Flash News

6/recent/ticker-posts

അനന്യയുടെ മരണത്തെ തുടര്‍ന്ന് എന്താണ് ലിംഗമാറ്റ ശസ്ത്രക്രിയ എന്നതും സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയാവുകയാണ്. അതീവ സങ്കീര്‍ണ്ണമായ, വര്‍ഷങ്ങള്‍ നീണ്ട ഒരു പക്രിയയാണ് ഇതെന്ന് പലരും മനസ്സിലാക്കുന്നുമില്ല.

Views

ആദ്യം ലിംഗവും വൃഷ്ണവും നീക്കും; യോനി തുന്നിപ്പിടിപ്പിക്കും; ലിംഗമാറ്റ ശസ്ത്ര ക്രിയ അതിസങ്കീര്‍ണം..!!




✒️ എഴുതുന്നത് എം റിജു

വേദന തിന്ന് തിന്നുള്ള മരണം. ട്രാന്‍സ്ജെന്‍ഡര്‍ ആക്്റ്റീവിസ്റ്റും മാധ്യമ പ്രവര്‍ത്തകയും റേഡിയോ ജോക്കിയുമായ അന്യകുമാരി അലക്സിന്റെ ആത്്മഹത്യ ഒരു നടുക്കമായി സോഷ്യല്‍ മീഡിയയില്‍ അടക്കം നിറയുകയാണ്. ആത്മഹത്യചെയ്യുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ അനന്യ പറഞ്ഞിരുന്നത് ലിംഗമാറ്റ ശസ്ത്രക്രിയ പരാജയമായതിനെ തുടര്‍ന്ന് തനിക്കുണ്ടായ അതിതീവ്രമായ വേദനയെക്കുറിച്ചുമായിരുന്നു. ഇതേ തുടര്‍ന്നാണ് അവള്‍ ജീവനൊടുക്കിയത് എന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്.


കുറച്ചു ദിവസം മുമ്പ് ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ അനന്യകുമാരി അലക്സ് ഇങ്ങനെ പറയുന്നു. -‘വിജയകരമായി നടക്കേണ്ട ലിംഗമാറ്റ ശസ്ത്രക്രിയയയായിരുന്നു എന്റേത്. കൊല്ലം ജില്ലക്കാരിയായ ഞാന്‍ 28വയസുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയാണ്. റേഡിയോ ജോക്കിയും അവതാരകയുമായ എനിക്ക് ഇന്ന് ഒരു ജോലിയും ചെയ്യാനാകുന്നില്ല. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും ആകുന്നില്ല. ലിംഗമാറ്റ ശസ്ത്രക്രിയ എറണാകുളം റെനെ മെഡിസിറ്റിയില്‍ നിന്നാണ് ചെയ്തത്.ശസ്ത്രക്രിയയില്‍ പിഴവുണ്ടായി. അത് ഡോക്ടറും സമ്മതിച്ചിരുന്നു.


ഡോ.അര്‍ജുന്‍ അശോകനെന്ന സര്‍ജനാണ് 2020 ജൂണ്‍ 14ന് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തത്. ഒരു വര്‍ഷവും ഒരു മാസവും പിന്നിടുമ്പോഴും ഒരു സമയത്തിനപ്പുറം എഴുന്നേറ്റ് നില്‍ക്കാനോ, ഉറക്കെ തുമ്മാനോ പൊട്ടിക്കരയാനോ കഴിയുന്നില്ല. ശസ്ത്രക്രിയ ചെയ്ത് തരാമെന്ന ഉറപ്പില്‍ ഡോക്ടറെ സമീപിച്ച എനിക്ക് മെഡിക്കല്‍ നെഗ്ലിജന്‍സ് ആണ് ഉണ്ടായത്. സമാനമായി ശസ്ത്രക്രിയയില്‍ പരാജയപ്പെട്ട് ഗുരുതര പ്രശ്‌നം നേരിടുന്ന മറ്റ് പലരും ഉണ്ട്. എട്ട് മുതല്‍ പന്ത്രണ്ട് വരെ സാനിറ്ററി നാപ്കിന്‍ മാറ്റണം, അതിന് പോലും പൈസയില്ല. ഞാനിന്ന് ബോള്‍ഡ് ആയി സംസാരിക്കുന്നത് എനിക്ക് ജീവിക്കണം എന്നുള്ളത് കൊണ്ടാണ്. പണത്തിന് വേണ്ടി എന്തിനാണ് ഒരു ഗതിയും പരഗതിയും ഇല്ലാത്തവരെ ഇങ്ങനെ ദ്രോഹിക്കുന്നത്.’- അന്യന്യ അലക്സ് പറയുന്നു.


അനന്യയുടെ മരണത്തെ തുടര്‍ന്ന് എന്താണ് ലിംഗമാറ്റ ശസ്ത്രക്രിയ എന്നതും സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയാവുകയാണ്. അതീവ സങ്കീര്‍ണ്ണമായ, വര്‍ഷങ്ങള്‍ നീണ്ട ഒരു പക്രിയയാണ് ഇതെന്ന് പലരും മനസ്സിലാക്കുന്നുമില്ല.


എന്താണ് ലിംഗമാറ്റ ശസ്ത്രക്രിയ 

ജന്മനാ ആണോ പെണ്ണോ ആയ ഒരാളെ മറ്റേ ലിംഗത്തിലേക്കോ , അല്ലെങ്കില്‍ വ്യക്തമായ ലിംഗം ഇല്ലാത്ത ഒരാളെ (intersex) ഏതെങ്കിലും ഒരു പ്രത്യേക ലിംഗത്തിലേക്കോ ശസ്ത്രക്രിയ വഴി മാറ്റുന്നതാണ് ലിംഗമാറ്റ ശസ്ത്രക്രിയ ( sex reassignment surgery -SRS) അഥവാ എസ്.ആര്‍.എസ് എന്ന് പറയുന്നത്


പ്രധാനമായും രണ്ടു വിഭാഗങ്ങള്‍ക്കാണ് ഈ ശസ്ത്രക്രിയ ചെയ്യുന്നത്.
ഒന്ന് ജന്മനാ വ്യക്തമായ ലിംഗം ഇല്ലാത്ത (inter sex) കുട്ടികള്‍ക്ക്. ഇത്തരക്കാരെ ചെറുപ്പത്തിലെ തന്നെ ഏതെങ്കിലും പ്രത്യേക ലിംഗത്തിലേക്ക് സര്‍ജറി വഴി മാറ്റുകയാണ് ചെയുന്നത്. സാധാരണയായി സ്ത്രീ ലിംഗത്തിലേക്ക് ആണ് ഇത്തരം മാറ്റം നടത്തുക. ഈ സര്‍ജറി പൊതുവേ എളുപ്പമായതുകൊണ്ടും കൂടുതല്‍ വിജയകരം ആയതുകൊണ്ടും ആണ് ഇത് .ഇപ്പോളത്തെ കാഴ്ചപ്പാട് അനുസരിച്ച് കുട്ടി വലുതായി സ്വയം ഏതു ലിംഗമായി തന്നെ കരുതുന്നുവോ ആ വിഭാഗത്തിലേക്ക് മാറ്റുന്നതാണ് ഭാവിയിലേക്ക് നല്ലത് എന്നാണ് വിദഗ്ധര്‍ പറയുന്നത്.


 ഓടിച്ചെന്നാല്‍ ചെയ്യാന്‍ കഴിയില്ല


ജന്മനാ ഏതെങ്കിലും വ്യക്തമായ ലിംഗം ഉള്ള ഒരാള്‍ അതിന്റെ എതിര്‍ വിഭാഗം ആയി മാറാന്‍ അതിയായി ഇഷ്ടപെടുന്ന (gender identification disorder or sexual dysphoria) അവസ്ഥ ഉള്ളവരിലാണ് ഇത് ചെയ്യുന്നത്. പൊതുവേ ട്രാന്‍സ് ജെന്‍ഡര്‍ ആള്‍ക്കാരില്‍ ഈ അവസ്ഥ ഉണ്ട്. കൂടാതെ സ്വവര്‍ഗ രതി ഇഷ്ടപെടുന്ന ചിലരിലും ഈ അവസ്ഥ കാണാറുണ്ട് . ഇവരില്‍ രണ്ടു തരത്തില്‍ ഉള്ള മാറ്റങ്ങള്‍ സാധ്യമാണ്. പുരുഷനില്‍ നിന്ന് സ്ത്രീ രൂപത്തിലേക്കും ( male to female ), സ്ത്രീയില്‍ നിന്ന് പുരുഷ രൂപത്തിലേക്കും ( female to male ). ഇതില്‍ മെയില്‍ ടു ഫീമെയില്‍ സര്‍ജറി താരതമ്യേന എളുപ്പമുള്ളതാണ്. ശസ്ത്രക്രിയക്കു ശേഷമുള്ള ഇത്തരക്കാരുടെ റിസള്‍ട്ടും മികച്ചതാണ . ഫീമെയില്‍ ടു മെയില്‍ ശസ്ത്രക്രിയ കൂടുതല്‍ ശ്രമകരമാണ്.


ആര്‍ക്കെങ്കിലും ഓടി ഒരു ആശുപത്രിയില്‍ ചെന്ന് എന്നെ ആണാക്കണം എന്നോ പെണ്ണാക്കണം എന്നോ ആവശ്യപ്പെട്ടാല്‍ ഇത് ചെയ്തു കിട്ടില്ല. മാനസിക രോഗ വിദഗ്ധന്‍ തുടര്‍ച്ചയായ പരിശോധനകള്‍ നടത്തി, ഒരു വ്യക്തിക്ക് നിലവിലുള്ള ജെന്‍ഡറില്‍ തുടരുന്നത് മാനസികമായി ബുദ്ധിമുട്ടു ഉണ്ടാക്കും എന്ന് കണ്ടെത്തി സര്‍ജറി ചെയ്യുന്നതിലോടെ ഇതിനു കുറവുണ്ടാകും എന്ന് ഉറപ്പു പറയണം. വിദഗ്ദ്ധരായ ഒരുപറ്റം ഡോക്ടരുമാരുടെ പരിശ്രമം ഈ ശസ്ത്രക്രിയക്കു ആവശ്യമാണ്.


മാനസികാരോഗ്യം നിര്‍ബന്ധം

ഇതിലെ ഒരു പ്രധാന റോള്‍ വഹിക്കുന്ന വ്യക്തി മാനസികാരോഗ്യവിഥദഗ്ധനാണ് . ഒരു വ്യക്തിക്ക് ഈ പറയുന്ന മാനസിക അവസ്ഥ ഉണ്ടെന്നു കണ്ടെത്തുന്നതും അത് ഉറപ്പിക്കുന്നതും, ഒപ്പം ഇത്തരത്തില്‍ ഒരു ശസ്ത്രക്രിയ അവരുടെ മാനസിക അവസ്ഥയ്ക്കും ഭാവിയിലും ഗുണം ചെയ്യുമോ എന്നും ഉള്ള നിര്‍ണയം നടത്തുന്നത് അദ്ദേഹമാണ്. ശസ്ത്രക്രിയക്ക് ഒരുങ്ങുന്നതിനു മുന്‍പും പിന്‍പും മാനസികമായ മുന്നൊരുക്കങ്ങള്‍ കൊടുക്കുന്നതും ഈ ഡോക്ടര്‍ ആണ് . ഈ വ്യക്തിയെ പരിചരിക്കുന്ന മാനസികാരോഗ്യ ഡോക്ടറുടെ നിര്‍ദേശം ഉണ്ടെങ്കില്‍ മാത്രമേ ഇത്തരം ഒരു ശസ്ത്രക്രിയക്കു ഉള്ള തീരുമാനം എടുക്കുകയുള്ളൂ . ഈ വ്യക്തിയുടെ കുടുംബാങ്ങള്‍ക്കും വിധഗ്ത ഉപദേശങ്ങളും നിര്‍ദേശങ്ങളും ആവശ്യമാണ്. ഇത്തരം വ്യക്തികള്‍ വര്‍ഷങ്ങളായി തന്നെ എതിര്‍ ലിംഗക്കാരുടെ സ്വഭാവ രീതികളും, വസ്ത്ര ധാരണവും ഒക്കെ ഉള്ളവര്‍ ആയിരിക്കും . അങ്ങനെ അല്ലാത്തവര്‍ക്ക് ഈ പരിശീലനവും ലഭിക്കേണ്ടതുണ്ട് .


 ഹോര്‍മോണ്‍ ചികിത്സ നിര്‍ബന്ധം

ഒരു എന്‍ഡോക്രൈനോളജിസ്റ്റ് ആണ് ഈ ഘട്ടത്തിന് മേല്‍നോട്ടം വഹിക്കുന്നത്. പുരുഷന്‍ ആകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് പുരുഷ ഹോര്‍മോണുകള്‍ ( testosterone) നല്‍കുകയാണ് ഈ ഘട്ടത്തില്‍ ചെയ്യുന്നത്. അതുപോലെ സ്ത്രീ ആകാന്‍ ആഗ്രഹിക്കുന്ന പുരുഷന് സ്ത്രീ ഹോര്‍മോണുകള്‍ (estrogen) നല്‍കും. പുരുഷന്റെ ശരീര പ്രകൃതി മാറി സ്ത്രീകളുടെ ശരീര സവിശേഷതകള്‍ ഉണ്ടാവാന്‍ ഇത് കാരണം ആകുന്നു. ഏകദേശം ഒരു വര്‍ഷത്തോളം ഈ ചികിത്സ നീണ്ടു നില്‍ക്കും .


ഇതിനുശേഷം ഈ സര്‍ജറിക്ക് വേണ്ട മാനസിക ശാരീരിക മുന്നൊരുക്കങ്ങളും , മറ്റു അനുകൂല സാഹചര്യങ്ങളും ഉണ്ടെങ്കില്‍ മാത്രമേ ലിംഗമാറ്റ ശസ്ത്രക്രിയയുമായി മുന്നോട്ടു പോകുകയുള്ളൂ. പല ഘട്ടങ്ങള്‍ ആയാണ് ഈ സര്‍ജറി നടക്കുന്നത് .

 പുരുഷന്‍ സ്ത്രീ ആകുമ്പോള്‍

പുരുഷ ലിംഗവും വൃഷ്ണവും എടുത്തു മാറ്റുകയാണ് (penectomy and orchiectomy).തുടര്‍ന്ന് അടുത്ത ഘട്ടത്തില്‍ സ്ത്രീകളുടെ സവിശേഷ അവയവമായ യോനി പുരുഷനില്‍ രൂപപ്പെടുത്തി എടുക്കുകയാണ് – surgical reconstruction of vagina. ഇതിനു penile inversion, sigmoid colon neovagina technique തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ ഉണ്ട് . പുരുഷ ലിംഗത്തിന്റെ ഒരു ഭാഗം രൂപഭേദം വരുത്തി ഈ പുതിയ യോനിയില്‍ നിലനിര്‍ത്തും ( സ്ത്രീകളില്‍ ഉദ്ധാരണം ഉണ്ടാവാന്‍ വേണ്ടി ). തുടര്‍ന്ന് ഹോര്‍മോണ്‍ ചികില്‍സ തുടരും , അതോടെ സ്ത്രീകളുടെ ശരീര സവിശേഷതകള്‍ പതിയെ വന്നു തുടങ്ങും. സ്തന വളര്‍ച്ച ഒക്കെ ഈ സമയത്താണ് . തുടര്‍ന്നും മാനസിക പരിചരണം ആവശ്യമാണ് . നിലവില്‍ ഇത്തരം സര്‍ജറി കഴിഞ്ഞാല്‍ ഗര്‍ഭ ധാരണം സാധ്യമല്ല , എന്നാല്‍ ഭാവിയില്‍ ഇതു സാധ്യമാക്കാന്‍ ഉള്ള പഠനങ്ങള്‍ നടക്കുകയാണ്

 സ്ത്രീ പുരുഷന്‍ ആകുമ്പോള്‍

പ്രാവര്‍ത്തികമായി ബുദ്ധിമുട്ടുള്ള പ്രക്രിയ ആണിത് . ആദ്യപടി ആയി സ്തനങ്ങള്‍ എടുത്തുമാറ്റുകയാണ് ചെയ്യുന്നത്
( mastectomy) ,തുടര്‍ന്ന് ഗര്‍ഭ പാത്രവും , അണ്ഡാശയവും എടുത്തു മാറ്റുകയാണ്
( hysterectomy+ salpingo oopherectomy). തുടര്‍ന്ന് യോനി രൂപമാറ്റം വരുത്തുകയും
 ( vaginectomy) , അവസാനമായി ഏറ്റവും ബുദ്ധിമുട്ട് ഉള്ള , ആണ്‍ ലിംഗം ഉണ്ടാക്കിയെടുക്കുന്ന പ്രക്രിയ ( phalloplasty) നടത്തുന്നു .കാലിലെ പേശികളില്‍ നിന്നാണ് പലപ്പോഴും പുരുഷ ലിംഗം സൃഷ്ടിച്ചത് .അതുപോലെ കൈയില്‍ നിന്നും അല്ലെങ്കില്‍ കൃത്രിമ ഇമ്പ്ലാന്റ് ഉപയോഗിച്ചും ഇത് സാധ്യമാകും . തുടര്‍ന്ന് ആണ്‍ ഹോര്‍മോണ്‍ ചികിത്സ തുടരുന്നു .


