കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റും അവിഭക്ത സമസ്ത മുശാവറ മെമ്പറുമായിരുന്ന ശൈഖുൽ ഉലമാ എൻ.കെ മുഹമ്മദ് മൗലവി അന്തരിച്ചു. കബറടക്കം നാളെ രാവിലെ 10 ന് കടു പുറം ജുമാ മസ്ജിദിൽ.
"എൻ.കെ ഉസ്താദ്"എന്ന പേരിലാണ് പ്രസിദ്ധമായത്. നടുവത്ത് കളത്തിൽ എന്നാണ് കുടുംബ പേര്. സൈദാലി-ആയിശുമ്മ ദമ്പതികളുടെ മകനാണ്.
1958 ഏപ്രിൽ 16ന് വെല്ലൂർ ബാഖിയാത്തിലേക്ക് പോയി. ശൈഖ് ആദം ഹള്റത്താണ് കിതാബുകൾ തുടങ്ങി കൊടുത്തത്. ഉത്തമ പാളയം അബൂബക്കർ ഹള്റത്ത്, ശൈഖ് ഹസൻ ഹള്റത്ത് എന്നിവരാണ് ബാഖിയാത്തിലെ പ്രധാന ഉസ്താദുമാർ. ബാഖവിയായതിന് ശേഷം നാല് വർഷം തളിപ്പറമ്പിനടുത്ത് ദർസ് നടത്തി. ശേഷം പരപ്പനങ്ങാടിയിലാണ് ദർസേറ്റത്. അഞ്ചര പതിറ്റാണ്ടിലേറെയായി ഈ നാടിന്റെ പ്രകാശ ഗോപുരമായി ശൈഖുൽ ഉലമാ ജ്വലിച്ചു നിന്നു.
1960കളിലാണ് ശൈഖുൽ ഉലമാ സമസ്ത മുശാവറ മെമ്പറായി തെരഞ്ഞെടുക്കപ്പെടുന്നതെങ്കിലും അതിന് മുമ്പ് തന്നെ മുശാവറയിൽ പങ്കെടുത്തിട്ടുണ്ട്.
1967ലാണ് സ്പീക്കർ ഖുതുബ സംബന്ധമായ വിഷയം മുശാവറയിലെത്തുന്നത്. പ്രസിഡന്റ് താജുൽ ഉലമാ അടക്കമുള്ള പണ്ഡിതന്മാർ സമസ്തയിൽ നിന്ന് രാജിവെച്ചു. ഇദ്ദേഹവും പിരിയാൻ ഉറപ്പിച്ച് താജുൽ ഉലമയോട് വിവരം പറഞ്ഞപ്പോൾ എന്റെ രാജി നിങ്ങൾക്ക് ബാധകമല്ലെന്ന് പറഞ്ഞ് പിരിയാൻ സമ്മതിച്ചില്ല.1974 വരെ മുശാവറയിലൊക്കെ പങ്കെടുത്തു.
സമസ്ത മുശാവറ അംഗമായിരിക്കെ തന്നെ കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമായുടെ സ്ഥാപകാംഗം കൂടിയായിരുന്നു. ഏഴ് വർഷം രണ്ട് സംഘങ്ങളിലുമായി പ്രവർത്തിച്ചു.1974ൽ സംസ്ഥാനയുടെ ചരിത്ര പ്രസിദ്ധമായ കുളപ്പുറം സമ്മേളനത്തോടെയാണ് സമസ്തയിൽ നിന്ന് പിരിയുന്നത്. കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് സ്ഥാനത്തിന് പുറമെ നുസ്രത്തുൽ അനാം മാസിക ചീഫ് എഡിറ്റർ, വണ്ടൂർ ജാമിഅ: വഹബിയ്യ അടക്കം നിരവധി സ്ഥാപനങ്ങളുടെ രക്ഷാധികാരി എന്നീനിലയിലും പ്രവർത്തിച്ചുവരികയായിരുന്നു.
0 Comments