Flash News

6/recent/ticker-posts

യൂറോ കപ്പ്: ഇറ്റലിയും ഡെന്മാര്‍ക്കും ക്വാര്‍ട്ടര്‍ ഫൈനലില്‍

Views

യൂറോ കപ്പ് ഫുട്‌ബോളില്‍ ഇറ്റലിയും ഡെന്മാര്‍ക്കും ക്വാര്‍ട്ടര്‍ ഫൈനലില്‍. എക്‌സ്ട്രാടൈമിലേക്ക് നീണ്ട മത്സരത്തില്‍ ഓസ്ട്രിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ഇറ്റലി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത്. വെയില്‍സിനെ 4-0 ന് തകര്‍ത്ത് ഡെന്മാര്‍ക്കും അവസാന എട്ടിലിടം നേടി.

82 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിറ്റോറിയോപോസോയുടെ കീഴില്‍ ഇറ്റലി ടീം കുറിച്ച റെക്കോര്‍ഡ് ഇനി പഴങ്കഥ. ചരിത്രം ഉറങ്ങുന്ന വെംബ്ലിയില്‍ അസൂറിപ്പട രചിച്ചത് പുതുപുത്തന്‍ വിജയചരിത്രമാണ്. ഡേവിഡ് അലാബയുടെ ഓസ്ട്രിയ വീറുറ്റ പോരാട്ടം പുറത്തെടുത്തപ്പോള്‍ മത്സരം നിശ്ചിത സമയവും കഴിഞ്ഞ് എക്‌സ്ട്രാ ടൈമിലേക്ക്. എക്‌സ്ട്രാ ടൈമിന്റെ അഞ്ചാം മിനുട്ടില്‍ പകരക്കാരന്‍ ഫെഡറിക്കോ കിയേസയുടെ സൂപ്പര്‍ ഗോളില്‍ ഇറ്റലി മുന്നില്‍.

ലീഡ് നേടിയതിന്റെ ആവേശത്തില്‍ ഉണര്‍ന്ന് കളിച്ച അസൂറിപ്പട മികച്ച മുന്നേറ്റങ്ങളുമായി ഓസ്ട്രിയന്‍ ഗോള്‍ മുഖം വിറപ്പിച്ചു. ആദ്യ പകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ശേഷിക്കെ പെസ്സിന ഇറ്റലിയുടെ ലീഡ് ഉയര്‍ത്തി. എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ അസൂറികളെ അതിശയിപ്പിക്കുന്ന പോരാട്ട വീര്യമാണ് ഓസ്ട്രിയ പുറത്തെടുത്തത്. കഴിഞ്ഞ 11 മത്സരങ്ങളില്‍ ഒറ്റ ഗോള്‍ പോലും വഴങ്ങാതെ ഗോള്‍വല കാത്ത ഡൊണ്ണാരുമ്മയെ ഓസ്ട്രിയ നിരന്തരം പരീക്ഷിച്ചു. കളി തീരാന്‍ ഏഴ് മിനുട്ട് ശേഷിക്കെ ഡൊണ്ണാരുമ്മയെ നിസ്സഹായനാക്കി സാസ കാലാസിച്ചിന്റെ പറക്കും ഹെഡ്ഡര്‍.

ഫൈനല്‍ വിസില്‍ മുഴങ്ങിയതോടെ അസൂറിപ്പട യൂറോ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. വെംബ്ലിയില്‍ ബൊനൂച്ചിയുടെയും സംഘത്തിന്റെയും വിജയാഘോഷം. തുടര്‍ച്ചയായ 31 മത്സരങ്ങളില്‍ അജയ്യരായി മാഞ്ചീനിയുടെ അസൂറിപ്പട അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പം. പോര്‍ച്ചുഗല്‍ – ബെല്‍ജിയം പ്രീ ക്വാര്‍ട്ടറിലെ വിജയിയാണ് ക്വാര്‍ട്ടറില്‍ ഇറ്റലിയുടെ എതിരാളി. പ്രീ ക്വാര്‍ട്ടറിലും ഡെന്മാര്‍ക്ക് സ്വപ്നതുല്യമായ പ്രകടനം തുടര്‍ന്നപ്പോള്‍ തരിപ്പണമായത് ഗാരെത്ത് ബെയിലിന്റെ വെയില്‍സാണ്.

ആംസ്റ്റര്‍ഡാമിലെ യോഹാന്‍ ക്രൈഫ് അരീനയില്‍ സ്‌കാന്‍ഡിനേവിയക്കാര്‍ നിറഞ്ഞാടിയപ്പോള്‍ വെയില്‍സ് പ്രതിരോധ നിര തീര്‍ത്തും പരാജിതരായി. യൂസുഫ് പോള്‍സണ് പകരക്കാരനായി ആദ്യ ഇലവനില്‍ ഇടം കണ്ട കാസ്പര്‍ ഡോള്‍ബര്‍ഗായിരുന്നു ഡാനിഷുകാരുടെ ഹീറോ. 27ആം മിനുട്ടില്‍ തകര്‍പ്പന്‍ വലതുകാല്‍ ഷോട്ടിലൂടെ ഗോള്‍വല കുലുക്കിയ ഡോള്‍ബര്‍ഗ്, 48 ആംമിനുട്ടില്‍ കാര്‍പറ്റ് ഡ്രൈവ് ഷോട്ടിലൂടെ വീണ്ടും ലീഡ് ഉയര്‍ത്തി. 88ആം മിനുട്ടില്‍ മേഹിളിന്റെ അതിമനോഹര ഗോളിലൂടെ ഡെന്മാര്‍ക്ക് വീണ്ടും മുന്നില്‍. കളി തീരാന്‍ സെക്കന്‍ഡുകള്‍ ശേഷിക്കെ മാര്‍ട്ടിന്‍ ബ്രാത്ത്വെയിറ്റിന്റെ ഗോള്‍ കൂടി എത്തിയതോടെ വെയില്‍സിന്റെ തകര്‍ച്ച പൂര്‍ണം.

ആംസ്റ്റര്‍ഡാം അരീനയില്‍ തിമിര്‍ത്താഘോഷിച്ച് ഡെന്മാര്‍ക്ക് ആരാധകക്കൂട്ടമായ റോളിഗന്‍സ്. ജയത്തിനിടയിലും ക്യാപ്റ്റന്‍ സൈമണ്‍ ക്‌ജേര്‍ പരുക്കേറ്റ് പുറത്തായത് ഡെന്മാര്‍ക്കിന് തിരിച്ചടിയാണ്. നെതര്‍ലണ്ട്‌സ് – ചെക്ക് റിപ്പബ്ലിക്ക് പ്രീ ക്വാര്‍ട്ടര്‍ മത്സര വിജയിയാകും ക്വാര്‍ട്ടറില്‍ ഡെന്മാര്‍ക്കിന്റെ എതിരാളി.



Post a Comment

0 Comments