Flash News

6/recent/ticker-posts

ടാറ്റയുടെ SE ലോറികൾ നിർത്തി; ഇവർ ഇനി ഓർമ്മ മാത്രം.

Views
ടാറ്റയുടെ SE ലോറികൾ നിർത്തി; ഇവർ ഇനി ഓർമ്മ മാത്രം.

മലയാളികൾക്ക് ലോറി എന്നു കേൾക്കുമ്പോൾ ഒരേയൊരു രൂപമായിരിക്കും മനസ്സിൽ ഓടിയെത്തുക. നീണ്ട മൂക്കും, നെറ്റിയിൽ പേരെഴുതുവാനുള്ള സ്ഥലവും, പിന്നിൽ ആനയുടെയോ ദൈവങ്ങളുടെയോ ചിത്രവുമൊക്കെയായി കളം നിറഞ്ഞു നിന്ന ടാറ്റായുടെ SE ലോറി. എന്നാൽ ഇനി ടാറ്റയുടെ SE ലോറികൾ ഓർമ്മയാകുകയാണ്. നീണ്ട 66 വർഷത്തെ പ്രയാണത്തിന് ശേഷം SE ലോറികളുടെ ഉത്പാദനം ടാറ്റ നിർത്തിയിരിക്കുന്നു.
1954-ൽ മെഴ്‌സിഡസ് ബെൻസുമായി ചേർന്ന് ടാറ്റ തങ്ങളുടെ ആദ്യത്തെ സെമി ഫോർവെഡ് ട്രക്ക് ഇറക്കിയതു മുതൽ ഇന്ന് വരെ ഈ വിഭാഗത്തിൽ മുടിചൂടാ മന്നന്മാരാണ് ടാറ്റ. പല കാലഘട്ടങ്ങളിൽ വിദേശികളും സ്വദേശികളും ഉൾപ്പടെ എതിരാളികൾ പലരും വരവറിയിച്ച് പോയെങ്കിലും ടാറ്റായുടെ ഈ രാജാവ് എന്നും തല ഉയർത്തിപ്പിടിച്ച് നിന്നു. പക്ഷെ സ്വന്തം കുടുംബത്തിൽ നിന്ന് പോലും ഫോർവെർഡ് ക്യാബിനുള്ള മോഡലുകളും മൾട്ടി ആക്സിൽ ട്രക്കുകളും കളം പിടിച്ചതോടെ രാജാവിന്റെ പതനം പതിയെ ആരംഭിച്ചു.
കേരളത്തിലെയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെയും ടിംബർ ബിസിനസ്സ് നടത്തിയിരുന്നവർക്ക് പഥ്യം SE യോടായിരുന്നു. ന്യൂ ജനറേഷൻ പിള്ളേര് പലരും വന്നെങ്കിലും കാട്ടിലും കൂപ്പിലും കയറി തടി എടുക്കാൻ പിള്ളേര് മൂത്തിരുന്നില്ല. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മിലിറ്ററി auction വഴി പഴയ SE ലോറികളുടെ 4X4 മോഡൽ [SA] വാങ്ങാൻ തുടങ്ങിയതും പഴയ മിലിറ്ററി 4X4 ട്രക്കുകളുടെ ഫ്രണ്ട് ആക്സിൽ വെച്ച് സ്വന്തം കുടുംബത്തിൽ നിന്നുള്ള ന്യൂ ജനർറേഷൻ പിള്ളേരെ 4X4 ആക്കാൻ തുടങ്ങിയതോടെ അവസാനം കേരളത്തിൽ മാത്രം ഒതുങ്ങേണ്ടി വന്നു SE ലോറികളുടെടെ പെരുമ.
ടിംബർ ബിസിനസ്സ് നടത്തുന്ന വലിയ വലിയ കുടുംബങ്ങളുടെ ഉമ്മറത്ത് തല ഉയർത്തി നിൽക്കുന്ന SE ലോറികൾ ഒരുകാലത്ത് പത്രാസിന്റെ പ്രതീകം ആയിരുന്നു. പല സൂപ്പർ ഹിറ്റ് സിനിമകളിലും നായകനോടൊപ്പം സഹനടനായി അഭിനയിച്ച് കയ്യടി നേടിയ SE ലോറികളും നിരവധി. സ്ഫടികത്തിലെ KEK 5733 എന്ന ലോറി ഇതിന് ഉദാഹരണം. പിന്നീട് ശിക്കാർ, പുലിമുരുകൻ എന്നീ ചിത്രങ്ങളിലും മോഹൻലാലിന്റെ സന്തത സഹചാരിയായി വിലസിയതും ഈ ടാറ്റാ ലോറികൾ തന്നെ.
ആനകളെയും കൊണ്ട് സഞ്ചരിക്കുവാനും, കാട്ടിൽ നിന്നും തടികൾ വെട്ടിക്കയറ്റി കൊണ്ടുവരാനും, റേഷൻ കടകളിലേക്ക് അരിച്ചാക്കുകൾ എത്തിക്കുവാനുമൊക്കെ അക്കാലത്തു ടാറ്റ ലോറികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
Bs6 എത്തിയതോടെ SE ലോറികളിൽ ഉപയോഗിച്ചിരുന്ന 50 വർഷത്തോളം പഴക്കമുള്ള പഴയ മേഴ്സിഡസ് OM 352 ഡീസൽ എഞ്ചിനിൽ നിന്ന് നിർമ്മിച്ച 697 ഡീസൽ എഞ്ചിൻ നിർത്തി. ഇതാണ് പ്രധാനമായും SE ലോറികളുടെ മരണ മണി മുഴക്കിയത്. വിൽപ്പനയിൽ പഴയ പ്രതാപം കൂടി പോയതോടെ SE ലോറികളുടെ ഉത്പാദനം ടാറ്റ നിർത്തി.
വേണ്ട മാറ്റങ്ങൾ വരുത്തി പഴയ ഗൗരവമുള്ള മുഖം വിടാതെ പുതിയ മോഡൽ അവതരിപ്പിച്ചിരുന്നെങ്കിൽ ഒരു പക്ഷെ SE ലോറികളെ ഇരു കയ്യും നീട്ടി വീണ്ടും ജനം സ്വീകരിച്ചേനെ. ടാറ്റയുടെ കോമേർഷ്യൽ വാഹന രംഗത്തേക്ക് കടന്നപ്പോൾ നിർമ്മിച്ച ആദ്യ വാഹനം SE ലോറിയുടെ മുത്തച്ഛനായ TMB 312 എന്ന മോഡലായിരുന്നു. ടാറ്റയുടെ കോമേർഷ്യൽ വാഹന രംഗത്തെ കടന്ന് വരവിനും അതിന്റെ വളർച്ചയ്ക്കും ആരംഭം കുറിച്ച ഇത്രയും വർഷത്തെ പാരമ്പര്യമുള്ള ഒരു മോഡലിന് ഇങ്ങനെയൊരു വിടവാങ്ങൽ പ്രതീക്ഷിച്ചില്ല.
കടപ്പാട് – കേരളത്തിലെ ടാറ്റാ ലോറികൾ പേജ്.


Post a Comment

1 Comments

  1. കാട്ടിലെ കള്ളത്തടി വെട്ടുകാരുടെയും തടികടത്തുകാരുടെയും ആനക്കാരുടെയും ഉറ്റതോഴനായിരുന്നു ഇദ്ദേഹം . അങ്ങനെ ഈ കോവിഡ് കാലത്ത് അദ്ദേഹവും കാലയവനിക പൊക്കി പിന്നിലേക്ക് സ്വയം പിൻവാങ്ങി .

    ReplyDelete