Flash News

6/recent/ticker-posts

വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വിട; 38-ാം വയസ്സിലും ഒന്നാമത്, ഒരേയൊരു മിതാലി..!!

Views
വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വിട; 38-ാം വയസ്സിലും ഒന്നാമത്, ഒരേയൊരു മിതാലി..!!


‘ വനിതാ ക്രിക്കറ്റിലെ സച്ചിൻ തെൻഡുൽക്കർ എന്നറിയപ്പെടുന്നതിനെക്കാൾ ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ മിതാലി രാജ് എന്നറിയപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞാൻ ആരാണോ അതായിരിക്കണം എന്റെ അടയാളവും’– വനിതാ ക്രിക്കറ്റിൽ ഏറ്റവുമധികം റൺ നേടിയ താരമെന്നതിലുപരി, ഏകദിന റാങ്കിങ്ങിൽ ഒന്നാമതുള്ള ബാറ്റ്സ്‌വുമൺ എന്നതിലുപരി, വനിതാ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരമെന്നതിലുപരി, മിതാലി രാജ് കയ്യടി അർഹിക്കുന്നത് തന്റെ ഈ നിലപാടുകളിലൂടെയാണ്. റെക്കോർഡ് പട്ടികയിൽ ഒരിക്കൽ കൂടി പേരു ചാർത്തിയപ്പോൾ വീണ്ടും ‘ലേഡി തെൻഡുൽക്കർ’ വിളിയുമായി എത്തിയ ആരാധകർ വീണ്ടും മറക്കുന്നു, ലേഡി തെൻഡുൽക്കർ അല്ല, ഇത് ഒരേയൊരു മിതാലി രാജ്.


• 🔹മിതാലിയുടെ രണ്ടാം വരവ്.


ഫോം ഇല്ലായ്മ, സഹതാരങ്ങളുമായുള്ള ഈഗോ പ്രശ്നങ്ങൾ, പരിശീലകനുമായുള്ള അസ്വാരസ്യങ്ങൾ, മെല്ലെപ്പോക്കിന്റെ പേരിലുള്ള വിമർശനങ്ങൾ തുടങ്ങി തലങ്ങും വിലങ്ങും ‘ബൗൺസറുകൾ’ നേരിടേണ്ടി വന്ന കാലമുണ്ടായിരുന്നു മിതാലിക്ക്. ‘വി’യിൽ ഡ്രൈവ് ഷോട്ടുകൾ കളിച്ചു ശീലിച്ച മിതാലി അപ്രതീക്ഷിത ബൗൺസറുകൾക്കു മുന്നിൽ പതറി, തന്റെ ക്രിക്കറ്റ് ഇന്നിങ്സ് ഡിക്ലയർ ചെയ്യുമോ എന്നുപോലും തോന്നിപ്പിച്ച നാളുകൾ. എന്നാൽ പിച്ച് ഏതായാലും ബോളർ ആരായാലും മിതാലി മിതാലിയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു നേരിട്ട എല്ലാ ബൗൺസറുകളെയും (ചിലരുടെ ബീമറുകളെയും) ബൗണ്ടറി കടത്തി രാജകീയ സ്റ്റൈലിൽ തന്നെ ‘ക്വീൻ മിതാലി’ ഏകദിന ക്രിക്കറ്റിലെ തന്റെ സിംഹാസനം തിരിച്ചുപിടിച്ചു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ തുടർച്ചയായ മൂന്ന് അർധ സെഞ്ചുറികൾ അതിനുള്ള സാംപിൾ ഡോസ് മാത്രം.


• 🔹ലേഡി തെൻഡുൽക്കർ


റെക്കോർഡുകൾ ഓരോന്നായി തകർത്തു മുന്നേറുമ്പോഴും ‘ലേ‍ഡി തെൻഡുൽക്കർ’ എന്നായിരുന്നു മാധ്യമങ്ങളും ആരാധകരും മിതാലിയെ വിശേഷിപ്പിച്ചത്. എന്നാൽ അവസരം ലഭിച്ചപ്പോഴൊക്കെ അത് തിരുത്താൻ മിതാലി ശ്രമിച്ചു. ‘സച്ചിന്റെ നേട്ടങ്ങളുടെ പകുതി പോലും ഞാൻ സ്വന്തമാക്കിയിട്ടില്ല. അദ്ദേഹവുമായി താരതമ്യം ചെയ്യുന്നതിൽ അർഥമില്ല. എന്റെ നേട്ടങ്ങൾ വനിതാ ക്രിക്കറ്റിന്റെ നേട്ടങ്ങൾക്കൊപ്പം ചേർത്തു വായിക്കാനാണു ഞാൻ ആഗ്രഹിക്കുന്നത്. എന്റെ വ്യക്തിത്വത്തിലൂടെയും കളിയിലൂടെയും എന്നെ ആളുകൾ അറിയുന്നതാണ് എനിക്കിഷ്ടം’– മിതാലിയുടെ നയം വ്യക്തം. അടുത്ത കാലം വരെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് എന്നു പറഞ്ഞാൽ മിതാലി രാജും ജുലൻ ഗോസ്വാമിയും മാത്രമായിരുന്നു ഇന്ത്യക്കാർക്ക്.


• 🔹വി’ ലവ് മിതാലി


ക്രിക്കറ്റ് പാഠപുസ്തകങ്ങളും പരിശീലകൻമാരും ബാറ്റിങ്ങിനെപ്പറ്റി പഠിപ്പിക്കുമ്പോൾ ആവർത്തിച്ചു പറയുന്ന ഒരു കാര്യമുണ്ട്– ‘വി’യിൽ കളിക്കുക. സ്ട്രൈക്കിൽ നിൽക്കുന്ന ബാറ്റ്സ്മാന്റെ ഇരുവശങ്ങളിൽ നിന്നും ത്രികോണാകൃതിയിൽ ലോങ് ഓൺ, ലോങ് ഓഫ് ഭാഗത്തേക്കു നീളുന്ന സാങ്കൽപിക രേഖകൾക്കുള്ളിലുള്ള ഭാഗമാണ് വി എന്നു വിശേഷിപ്പിക്കാറ്. ബാറ്റ് ക്രോസായി (ഇരു വശങ്ങളിലേക്കും വീശിയടിക്കാൻ സൗകര്യപ്പെടുന്ന രീതിയിൽ) പിടിക്കാതെ നേരെ പിടിച്ച് പന്തിനെ അഭിമുഖീകരിക്കാനും പന്ത് ബാറ്റിൽ കൊള്ളാൻ പരമാവധി സാധ്യത നൽകാനുമാണ് വി എന്ന സാങ്കൽപിക ഭാഗത്തിനുള്ളിൽ കളിക്കാൻ പരിശീലകർ ആവശ്യപ്പെടുന്നത്. ഡ്രൈവ് ഷോട്ടുകളും ചിലപ്പോൾ ലോഫ്റ്റഡ് ഷോട്ടുകളുമാണ് ‘വി’യിൽ കളിക്കുന്ന ബാറ്റ്സ്മാനു പറഞ്ഞിട്ടുള്ള പ്രധാന ഷോട്ടുകൾ. ടെസ്റ്റ് ക്രിക്കറ്റും ഒരു പരിധിവരെ ഏകദിന ക്രിക്കറ്റും വി ഷോട്ടുകളെ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ട്വന്റി20യുടെ വരവോടെ ക്രോസ് ബാറ്റ് ഷോട്ടുകൾ കളം പിടിച്ചു. അതിന്റെ സ്വാധീനം ടെസ്റ്റ് ക്രിക്കറ്റിലും പ്രകടമാണ്. പക്ഷേ, മിതാലി അന്നും ഇന്നും ‘വി’യിൽ കളിക്കാൻ താൽപര്യപ്പെടുന്നു. വല്ലപ്പോഴും കട്ട് ഷോട്ടുകൾ കളിക്കുമെങ്കിലും പുൾ ഷോട്ട്, സ്ലോഗ് സ്വീപ് തുടങ്ങിയ ഷോട്ടുകൾ മിതാലി പരീക്ഷിക്കാറേ ഇല്ല. അതുകൊണ്ടുതന്നെ ട്വന്റി20ൽ മിതാലിക്കു ശോഭിക്കാൻ സാധിക്കില്ലെന്നും വിമർശനമുയർന്നു.


• 🔹പുതിയ തലമുറയും മിതാലിയും


മിതാലിയുടെ മെല്ലെപ്പോക്ക് കൂടുതൽ വിമർശിക്കപ്പെടാൻ തുടങ്ങിയത് ഹർമൻപ്രീത് കൗർ, സ്മൃതി മന്ഥന, ഷഫാലി വർമ തുടങ്ങിയ വെടിക്കെട്ടു താരങ്ങളുടെ വരവോടുകൂടിയാണ്. അതുവരെ 70നു മുകളിൽ സ്ട്രൈക് റേറ്റോടെ കളിക്കുക എന്നത് ഇന്ത്യൻ വനിതാ താരങ്ങൾക്ക് സ്വപ്നം മാത്രമായിരുന്നു. ഹർമനും സ്മൃതിയും സ്ട്രൈക്ക് റേറ്റ് നൂറിൽ എത്തിക്കാമെന്നു തെളിയിച്ചു. പക്ഷേ, ഷഫാലി എന്ന പോക്കറ്റ് ഡൈനമൈറ്റ് 100ൽ കുറഞ്ഞ സ്ട്രൈക് റേറ്റേ വേണ്ടെന്ന മട്ടിലാണ് ബാറ്റ് വീശുന്നത്. ട്വന്റി20യുടെ സ്വാധീനമാണ് ഇവരെയെല്ലാം സ്ട്രൈക് റേറ്റിൽ കൂടുതൽ ശ്രദ്ധിക്കാൻ പ്രേരിപ്പിച്ചത്. അപ്പോഴും മിതാലി ‘വി’ വിട്ടൊരു കളിക്കു തയാറായില്ല, അതിന്റെ പേരിൽ എത്ര വിമർശനം കേട്ടിട്ടും. എന്നാൽ സ്ട്രൈക് റേറ്റിനു പിന്നാലെ പോയവർ സ്ഥിരത പുലർത്താൻ മറന്നപ്പോൾ ‘പഴയ സ്കൂൾ’ എന്ന പഴികേട്ട മിതാലി ടീമിന്റെ നട്ടെല്ലായി മാറി. അതിനുള്ള തെളിവായിരുന്നു ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ തുടർച്ചയായ അർധ സെഞ്ചുറികൾ.


• 🔹വീഴ്ച


മെല്ലെപ്പോക്കിന്റെ പേരിലും വനിതാ ക്രിക്കറ്റ് ടീം പരിശീലകൻ രമേഷ് പവാറുമായുള്ള പ്രശ്നങ്ങളുടെ പേരിലും മിതാലിയുടെ കരിയർ ആടിയുലഞ്ഞ സമയമുണ്ടായിരുന്നു. 2018ൽ രമേഷ് പവാർ ടീമിന്റെ മുഖ്യ പരിശീലകനായി വന്നതോടെയായിരുന്നു ഇതിനു തുടക്കം. അതുവരെ ടീമിന്റെ എല്ലാമെല്ലാം ആയിരുന്ന മിതാലിയെ 2018 ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിനു തൊട്ടുമുൻപ് പ്ലെയിങ് ഇലവനിൽ നിന്ന് ഒഴിവാക്കി. അതിനു മുൻപുള്ള മത്സരങ്ങളിൽ രണ്ട് അർധ സെഞ്ചുറികൾ നേടിയിരിക്കെയാണ് ഈ തീരുമാനമെന്നോർക്കണം. സെമിയിൽ ഇന്ത്യ ഇംഗ്ലണ്ടിനോട് ദയനീയമായി തോറ്റു.


അതോടെ മിതാലിയെ പുറത്തിരുത്തിയ തീരുമാനം വിമർശിക്കപ്പെട്ടു. മിണ്ടാതിരിക്കാൻ മിതാലിയും കൂട്ടാക്കിയില്ല. രമേഷ് പവാർ തന്നെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നതായും സെമി ഫൈനൽ മത്സരത്തിൽ നിന്നു തന്നെ പുറത്താക്കിയ തീരുമാനം എങ്ങനെ ന്യായീകരിക്കാനാകുമെന്നും ഉൾപ്പെടെ ചോദിച്ച് ബിസിസിഐക്കു മിതാലി കത്തെഴുതി. അതോടെ വിവാദം കൊഴുത്തു. വൈകാതെ പവാർ പരിശീലക സ്ഥാനത്തു നിന്നു മാറി. ഈ കാലയളവിൽ വളരെ അധികം സമ്മർദം അനുഭവിച്ചിരുന്നതായും അതായിരിക്കാം ചിലപ്പോൾ തന്റെ ഫോമിനെ ബാധിച്ചതെന്നും മിതാലി പറഞ്ഞിട്ടുണ്ട്. 3 വർഷത്തിനിപ്പുറം പവാർ വീണ്ടും പരിശീലകനായി എത്തിയപ്പോൾ ‘കഴിഞ്ഞതു കഴിഞ്ഞു, അതിലേക്കു തിരിച്ചുപോകുന്നതിൽ അർഥമില്ല’ എന്നായിരുന്നു മിതാലി പ്രതികരിച്ചത്.


• 🔹ഒന്നാമത്, എന്നും


നീണ്ട 3 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് മിതാലി ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തുന്നത്. 2018 ഫെബ്രുവരിയിലായിരുന്നു ഇതിനു മുൻപ് മിതാലിയെ ഒന്നാമതായി കണ്ടത്. എന്നാൽ കരിയറിൽ 8 തവണ മിതാലി ഈ പട്ടികയുടെ തലപ്പത്തെത്തിയിട്ടുണ്ട്. 16 വർഷത്തോളം ഈ പട്ടികയിലെ ആദ്യ പത്തിൽ മിതാലിയുടെ പേര് ഇടം പിടിച്ചു. തന്റെ ഇരുപത്തിരണ്ടാം വയസ്സിൽ ഏകദിന റാങ്കിങ്ങിൽ ഒന്നാമതെത്തിയപ്പോഴുള്ള അതേ ആവേശം ഇന്ന്, ഈ മുപ്പത്തിയെട്ടാം വയസ്സിലെ നേട്ടത്തിലും മിതാലിയുടെ മുഖത്ത് കാണാം.• 🔹താലിയാ, മിതാലിവിമർശനങ്ങൾക്ക് മുഖം കൊടുക്കാത്ത, ബാറ്റിങ്ങിനു തൊട്ടു മുൻപും പുസ്തകം വായിക്കാൻ സമയം കണ്ടെത്തുന്ന, ഏകദിന ലോകകപ്പിൽ തുടർച്ചയായി 7 അർധ സെഞ്ചുറികൾ നേടിയ, 21 വർഷമായി ഇന്ത്യൻ വനിതാ ക്രിക്കറ്റിനെ ചുമലിലേറ്റുന്ന, ‘ ലേഡി തെൻഡുൽക്കർ’ എന്നു വിളിക്കുന്നവരെ വനിതാ ക്രിക്കറ്റിലെ മിതാലി രാജ് എന്ന് വിളിക്കണമെന്നോർമിപ്പിച്ച പത്മശ്രീ മിതാലി രാജ്, നിങ്ങൾ എന്നും കയ്യടി അർഹിക്കുന്നു, താലിയാ (കയ്യടികൾ) മിതാലി.


Post a Comment

0 Comments