Flash News

6/recent/ticker-posts

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിവാദത്തില്‍ ലീഗിനും യുഡിഎഫിനുമെതിരെ മുന്‍ മന്ത്രി കെടി ജലീൽ

Views

ഇലക്കും മുള്ളിനും കേടില്ലാത്തവിധം കോടതിവിധി നടപ്പിലാക്കാന്‍ യോജ്യമായ ഒരു ഫോര്‍മുലയാണ് സര്‍ക്കാര്‍ മുന്നോട്ടു വെച്ചിരിക്കുന്നത്.ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നേരത്തേ രാഷ്ട്രീയ പാര‍്ട്ടികളുടെ യോഗം വിളിച്ചപ്പോള്‍ലീഗുള്‍പ്പടെയുള്ള സംഘടനകള്‍ പ്രസ്തുത യോഗത്തില്‍ പറഞ്ഞത് ആര്‍ക്കും ഇപ്പോള്‍ കിട്ടുന്നതില്‍ കുറവു വരാതെ പ്രശ്നം പരിഹരിക്കണമെന്നാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തിരുമാനമെന്ന് ജലീല്‍ പറഞ്ഞു.

ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകാത്തത് എന്തുകൊണ്ടാണെന്ന് ചോദിക്കുന്നവരോട് ഈ വിഷയത്തില്‍ സമുദായത്തിന്‍്റെ അട്ടിപ്പേറ് അവകാശപ്പെടുന്ന മുസ്ലിം ലീഗ് എന്തേ കക്ഷി ചേരാതിരുന്നതെന്നും ജലീല്‍ ചോദിച്ചു.യു.ഡി.എഫില്‍ നല്ലപിള്ള ചമയാന്‍ ലീഗിന് ഒരു മുഖവും മുസ്ലിം സമുദായത്തില്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കാന്‍ മറ്റൊരു മുഖവും അവലംബിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ സമുദായത്തോട് ചെയ്യുന്ന കൊടും വഞ്ചനയാണെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ജലീല്‍ പറഞ്ഞു.

പോസ്റ്റ് വായിക്കാം

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്: വിവാദത്തിലെ കാണാപ്പുറങ്ങള്‍.

2010 മുതല്‍ സ്വീകരിച്ച്‌ പോന്നിരുന്ന ന്യൂനപക്ഷങ്ങളിലെ സാമ്ബത്തിക പ്രയാസമനുഭവിക്കുന്ന വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് വിതരണത്തിലെ 80:20 മുസ്ലിം-ക്രൈസ്തവ അനുപാതം കേരള ഹൈക്കോടതി റദ്ദാക്കി പുറപ്പെടുവിച്ച വിധിയെ തുടര്‍ന്ന് ജനസംഖ്യനുപാതികമായി മാറ്റപ്പെടുകയാണ്. ഇലക്കും മുള്ളിനും കേടില്ലാത്തവിധം കോടതിവിധി നടപ്പിലാക്കാന്‍ യോജ്യമായ ഒരു ഫോര്‍മുലയാണ് സര്‍ക്കാര്‍ മുന്നോട്ടു വെച്ചിരിക്കുന്നത്. 80% സ്കോളര്‍ഷിപ്പുകള്‍ ലഭിച്ച്‌ കൊണ്ടിരുന്നപ്പോള്‍ മുസ്ലിം സമുദായത്തിലെ അര്‍ഹരായവര്‍ക്ക് കിട്ടിക്കൊണ്ടിരുന്നവരുടെ എണ്ണത്തിലോ അവര്‍ക്കായി നീക്കിവെച്ചിരുന്ന സംഖ്യയിലോ ഒരെണ്ണവും ഒരു രൂപയും കുറവു വരാതെയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ പൊതുവെ സ്വീകാര്യമായ ഒരു പരിഹാര മാര്‍ഗ്ഗം നിര്‍ദ്ദേശിച്ചിരിക്കുന്നത്. ക്രൈസ്തവ സമുദായത്തിന് അധികമായി ഹൈകോടതി നിര്‍ദ്ദേശിച്ച നേരെത്തെയുള്ള 20% ത്തിന് പുറമെയുള്ള 21% (മൊത്തം 41%) അഡീഷണല്‍ തുക അനുവദിച്ച്‌ പ്രശ്നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.