ശസ്ത്രക്രിയക്ക് ശേഷം ഉള്ള അവസ്ഥ ? 

പഠനങ്ങള്‍ പറയുന്നത് സര്‍ജറിക്ക് ശേഷം ഇവരില്‍ പ്രത്യേകിച്ച് സ്ത്രീ ആയി മാറിയവരില്‍ മാനസിക സംഘര്‍ഷങ്ങള്‍ കുറവാണ് എന്നാണ് . തങ്ങളുടെ വ്യക്തിത്വം നിലനിര്‍ത്താന്‍ ഇത് സഹായിച്ചു എന്നാണ് പലരുടേയും അഭിപ്രായം . മികച്ച ലൈംഗിക ജീവിതവും ഇവര്‍ക്ക് ലഭിക്കുന്നു എന്ന് പഠനങ്ങള്‍ പറയുന്നു . പൊതു സമൂഹം ഇവരെ അംഗീകരിക്കാനും സ്വീകരിക്കാനും ഇപ്പോളും മടിക്കുന്നു എന്നൊരു പ്രശ്നവും ഉണ്ട്. ഒപ്പം ചിലരിലെങ്കിലും gender dysphoria തുടരാറുണ്ട്. സര്‍ജറി കഴിഞ്ഞു ഗര്‍ഭ ധാരണം ഇപ്പോള്‍ സാധ്യമല്ല .അതുപോലെ ആണുങ്ങള്‍ ആയവരില്‍ സെമെന്‍ ഉണ്ടാവുകയുമില്ല .അതുകൊണ്ടു നിലവില്‍ ഇവര്‍ക്ക് കുട്ടികള്‍ ഉണ്ടാകാന്‍ സാധ്യത ഇല്ല. എന്നാല്‍ ഇത്തരത്തിലുള്ള പഠനങ്ങള്‍ നടക്കുകയാണ്. സമീപ ഭാവിയില്‍ തന്നെ ഈ അവസ്ഥക്ക് മാറ്റം ഉണ്ടാകും എന്ന് കരുതാം .

 നിലവിലെ നിയമങ്ങള്‍ എന്തൊക്കെ.?

നിയമപരമായി ഈ സര്‍ജറിക്ക് തടസങ്ങള്‍ ഇല്ല. എന്നാല്‍ ചില ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ ഇവര്‍ക്ക് ചികിത്സ ആനുകൂല്യങ്ങള്‍ നിഷേധിക്കാറുണ്ട് . ഇതിനെതിരെ വലിയ നിയമ യുദ്ധങ്ങള്‍ തന്നെ അമേരിക്കയില്‍ നടന്നിട്ടുണ്ട് . ലോകത്ത് ഏറ്റവും കൂടുതല്‍ ലിംഗ മാറ്റ ശസ്ത്രക്രിയ നടക്കുന്നത് തായ്ലണ്ടില്‍ ആണ്. അതിനു ശേഷം ഇറാനിലും . ഇത്തരം സര്‍ജറികള്‍ ചെയ്യാന്‍ വിദഗ്ധ പരിശീലനം ലഭിച്ചവര്‍ ഇന്ന് കുറവാണ് . ഈ പരിശീലനത്തിനും ,ഇത്തരം സര്‍ജറിക്ക് ഏകീകൃതരൂപം നല്‍കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് WORLD PROFESSIONAL ASSOCIATION FOR TRANSGENDER HEALTH( WPATH) .http://www.wpath.org/ . ഇവര്‍കാലാകാലങ്ങളില്‍ കൊണ്ടുവരുന്ന നിര്‍ദേശങ്ങാണ് പൊതുവെ പിന്‍തുടരാറുള്ളത്.

ഭാവിയില്‍ ഗര്‍ഭപാത്രം മാറ്റി വെയ്ക്കുന്നതിനും അതിലൂടെ ഇവര്‍ക്ക് ഗര്‍ഭ ധാരണം നടത്തുന്നതിനും ഉള്ള സാധ്യതകള്‍ ഉണ്ട്. പരീക്ഷണങ്ങള്‍ നടക്കുകയാണ് .ഒപ്പം പുരുഷ ലിംഗം ഉദ്ധാരണ ശേഷിയോടെ പുനര്‍ നിര്‍മ്മിക്കുന്ന പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്.


കേരളത്തില്‍ വിദഗ്ധ 
 ഡോക്ടര്‍മാര്‍ ഇല്ല.

കേരളത്തില്‍ പൊതുവെ ഇതിന് വിദഗ്ധ ഡോക്ടര്‍മാര്‍ ഇല്ല എന്നാണ് ട്രാന്‍സ് ജെന്‍ഡര്‍ കമ്യൂണിറ്റിയില്‍ പെട്ടവര്‍ പറയുന്നത്. അതുകൊണ്ടുതന്നെ അവര്‍ ചെന്നെയിലെയും, കോയമ്പത്തൂരിലെയും, ആശുപത്രികളെയാണ് പ്രധാനമായും സമീപിക്കാറ്. സര്‍ക്കാര്‍ ആശുപത്രിയില്‍ വെറും 25000 രൂപക്ക് പ്രാഥമിക ശസ്ത്രക്രിയ നടത്താന്‍ കഴിയും. എന്നാല്‍ ഇതിന് കാലതാമസവും വിദഗ്ധ ഡോക്ടര്‍മാരുടെ അഭാവവും പൊതുവെ പറഞ്ഞുകേള്‍ക്കുന്നുണ്ട്. എന്നാല്‍ സ്വകാര്യ മേഖലയിലാവട്ടെ, ശസ്ത്രക്രിയയും അനുബന്ധ ചെലവുകളും ചേര്‍ത്ത് പത്തുലക്ഷത്തോളം രൂപ ചെലവാകുമെന്നാണ് അറിയുന്നത്.


കേരളത്തില്‍ 2018ല്‍ തിരുവന്തപുരം മെഡിക്കല്‍ കോളജില്‍ നടന്ന ശസ്ത്രക്രിയയും ചരിത്രമായിരുന്നു. ഏറ്റവും ബുദ്ധിമുട്ടേറിയ പെണ്ണിനെ ആണാക്കി മാറ്റുന്ന(female to male) സര്‍ജറിയാണ് ഇവിടെ നടന്നത്. 41 വയസുകാരി ആയ സ്ത്രീക്കാണ്, തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്ലാസ്റ്റിക് സര്‍ജറി വിഭാഗം തലവന്‍ ഡോ. അജയകുമാറിന്റെ നേതൃത്വത്തില്‍ സര്‍ജറി ചെയ്ത വിജയിപ്പിച്ചത്. എന്‍ഡോക്രൈനോളജി , മാനസികാരോഗ്യം, അനസ്തേഷ്യ വിഭാഗങ്ങള്‍ സഹകരിച്ചാണ് വര്‍ഷങ്ങള്‍ നീണ്ട ചികിത്സ പൂര്‍ത്തിയാക്കിയത് . ചെറുപ്പം തൊട്ടു തന്നെ പുരുഷനായി ജീവിക്കാന്‍ ആഗ്രഹിച്ച അവര്‍ക്ക് ഈ ശസ്ത്രക്രിയാ ചെലവ് താങ്ങാവുന്നതില്‍ അപ്പുറം ആയിരുന്നു . കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മാനസികാരോഗ്യ വിഭാഗത്തില്‍ ചികിത്സയില്‍ ആയിരുന്നു ഇവര്‍ . ഒരു വര്‍ഷം മുന്‍പേ തന്നെ ആണുങ്ങളുടെ ശരീര സവിശേഷതകള്‍ ഉണ്ടാകുവാനായി ഹോര്‍മോണ്‍ ചികിത്സ ആരംഭിച്ചിരുന്നു . Gender identity disorder A[h sexual dysphoria എന്ന മാനസിക അവസ്ഥ ഉള്ള വ്യക്തികള്‍ക്ക് ഒരു അനുഗ്രഹം ആണ് ഈ നേട്ടം



