Flash News

6/recent/ticker-posts

കോപ്പ അമേരിക്ക: സെമി ഫൈനലില്‍ മഞ്ഞപ്പട പെറുവിനെ നേരിടും

Views
കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ഫൈനല്‍ തേടി കനറികള്‍ നാളെ ഇറങ്ങും. പുലര്‍ച്ചെ 4:30 ന് നടക്കുന്ന മത്സരത്തില്‍ പെറുവാണ് ബ്രസീലിന്റെ എതിരാളി. കഴിഞ്ഞ കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ പെറുവിനെ തോല്‍പിച്ചായിരുന്നു സാംബ താളക്കാരുടെ പട്ടാഭിഷേകം. ഗ്രൂപ്പ് മത്സരത്തില്‍ മുഖാമുഖം വന്നപ്പോള്‍ പെറുവിനെ സെലക്കാവോകള്‍ വരവേറ്റത് ഗോള്‍ മഴയില്‍ മുക്കിയാണ്.
കടുത്ത പോരാട്ടത്തില്‍ ചിലിയെ മറികടന്ന മഞ്ഞപ്പടയ്ക്ക്, പെറുവാണ് സെമി ഫൈനല്‍ എതിരാളി. റിയോ ഡി ജനീറോയിലെ നില്‍ട്ടണ്‍ സാന്റോസ് സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 4:30നാണ് മത്സരം. സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ഇറങ്ങുമ്പോള്‍ വിജയം മാത്രമാണ് ബ്രസീലിന്റെ ലക്ഷ്യം. ചിലിക്കെതിരെ ടീം പുറത്തെടുത്ത പ്രകടനം പരിശീലകന്‍ ടിറ്റെയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.
റെഡ്കാര്‍ഡ് കണ്ട ഗബ്രിയേല്‍ ജെസ്യൂസിന് സെമി പോരാട്ടം നഷ്ടമാകും. നെയ്മറും ഫിര്‍മിന്യോയും റിച്ചാര്‍ലിസണും താളം കണ്ടെത്തിയാല്‍ സാംബതാളക്കാര്‍ക്ക് പെറുവിയന്‍ വലയില്‍ ഗോള്‍മഴ പെയ്യിക്കാം. പ്ലേമേക്കര്‍ കാസമിറോയുടെ സാന്നിധ്യവും മാര്‍ക്വീഞ്ഞോസും തിയാഗോ സില്‍വയും കോട്ട കെട്ടുന്ന പ്രതിരോധവും ബ്രസീലിന് മത്സരത്തില്‍ മേല്‍ക്കൈ നല്‍കുന്നുണ്ട്. അസാമാന്യ മെയ്വഴക്കത്തിലൂടെ ഗോളെന്നുറച്ച ഷോട്ടുകള്‍ പോലും രക്ഷപ്പെടുത്തുന്ന ഗോള്‍കീപ്പര്‍ എഡേഴ്‌സണ്‍ മിന്നും ഫോമിലാണ്. അതേസമയം കഴിഞ്ഞതവണത്തെ ഫൈനല്‍ തോല്‍വിക്ക് കണക്ക് തീര്‍ക്കാന്‍ ഉറച്ചാണ് പെറുവിന്റെ പടയൊരുക്കം. പരാഗ്വയെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മറികടന്ന പോരാട്ട വീര്യമാണ് പെറുവിയന്‍ ടീമിന്റെ ശക്തി.
റെഡ് കാര്‍ഡ് കണ്ട സ്‌ട്രൈക്കര്‍ ആന്‍ദ്രേ കാറില്ലോ സെമിയില്‍ കളിക്കില്ല. ലാപാഡുലയും യോട്ടുനും പെനയും ഉള്‍പ്പെടുന്ന ആക്രമണ നിരയിലാണ് ടീമിന്റെ പ്രതീക്ഷ. സെല്‍റ്റാവീഗോതാരം റെനാറ്റോ ടാപ്പിയയാണ് പെറുവിന്റെ പ്ലേമേക്കര്‍. റാമോസിനും സാന്‍ടാ മരിയയ്ക്കുമാണ് പ്രതിരോധത്തിന്റെ ചുക്കാന്‍. ഗോള്‍ വലയ്ക്ക് മുന്നില്‍ പെഡ്രോ ഗല്ലെസെ പുറത്തെടുക്കുന്നത് വണ്ടര്‍ പ്രകടനമാണ്. മുഖാമുഖം പോരാട്ടങ്ങളിലെ മേല്‍ക്കൈ നിലനിര്‍ത്താന്‍ ഉറച്ച് ബ്രസീലും സമീപകാല തോല്‍വികള്‍ക്ക് പകരം ചോദിക്കാന്‍ ഉറച്ച് പെറുവും കൊമ്പ് കോര്‍ക്കുമ്പോള്‍ നില്‍ട്ടണ്‍ സാന്റോസ് സ്റ്റേഡിയം ആവേശക്കടലാകും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments