കോഴിക്കോട് : സംവാദങ്ങൾ ജനാധിപത്യത്തിൽ ഒഴിച്ചുകൂടാനാവാത്തതാണെങ്കിലും
അതിന് വേണ്ടി തിരഞ്ഞെടുക്കുന്ന വിഷയങ്ങളിൽ രാഷ്ട്രീയ നേതൃത്വം കുറേക്കൂടി ഔചിത്യം പാലിക്കണമെന്നും പരിധി വിടരുതെന്നും കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബുബക്കർ
മുസ്‌ലിയാർ ആവശ്യപ്പെട്ടു.
സംവാദത്തിന്റെ ഉള്ളടക്കം പോലെ പ്രധാനമാണ് സന്ദർഭവും. മഹാമാരിയുടെ കെടുതികളിൽ വലഞ്ഞുകൊണ്ടിരിക്കുന്ന ജനങ്ങൾക്ക് ഒട്ടും താത്പര്യമില്ലാത്ത വിഷയങ്ങളിൽ രാഷ്ട്രീയ നേതൃത്വം സംവാദത്തിലേർപ്പെടുന്നത് ജനാധിപത്യത്തെ കൂടുതൽ പരവശമാക്കുകയേ ഉള്ളൂ.
സാമൂഹിക ഇടപെടലുകളും രാഷ്ട്രീയവ്യവഹാരങ്ങളും കൂടുതൽ ജനോന്മുഖവും സർഗാത്മകവും ആകേണ്ടതിന്റെ ആവശ്യകത തിരിച്ചറിയാതെയുള്ള വാക്‌പോരുകൾ നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന് ചേർന്നതല്ല.വാക്‌പോരിൽ ആര് ജയിക്കുന്നു എന്നതല്ല, തങ്ങളോട് ആര് ചേർന്നുനിൽക്കുന്നു എന്നതാണ് ജനം ചിന്തിക്കുന്നത്. അത് തിരിച്ചറിഞ്ഞ് വിവേകപൂർണമായ സംവാദം വികസിപ്പിക്കാനാണ് നേതാക്കൾ ശ്രമിക്കേണ്ടത്.
പോയകാലത്തിന്റെ ചിലത് വർത്തമാന കാലത്തേക്ക് വലിച്ചു കൊണ്ടുവന്ന് സാമൂഹിക മണ്ഡലം മലിനമാക്കാനുള്ള നീക്കം ശരിയല്ലന്നും കാന്തപുരം പ്രസ്താവനയിൽ പറഞ്ഞു.
0 Comments