പക്ഷേ പിന്നീട് എന്തുകൊണ്ടോ ലിംഗമാറ്റ ശസ്ത്രക്രിയകളില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ പിന്തള്ളപ്പെട്ടു. ട്രാന്‍സ് ജെന്‍ഡര്‍ കമ്യൂണിറ്റിക്ക് പുര്‍ണ്ണമായും സ്വകാര്യ മേഖലയിലേക്ക് തിരിഞ്ഞു. പക്ഷേ ഇപ്പോള്‍ അന്യന്യ കുമാരി അലക്സിന്റെ വിഷയത്തില്‍ മനസ്സിലാക്കുന്നത് അവിടെയും പിഴവ് പറ്റിയെന്നാണ്. ഈ മരണത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ശാസ്ത്രീയമായ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാന്‍ എങ്ങനെ കഴിയും എന്ന അന്വേഷണമാണ് സര്‍ക്കാര്‍ തലത്തിലൊക്കെ ഉണ്ടാവേണ്ടത്.


പണ്ട് നടന്നത് രാത്രിയിലെ ലിംഗഛേദം.

ഇത്തരം ശസ്ത്രക്രിയകള്‍ വ്യാപകമായിട്ട് വെറും പത്തുവര്‍ഷം മാത്രമേ ആയിട്ടുള്ളുവെന്നാണ് ട്രാന്‍സ് ജെന്‍ഡര്‍ ആക്റ്റീവിസ്റ്റുകള്‍ പറയുന്നത്. അതിനുമുമ്പ് വരെ തമിഴ്നാട്ടിലെ കൂവാഗത്തും, ബ്ലാംഗ്ലൂരിലുമൊക്കെയുള്ള ട്രാന്‍സ്ജെന്‍ഡര്‍ കേന്ദ്രങ്ങളില്‍ അര്‍ധരാത്രി ചില മതപരമായ ചടങ്ങുകളോടെ കത്തികൊണ്ട് ലിംഗം അറത്തുമാറ്റുകയാണത്രേ. ഇത്തരം അവസ്ഥക്ക് വിധേയായ ഒരു ട്രാന്‍സ് യുവതി ലോഗിന്‍ കേരളയോട് ഇങ്ങനെ പറയുന്നു. ‘പച്ചക്ക് മുറിച്ച് മാറ്റുകായിരുന്നു അന്ന് നടന്നിരുന്നത്. ഇങ്ങനെ മരിച്ചവരുണ്ട്. അവരെ രാത്രി കുഴിവെട്ടി മൂടിക്കളയും. വലിയ വാദ്യഘോഷങ്ങളോടെയൊക്കെയാണ് ലിംഗം മുറിക്കുന്ന ചടങ്ങ് നടക്കാറുള്ളത്. എണ്ണ തിളപ്പിച്ച് ചൂടാക്കി മൂര്‍ച്ചയുള്ള കത്തിയില്‍ ഒഴിച്ച് അതുകൊണ്ടാണ് മുറിക്കുക. കത്തി തുടര്‍ച്ചായി മൂര്‍ച്ചകൂട്ടും. ആ മൂര്‍ച്ചകൂട്ടലില്‍ തന്നെ മുറിയും നടക്കും. നാടന്‍ കത്തികൊണ്ട്. മുറിവില്‍ ചുണ്ണാമ്പ് ഇലയും മഞ്ഞള്‍പ്പൊടിയും ഇടും. കറുത്ത റിബ്ബണ്‍ കെട്ടി ഒരു മണിക്കൂറോളം നടത്തിക്കും. ചിലര്‍ രക്ഷപ്പെടും. ചിലര്‍ മരിക്കും. അന്ന് ഹോര്‍മോണ്‍ ചികിത്സയൊന്നുമില്ല. ആ അവസ്ഥയില്‍ നിന്ന് നാം എത്രമാറിയെന്ന് ഓര്‍ക്കുക’-


ശരിയാണ്. കേരളത്തിലെ ട്രാന്‍സ് ജന്‍ഡറുകളുടെ അവസ്ഥ ഒരു പാട് മാറിയിട്ടുണ്ട്. പക്ഷേ ഇനിയും അന്യന്യകുമാരി അലക്സുമാര്‍ ആവര്‍ത്തിക്കപ്പെടരുത്. അതിനുള്ള ജാഗ്രതയാണ് സര്‍ക്കാറിന്റെയും ഡോക്ടര്‍മാരുടെയും ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടത്.




Post a Comment

0 Comments