ഹൈക്കോടതി വിധിയുടെ പശ്ചാതലത്തില്‍ എല്ലാ രാഷട്രീയ പാര്‍ട്ടികളുടെയും യോഗം ഗവ: വിളിച്ച്‌ ചേര്‍ത്തിരുന്നു. ലീഗുള്‍പ്പടെയുള്ള സംഘടനകള്‍ പ്രസ്തുത യോഗത്തില്‍ പറഞ്ഞത് ആര്‍ക്കും ഇപ്പോള്‍ കിട്ടുന്നതില്‍ കുറവു വരാതെ പ്രശ്നം പരിഹരിക്കണമെന്നാണ്. സംശയമുള്ളവര്‍ക്ക് ആ സൂം മീറ്റിംഗിന്‍്റെ റിക്കോര്‍ഡ് പരിശോധിക്കാവുന്നതാണ്. മുഴുവന്‍ മുസ്ലിം സംഘടനകളും സമുദായത്തിന് ഇപ്പോള്‍ ലഭിച്ച്‌ വരുന്നതില്‍ കുറവു വരാതെ മറ്റാര്‍ക്ക് ആനുകൂല്യം നല്‍കുന്നതിലും എതിര്‍പ്പില്ലെന്ന് പരസ്യമായി പറയുകയും ചെയ്തിരുന്നു. ഇതിന്‍്റെയെല്ലാം അടിസ്ഥാനത്തിലാണ് ഇടതുപക്ഷ സര്‍ക്കാര്‍ ആരെയും നോവിക്കാതെ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.

ക്രൈസ്തവ സമുദായത്തിന്‍്റെ പിന്നോക്കാവസ്ഥ പഠിക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിയോഗിക്കപ്പെട്ടിരിക്കുന്ന ജസ്റ്റിസ് കോശി നേതൃത്വം നല്‍കുന്ന മൂന്നംഗ കമ്മീഷന്‍ അധികം വൈകാതെ സമര്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്ന ശുപാര്‍ശകള്‍ നടപ്പിലാക്കുമ്ബോഴും 58:41 (മുസ്ലിം-ക്രൈസ്തവ) അനുപാതം തന്നെയാകും ഹൈക്കോടതി വിധിയുടെ വെളിച്ചത്തില്‍ നടപ്പിലാക്കപ്പെടുക.

സര്‍ക്കാര്‍ തീരുമാനം മുന്‍നിര്‍ത്തി ഭീകരമാംവിധം മുസ്ലിം സമൂഹത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രൂപത്തിലാണ് ജമാഅത്തെ ഇസ്ലാമി ഉള്‍പ്പടെയുള്ള തീവ്ര മുസ്ലിം ഗ്രൂപ്പുകള്‍ അവരുടെ ഔദ്യോഗിക ജിഹ്വകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും കുപ്രചരണം നടത്തിക്കൊണ്ടിരിക്കുന്നത്.

ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകാത്തത് എന്തുകൊണ്ടാണെന്ന് ചോദിക്കുന്നവരോട് സ്നേഹപൂര്‍വ്വം ചോദിക്കട്ടെ; മര്‍മ്മപ്രധാനമായ ഈ വിഷയത്തില്‍ സമുദായത്തിന്‍്റെ അട്ടിപ്പേറ് അവകാശപ്പെടുന്ന മുസ്ലിം ലീഗ് എന്തേ കക്ഷി ചേരാതിരുന്നത്! യു.ഡി.എഫില്‍ നല്ലപിള്ള ചമയാന്‍ ലീഗിന് ഒരു മുഖവും മുസ്ലിം സമുദായത്തില്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കാന്‍ മറ്റൊരു മുഖവും അവലംബിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ സമുദായത്തോട് ചെയ്യുന്ന കൊടും വഞ്ചനയാണ്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ഒരു അടിയന്തിര പ്രമേയമോ ശ്രദ്ധക്ഷണിക്കലോ സബ്മിഷന്‍ പോലുമോ ന്യൂനപക്ഷ സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ ലീഗ് കൊണ്ടു വന്നില്ല എന്നത് ആരും മറക്കരുത്. വരുന്ന 22 ന് തുടങ്ങാന്‍ പോകുന്ന സഭാ സമ്മേളനത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരെ വ്യക്തമായ ഒരഭിപ്രായം പറയാന്‍ ലീഗിന്‍്റെ നിയമസഭാ പാര്‍ട്ടി ലീഡര്‍ക്ക് കഴിയുമോ? സമീപ കാലത്ത് ലീഗിന് പലകാര്യങ്ങളിലും രണ്ട് നിലപാടുകളാണ്. മിതനിലപാട് കുഞ്ഞാലിക്കുട്ടി സാഹിബ് പറയും. തീവ്ര അഭിപ്രായം ബഷീര്‍ സാഹിബിനെക്കൊണ്ട് പറയിപ്പിക്കും. ഇതിലൂടെ മിതവാദികളെയും തീവ്രവാദികളെയും കൂടെപ്പൊറുപ്പിക്കാനാകും എന്നാണ് ലീഗ് കരുതുന്നത്. അവസാനം കടിച്ചതും പിടിച്ചതും ഇല്ലാതാകുന്ന സ്ഥിതിയാകും ഉണ്ടാവുക. കാത്തിരുന്ന് കാണാം.

ജമാഅത്തെ ഇസ്ലാമിയുടെ മൂശയില്‍ രാകിമിനുക്കിയ അഭിപ്രായം സമുദായത്തിന്‍്റെ അണ്ണാക്കില്‍ തിരുകി സമാധാന കാംക്ഷികളായ മുസ്ലിം സംഘടനകളെക്കൊണ്ട് വിഴുങ്ങിപ്പിക്കാനുള്ള നീക്കം ജാഗ്രതയോടെ കാണണം. അതല്ലെങ്കില്‍ പൊതു സമൂഹത്തിന് മുമ്ബില്‍ മുസ്ലിം സമുദായം ഒന്നടങ്കം ജമാഅത്തെ ഇസ്ലാമിയെപ്പോലെ അസഹിഷ്ണുതയുടെ പര്യായമായി ചിത്രീകരിക്കപ്പെടും.


Post a Comment

1 Comments

  1. ശ്രീമാൻ . K . T . ജലീലിനുള്ള മറുപടി CPM ന്റെ സമുന്നതനും സർവസമ്മതനുമായ നേതാവ് ബഹുമാനപ്പെട്ട സഖാവ് . പാലോളി മുഹമ്മദുകുട്ടി ഇന്ന് ഏഷ്യാനെറ്റ്‌ ന്യൂസിൽ പറഞ്ഞിട്ടുണ്ട് . മുസ്ലിംകളുടെ കാര്യം എന്താണെന്ന് പറയാനാറിയാവുന്നവർ അദ്ദേഹത്തേക്കാൾ വലിയ ഒരു നേതാവും ഇന്ന് CPM ഇൽ ജീവിച്ചിരിപ്പില്ല . തലയിരിക്കുമ്പോൾ ആടുന്ന വാലുകളും കുടക്കകത്തൊതുങ്ങാത്ത കുടക്കാലുകളും രാജാവിനെക്കാൾ വലിയ ചില രാജഭക്തരും പലതും പറയും . അതെല്ലാം ചില കോടാലിക്കൈകളുടെ പാദസേവകൾ മാത്രമാണെന്ന് മനസ്സിലാക്കാൻ മാത്രം മാനസികവളർച്ച കേരളത്തിലെ മുസ്ലിംസമുദായം നേടിക്കഴിഞ്ഞിരിക്കുന്നു എന്നെങ്കിലും ഈ കോടാലിക്കൈകൾ ദയവായി മനസ്സിലാക്കണം . ശ്രീ . P K കുഞ്ഞാലിക്കുട്ടിയുടെയും ശ്രീ. E T. മുഹമ്മദ്‌ ബഷീറിന്റെയും മുഖഛായയെയും പ്രതിഛായയെയും കുറിച്ച് മുസ്ലിംകൾക്ക് ആരും ക്ലാസ്സെടുക്കേണ്ട കാര്യമില്ല . തേക്ക്‌ ഏതാ വേണ്ടക്ക് ഏതാ എന്ന് മുസ്ലിംകളെ പഠിപ്പിക്കാൻ കോടാലിക്കൈകളുടെ സേവനം തൽക്കാലം സമുദായത്തിന് ആവശ്യമില്ല എന്നും വിനീതമായി അറിയിക്കട്ടേ .

    ReplyDelete