Flash News

6/recent/ticker-posts

യൂറോ കപ്പ്: ഇറ്റലി ഫൈനലിൽ, കിരീടപ്പോരാട്ടം ശനിയാഴ്ച രാത്രി 12:30 ന് വെംബ്ലി സ്റ്റേഡിയത്തില്‍

Views


ഇറ്റലി യൂറോ കപ്പ് ഫുട്ബോളിന്റെ ഫൈനലിൽ.നിശ്ചിത സമയവും അധിക സമയവും കഴിഞ്ഞ് പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ സ്പെയിനിനെ 4-2ന് തോൽപിച്ചാണ് അസൂറിപ്പടയുടെ ഫൈനൽ പ്രവേശം.ശനിയാഴ്ച രാത്രി 12:30 ന് വെംബ്ലി സ്റ്റേഡിയത്തിലാണ് കിരീടപ്പോരാട്ടം.

ആവേശം അലകടലായി പെയ്തിറങ്ങിയ വെംബ്ലിയിലെ സെമി ത്രില്ലറിൽ ഗോൾകീപ്പർ ജിയാൻലൂയിജി ഡോണരുമ്മയായിരുന്നു അസൂറിപ്പടയുടെ വിജയനായകൻ. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമുകളും ഓരോ ​ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞതോടെ മത്സരം പെനാൽട്ടി ഷൂട്ടൗട്ടിലേക്ക്.

ലോക്കാടെല്ലി എടുത്ത ആദ്യ കിക്ക് തടുത്ത് ഗോളി ഉനായ് സിമോൺ സ്പെയിനിന് നേരിയ മുൻതൂക്കം നൽകിയെങ്കിലും ഓൽമോ കിക്ക് പുറത്തേക്കടിച്ചതോടെ ഉദ്വേഗത്തിന്റെ നിമിഷങ്ങൾ .ഇറ്റലിക്ക് വേണ്ടി ബെലോട്ടിയും ബൊനൂച്ചിയും ബെർണാഡെഷിയും കിക്ക് വലയിലെത്തിച്ചപ്പോൾ സ്പെയിൻ നിരയിൽ മൊറേനോ, അൽകാൻട്ര എന്നിവരുടെ കിക്കുകൾ ലക്ഷ്യത്തിലെത്തി.

തൊട്ടുപിന്നാലെ ആൽവാരോ മൊറാട്ടയെടുത്ത കിക്ക് രക്ഷപ്പെടുത്തി ഡോണരുമ്മയുടെ വിസ്മയ പ്രകടനം.ജോർജീന്യോ കിക്ക് വലയിലെത്തിച്ചതോടെ 4-2ന്റെ ത്രസിപ്പിക്കുന്ന വിജയവുമായി കില്ലീനിയുടെ അസൂറിപ്പട ഫൈനലിൽ.

നിശ്ചിത സമയത്ത് ഇറ്റലിക്ക് വേണ്ടി ഫെഡറിക്കോ കിയേസയും സ്പെയിനിന് വേണ്ടി ആൽവാരോ മൊറാട്ടയുമായിരുന്നു ഗോൾ സ്കോറർമാർ. ഈ വിജയത്തോടെ തുടർച്ചയായി 33 മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറാൻ ഇറ്റലിയ്ക്ക് സാധിച്ചു.

പരിശീലകൻ റോബർട്ടോ മാൻചീനിയുടെ കീഴിൽ അത്ഭുതക്കുതിപ്പ് തുടരുന്ന ഇറ്റലി യൂറോ കപ്പിൽ ഒറ്റ മത്സരത്തിൽ പോലും തോറ്റിട്ടില്ല. 1968 ന് ശേഷമുള്ള യൂറോ കിരീടം നേടിയെടുക്കാൻ ഇറ്റലിയ്ക്ക് ഇനി ഒരു വിജയം കൂടി മതി. ശനിയാഴ്ച രാത്രി 12:30 ന് വെംബ്ലിയിൽ നടക്കുന്ന ഫൈനലിൽ ഫൈനലിൽ ഇംഗ്ലണ്ട്-ഡെന്മാർക്ക് സെമി ഫൈനലിലെ വിജയിയാണ് ഇറ്റലിയുടെ എതിരാളി.



Post a Comment

0 Comments