരുവനന്തപുരം∙ സംസ്ഥാന പൊലീസ് മേധാവിയായി വൈ. അനില്‍ കാന്ത് ഐപിഎസിനെ നിയമിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണു തീരുമാനം. ലോക്നാഥ് ബെഹ്റ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് പ്രാധാന്യം നൽകുമെന്ന് അനിൽകാന്ത് മാധ്യമങ്ങളോടു പറഞ്ഞു. മുൻ ഡിജിപിയുടെ നല്ല പ്രവൃത്തികൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹി സ്വദേശിയായ അനില്‍കാന്ത് പട്ടികവിഭാഗത്തില്‍നിന്ന് കേരളത്തില്‍ പൊലീസ് മേധാവിയാകുന്ന ആദ്യയാളാണ്. ബി.സന്ധ്യ, സുദേഷ് കുമാര്‍ എന്നിവരാണ് പരിഗണിക്കപ്പെട്ട മറ്റു ഉദ്യോഗസ്ഥര്‍.
നിലവിൽ എഡിജിപിയായ അനിൽകാന്തിന് അടുത്ത മാസം ഡിജിപി റാങ്ക്  ലഭിക്കും. 1988 ബാച്ചിലെ ഐപിഎസ് ഓഫിസറായ അനിൽകാന്ത് നിലവിൽ റോഡ് സുരക്ഷാ കമ്മിഷണറാണ്.  കേരള കേഡറിൽ എഎസ്പി ആയി വയനാട് സർവീസ് ആരംഭിച്ച അദ്ദേഹം തിരുവനന്തപുരം റൂറൽ, റെയിൽവേ എന്നിവിടങ്ങളിൽ എസ്പി ആയി പ്രവർത്തിച്ചു. തുടർന്ന് ന്യൂഡൽഹി, ഷില്ലോങ് എന്നിവിടങ്ങളിൽ ഇന്റലിജൻസ് ബ്യൂറോയിൽ അസിസ്റ്റൻറ് ഡയറക്ടർ ആയി. മടങ്ങി എത്തിയ ശേഷം കൊച്ചി സിറ്റി പോലീസ് കമ്മിഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ എസ്പി ആയും പ്രവർത്തിച്ചു. 
സ്പെഷൽ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളിൽ ഡിഐജി ആയും സ്പെഷൽ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ ഐജി ആയും പ്രവർത്തിച്ചു. ഇടക്കാലത്ത് അഡിഷണൽ എക്സൈസ് കമ്മിഷണർ ആയിരുന്നു. എഡിജിപി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കേരള പൊലീസ് ഹൗസിങ് കൺസ്ട്രക്‌ഷൻ കോർപറേഷൻ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ആയിരുന്നു. സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ എഡിജിപി ആയും പ്രവർത്തിച്ചു. ഫയർഫോഴ്സ് ഡയറക്ടർ ജനറൽ, ബറ്റാലിയൻ, പോലീസ് ആസ്ഥാനം, സൗത്ത് സോൺ, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ എഡിജിപി ആയും ജോലി നോക്കി. 
ജയിൽ മേധാവി, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ തലവൻ, ഗതാഗത കമ്മിഷണർ എന്നീ തസ്തികകളും വഹിച്ചിട്ടുണ്ട്. വിശിഷ്ട സേവനത്തിനും സ്തുത്യർഹ സേവനത്തിനുമുളള രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിച്ചിട്ടുണ്ട്. 64ാമത് ഓൾ ഇന്ത്യ പൊലീസ് ഗെയിംസ് വിജയകരമായി സംഘടിപ്പിച്ചതിന് കമൻറേഷനും 2018ൽ ബാഡ്ജ് ഓഫ് ഓണറും ലഭിച്ചു. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദധാരിയാണ്. ഡൽഹി സ്വദേശിയാണ്. പരേതനായ റുമാൽ സിങ് പിതാവും ശകുന്തള ഹാരിറ്റ് അമ്മയുമാണ്. ഭാര്യ പ്രീത ഹാരിറ്റ്, മകൻ റോഹൻ ഹാരിറ്റ്.
ടോമിൻ ജെ.തച്ചങ്കരി സംസ്ഥാന പൊലീസ് മേധാവിയാകുമെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തൽ. മുഖ്യമന്ത്രിയോടും പാർട്ടിയോടുമുള്ള അദ്ദേഹത്തിന്റെ അടുപ്പവും സാധ്യത വർധിപ്പിച്ചു. എന്നാൽ യുപിഎസ്‌സി യോഗത്തിൽ ലോക്നാഥ് െബഹ്റ തച്ചങ്കരിക്കെതിരായ നിലപാടാണ് സ്വീകരിച്ചത്. തച്ചങ്കരിക്കെതിരെയുള്ള കേസുകളും തിരിച്ചടിയായി. തുടർന്നാണ് സീനിയോറിറ്റിയിൽ രണ്ടാമനായ ടോമിൻ ജെ.തച്ചങ്കരിയെ ഒഴിവാക്കി യുപിഎസ്‌സി സംസ്ഥാന സർക്കാരിനു 3 പേരുടെ പട്ടിക നൽകിയത്. 
സീനിയോറിറ്റിയിൽ ഒന്നാമനായ അരുൺ കുമാർ സിൻഹ സംസ്ഥാനത്തേക്കു വരാൻ താൽപര്യമില്ലെന്നു യുപിഎസ്‌സിയെ അറിയിച്ചിരുന്നു. നിലവിൽ സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ് മേധാവിയാണ് അദ്ദേഹം. മകൾ ഡ്രൈവറെ തല്ലിയ കേസ് അടക്കം സുധേഷ് കുമാറിന് എതിരായി. മുൻപ് ചില കേസുകളിൽ നടത്തിയ ഇടപെടലുകളാണ് സന്ധ്യയ്ക്കു തിരിച്ചടിയായത്. അനിൽ കാന്തിന് ഇനി 7 മാസമാണ് സേവന കാലാവധിയുള്ളത്. ഇതിനുശേഷം ടോമിൻ ജെ.തച്ചങ്കരിയെ ഡിജിപി സ്ഥാനത്തേക്കു പരിഗണിക്കുമെന്നറിയുന്നു.


Post a Comment

0 Comments