Flash News

6/recent/ticker-posts

കാലം തെറ്റിയ കാലവര്‍ഷം സംസ്‌ഥാനത്തു പെയ്‌തൊഴിയാന്‍ ഒരുങ്ങുന്നു....!!!

Views
കാലം തെറ്റിയ കാലവര്‍ഷം സംസ്‌ഥാനത്തു പെയ്‌തൊഴിയാന്‍ ഒരുങ്ങുന്നു....!!!


മണ്‍സൂണ്‍ ഇടവേളയ്‌ക്കുശേഷം വീണ്ടും മഴയ്‌ക്ക്‌ അനുകൂലസാഹചര്യം രൂപപ്പെട്ടതോടെ ആശങ്കയുമുയരുന്നു. 2019-ലേതിനു സമാനമായ സാഹചര്യമാണു സംജാതമായിരിക്കുന്നതെന്ന്‌ ഒരുവിഭാഗം കാലാവസ്‌ഥാനിരീക്ഷകര്‍ പറയുന്നു. എന്നാല്‍, ഔദ്യോഗികസ്‌ഥിരീകരണമായില്ല. വരുംദിവസങ്ങളില്‍ അതിതീവ്രമഴയുടെ മുന്നറിയിപ്പാണു കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം നല്‍കിയത്‌. നാെളയോടെ കര്‍ണാടകയ്‌ക്കും ഗോവയ്‌ക്കുമിടയിലുള്ള കാലവര്‍ഷപ്പാത്തി കേരളത്തിനടുത്ത്‌ എത്തുന്നതോടെ കാറ്റ്‌ ശക്‌തിയാര്‍ജിച്ച്‌ 14 മുതല്‍ മഴ കനക്കുമെന്നാണു നീരീക്ഷണം. ഇന്നലെ മുതല്‍ പലയിടങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴ ലഭിച്ചുതുടങ്ങി.2019-നുശേഷം ആദ്യമായാണു സംസ്‌ഥാനത്തു കാലവര്‍ഷം ഇത്ര ദുര്‍ബലമാകുന്നത്‌. എന്നാല്‍, വരുംദിവസങ്ങളില്‍ ഈ മഴക്കുറവ്‌ നികത്തപ്പെടുമെന്നാണു സൂചന. പ്രളയസാധ്യതയും തള്ളിക്കളയാനാവില്ല. കാലവര്‍ഷം ആരംഭിച്ച ജൂണ്‍ ഒന്നുമുതല്‍ ഇതുവരെ 50% മഴക്കുറവാണുണ്ടായത്‌. പ്രതീക്ഷിച്ചതിലുമേറെ വേനല്‍മഴ കിട്ടിയതിനാല്‍ സംസ്‌ഥാനത്തെ കാര്യമായി ബാധിച്ചില്ലെന്നു മാത്രം.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തില്‍നിന്ന്‌ ആരംഭിച്ച്‌, കേരളത്തിലൂടെ ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളില്‍ 38 ദിവസം യാത്ര ചെയ്‌ത്‌ രാജസ്‌ഥാനില്‍ അവസാനിക്കുന്ന കാലാവസ്‌ഥാപ്രതിഭാസമാണു മണ്‍സൂണ്‍. എല്ലാവര്‍ഷവും ജൂണ്‍ തുടക്കത്തിലാണു മണ്‍സൂണ്‍ (തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം) കേരളത്തിലെത്തുന്നത്‌. തുലാവര്‍ഷത്തേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുന്നതു കാലവര്‍ഷത്തിലാണ്‌. എന്നാല്‍, ഇക്കുറി കാലവര്‍ഷം അവസാനിക്കാറായിട്ടും പകുതി മഴ പോലും ലഭിച്ചില്ല. കഴിഞ്ഞ രണ്ടുവര്‍ഷമായി ജൂണ്‍, ജൂലൈ മാസങ്ങളില്‍ മഴ കുറയുകയും ഓഗസ്‌റ്റ്‌, സെപ്‌റ്റംബര്‍ മാസങ്ങളില്‍ കൂടുകയുമാണു പതിവ്‌.
ജൂണില്‍ ശരാശരി ലഭിക്കേണ്ടത്‌ 643 മില്ലിമീറ്റര്‍ മഴയാണ്‌. 39 വര്‍ഷത്തിനിടെ ഏറ്റവും കുറവ്‌ മഴ ലഭിച്ച മൂന്നാമത്തെ ജൂണാണു കടന്നുപോയത്‌- 408.4 മില്ലിമീറ്റര്‍ (36% കുറവ്‌). ഇതിനു മുമ്ബ്‌ 1983 (322.8 മി.മീ), 2019 ( 358.5 മി.മീ) വര്‍ഷങ്ങളിലാണ്‌ ജൂണില്‍ ഏറ്റവും കുറവ്‌ മഴ ലഭിച്ചത്‌. 2013-ലാണ്‌ ജൂണില്‍ ഏറ്റവും കൂടുതല്‍ മഴ കിട്ടിയത്‌-1042.7 മില്ലിമീറ്റര്‍. ജൂലൈയിലും ഇതുവരെ മഴക്കുറവാണ്‌. കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുപ്രകാരം പാലക്കാട്‌, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലാണ്‌ ഏറ്റവും മഴ കുറഞ്ഞത്‌. ഈ ജില്ലകളില്‍ 70% മഴ കുറഞ്ഞു. കോട്ടയം ജില്ലയിലാണു കൂടുതല്‍ മഴ ലഭിച്ചത്‌. അവിടെയും 25% കുറവുണ്ട്‌. മലയോരജില്ലകളായ വയനാട്‌ 60%, ഇടുക്കി 50% എന്നിങ്ങനെയാണു മഴക്കുറവ്‌. പകല്‍ കടുത്ത വെയിലും ഉഷ്‌ണവുമാണു മിക്ക ജില്ലയിലും അനുഭവപ്പെടുന്നത്‌.
കാലവര്‍ഷക്കാറ്റിന്റെ സഞ്ചാരദിശയില്‍ പെട്ടന്നുണ്ടായ വ്യതിയാനമാണു മഴ കുറയാന്‍ കാരണം.

🔴നാളെ കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളില്‍ റെഡ്‌ അലെര്‍ട്ട്‌..

തിരുവനന്തപുരം: കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം അതീതീവ്രമഴ പ്രവചിച്ചതോടെ വിവിധ ജില്ലകളില്‍ റെഡ്‌, ഓറഞ്ച്‌, യെലോ അെലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. നാളെ കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളില്‍ റെഡ്‌ അലെര്‍ട്ട്‌. ഇന്ന്‌ ഇടുക്കി, മലപ്പുറം, കോഴിക്കോട്‌, കണ്ണൂര്‍ ജില്ലകളിലും നാളെ മലപ്പുറം, കോഴിക്കോട്‌, വയനാട്‌ ജില്ലകളിലും 12-നു കണ്ണൂരും ഓറഞ്ച്‌ അെലര്‍ട്ട്‌. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്‌. ഇന്നു മുതല്‍ 12 വരെ കേരളതീരത്തുനിന്നു കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്‌.

🟡യെലോ അലെര്‍ട്ട്‌

ഇന്ന്‌ പത്തനംതിട്ട, കോട്ടയം, എറണാകുളം.
നാളെ ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്‌. 12-ന്‌ കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട്‌, കാസര്‍ഗോഡ്‌. 13-ന്‌ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌.


Post a Comment

0 Comments