Flash News

6/recent/ticker-posts

നാല്പതുകളിൽ എത്തിയ എല്ലാ സ്ത്രീകളും ചെയ്യേണ്ട 5 പരിശോധനകൾ..!!!

Views
നാല്പതുകളിൽ എത്തിയ എല്ലാ സ്ത്രീകളും ചെയ്യേണ്ട 5 പരിശോധനകൾ..!!!

പ്രായം കൂടുന്തോറും  ശരീരത്തിന് പല മാറ്റങ്ങളും വന്നു ചേരും. രൂപപരമായ മാറ്റങ്ങളെക്കുറിച്ച് മാത്രമല്ല പറഞ്ഞുവരുന്നത്. ഹോർമോണുകളിലും സമ്മർദ തോതിലും ഒക്കെ ഉണ്ടാകുന്ന മാറ്റങ്ങൾ ആന്തരിക സംവിധാനത്തെ തകിടം മറിക്കും. സ്ത്രീകളെ സംബന്ധിച്ചിടത്തോളം നാൽപതുകൾ ആർത്തവവിരാമത്തിനു മുൻപുള്ള പെരിമെനോപോസ് ഘട്ടമാണ്. ഇതവരിൽ പലതരത്തിലുള്ള രോഗങ്ങൾ പ്രത്യക്ഷപ്പെടുന്ന കാലം കൂടിയാണ്. 40ന് ശേഷം പല സ്ത്രീകളിലും കണ്ടുവരുന്ന പ്രശ്നങ്ങളാണ് ഹൃദ്രോഗം, സ്തനാർബുദം,  ഓസ്റ്റിയോപോറോസിസ് തുടങ്ങിയവ. നിരന്തരമായ ആരോഗ്യ പരിശോധനകൾ നേരത്തെയുള്ള രോഗ നിർണയത്തിനും രോഗങ്ങൾ തീവ്രമാകാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും. നാല്പതുകളിൽ സ്ത്രീകൾ നിർബന്ധമായും ചെയ്തിരിക്കേണ്ട 5 ആരോഗ്യ പരിശോധനകൾ ഇവയാണ്:

1. രക്തസമ്മർദ പരിശോധന 

രക്തസമ്മർദം ഉയരുന്നത് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും എല്ലാമുള്ള സാധ്യത വർധിപ്പിക്കും. ഭക്ഷണ ശീലത്തിലും ജീവിതശൈലിയിലും വരുത്തുന്ന ചെറിയ മാറ്റങ്ങളിലൂടെ തുടക്കത്തിൽ  ശ്രദ്ധിച്ചാൽ രക്തസമ്മർദം നിയന്ത്രിച്ചു നിർത്താൻ കഴിയും. നിത്യവുമുള്ള വ്യായാമവും സഹായകമാണ്. രക്തസമ്മർദം  അനിയന്ത്രിതമായി ഉയരുന്ന അവസ്ഥയിൽ മാത്രമേ മരുന്നുകൾ ആവശ്യമായി വരൂ.

2. സ്തനാർബുദ പരിശോധന

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും ബാധിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള രണ്ട് അർബുദങ്ങളാണ് സ്തനാർബുദവും സെർവിക്കൽ കാൻസറും. രണ്ടാഴ്ച കൂടുമ്പോൾ വീട്ടിൽതന്നെ സ്തനങ്ങൾ പരിശോധിച്ച് മുഴകൾ ഒന്നും രൂപം കൊള്ളുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടതാണ്. വർഷത്തിലൊരിക്കൽ മാമോഗ്രാമും  പാപ് സ്മിയർ പരിശോധനയും ചെയ്തു നോക്കണം.

3 ഓസ്റ്റിയോപോറോസിസ്

നാല്പതുകളിൽ എത്തുമ്പോൾ സ്ത്രീകളുടെ  ശരീരത്തിൽ ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കുറഞ്ഞ് വരും. ഇത് എല്ലുകളില്‍ കാല്‍സ്യം അടിയുന്നതിനെ ബാധിക്കുകയും ഓസ്റ്റിയോപോറോസിസിലേക്ക് നയിക്കുകയും ചെയ്യും. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഓസ്റ്റിയോപോറോസിസ് അധികമായി കണ്ടുവരുന്നത്. എല്ലുകളുടെ സാന്ദ്രത അറിയാൻ  ഡെക്സ് സ്കാൻ സഹായകമാണ്.

4. പ്രമേഹ പരിശോധന

തങ്ങളുടെ ഇരുപതുകളിലും മുപ്പതുകളിലും ഭക്ഷണ ശീലത്തെക്കുറിച്ച് വലിയ ശ്രദ്ധ പുലർത്താത്തവർ നാൽപതുകളിൽ പ്രമേഹബാധിതരാകാനുള്ള  സാധ്യത കൂടുതലാണ്. അമിതവണ്ണമുള്ള സ്ത്രീകള്‍, ഗര്‍ഭിണികള്‍, ശാരീരികമായി അധികം അധ്വാനം ആവശ്യമില്ലാത്ത ജോലികള്‍ ചെയ്യുന്ന സ്ത്രീകള്‍, കുടുംബത്തില്‍ പ്രമേഹമുള്ള സ്ത്രീകള്‍ തുടങ്ങിയവർക്കും പ്രമേഹ  സാധ്യതയുണ്ട്. 40ന് ശേഷം  ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും പ്രമേഹ പരിശോധന നടത്തുന്നത് നന്നായിരിക്കും.

5. ലിപിഡ് പ്രൊഫൈൽ

ഉയർന്ന കൊളസ്ട്രോൾ തോത് ഹൃദ്രോഗത്തിലേക്കും പക്ഷാഘാതത്തിലേക്കും നയിക്കാം. വിശദമായ ലിപിഡ് പ്രൊഫൈൽ എടുത്തു നോക്കിയ ശേഷം ഡോക്ടറുടെ നിർദേശപ്രകാരമുള്ള മാറ്റങ്ങൾ ഭക്ഷണത്തിലും ജീവിതശൈലിയിലും വരുത്തേണ്ടതാണ്. ഒരു ഡെസി ലിറ്ററിൽ 200 മില്ലിഗ്രാമിൽ താഴെയാണ് കൊളസ്ട്രോൾ തോത് നിൽക്കേണ്ടത്.


Post a Comment

0 Comments