Flash News

6/recent/ticker-posts

ഇടത് സര്‍ക്കാരിന്‍റെ തുടര്‍ ഭരണത്തിന് 100 ദിനം; സാർഥകമായ 100 ദിനങ്ങളെന്ന് മുഖ്യമന്ത്രി

Views

ഇടത് സര്‍ക്കാരിന്‍റെ തുടര്‍ ഭരണത്തിന് ഇന്ന് 100 ദിനം. സാർഥകമായ 100 ദിനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.  സാമൂഹ്യനീതിയിലധിഷ്ഠിതമായ നവകേരളമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ 100 ദിന സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കാര്‍ഷിക, വ്യാവസായിക, ഐറ്റി, ടൂറിസം മേഖലകളില്‍ കേരളത്തിനുള്ള തനതു സാധ്യതകളെ പ്രയോജനപ്പെടുത്തി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും തത്ഫലമായി സൃഷ്ടിക്കപ്പെടുന്ന അധികവിഭവങ്ങളുടെ നീതിയുക്തമായ വിതരണം സാധ്യമാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതിനുതകുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് കഴിഞ്ഞ നൂറു ദിവസം കൊണ്ട് തുടക്കം കുറിച്ചിരിക്കുന്നത്. അവയിലെല്ലാം കേരളത്തിലെ ജനങ്ങളുടെയാകെ അഭൂതപൂര്‍വ്വമായ പിന്തുണയാണ് ലഭ്യമായിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
100 ദിന സന്ദേശത്തിന്‍റെ പൂര്‍ണരൂപം;
കേരളത്തിലെ ജനങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തുടർഭരണം എന്ന ചരിത്ര ദൗത്യം സമ്മാനിച്ചതിന്റെ നൂറാം ദിവസമാണിന്ന്. 2016 ൽ ആരംഭിച്ച നവകേരള സൃഷ്ടിയുടെ തുടർച്ചയാണ് അതിലൂടെ ഉണ്ടായിട്ടുള്ളത്. നവകേരളം സുസ്ഥിരവും വികസിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതും ആയിരിക്കുമെന്ന് ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്തമാണ് ഈ ഘട്ടത്തിൽ സംസ്ഥാന സർക്കാരിന് ഏറ്റെടുക്കാനുള്ളത്.
വൈജ്ഞാനിക സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും കേരളത്തെ വാർത്തെടുക്കുകയാണ്. അതിന്റെ അടിസ്ഥാനമൊരുക്കിക്കൊണ്ട് കഴിഞ്ഞ സർക്കാരിന്റെ കാലത്തു തന്നെ ഇന്റർനെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ചിരുന്നു. കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന വിധത്തിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പൂർത്തിയാക്കിയും വിജ്ഞാന വിസ്‌ഫോടനത്തിന്റെ പ്രയോജനം നമ്മുടെ കുഞ്ഞുങ്ങൾക്കു ലഭ്യമാകുന്ന വിധത്തിൽ ഡിജിറ്റൽ പഠനോപകരണങ്ങൾ സാർവ്വത്രികമായി ലഭ്യമാക്കിയും ഒരു സമൂഹമെന്ന നിലയ്ക്കു മുന്നേറുകയാണ് നാം.

ഈ മുന്നേറ്റത്തിൽ നാമൊറ്റക്കെട്ടായി നിൽക്കുക എന്നത് പരമപ്രധാനമാണ്. അതുകൊണ്ടുതന്നെയാണ് എല്ലാതരം വർഗ്ഗീയ വിദ്വേഷ വിധ്വംസക പ്രവർത്തങ്ങളെയും അകറ്റി നിർത്താൻ സർക്കാർ തന്നെ ഈ ഘട്ടത്തിൽ മുൻകൈ എടുക്കുന്നത്. അതാകട്ടെ കൊവിഡ് മഹാമാരിക്കെതിരായുള്ള പോരാട്ടത്തിൽ അനിവാര്യമാണുതാനും. പരമാവധി ആളുകൾക്ക് വാക്‌സിനേഷൻ ലഭ്യമാക്കിക്കൊണ്ട് ജനങ്ങളുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കുന്നതിനാണ് ഈ ഘട്ടത്തിൽ പ്രാധാന്യം നൽകുന്നത്.
ആത്മാഭിമാനത്തോടെ എല്ലാവർക്കും ജീവിക്കാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കാനുള്ള പദ്ധതികൾ പൂർത്തീകരണത്തോടടുക്കുകയാണ്. ഈ സർക്കാരിന്റെ ആദ്യത്തെ മന്ത്രിസഭാ യോഗത്തിൽ തന്നെ തീരുമാനിച്ച അതിദാരിദ്ര്യ നിർമ്മാർജ്ജനം, വാതിൽപ്പടി സേവനം, സ്ത്രീകളുടെ ഗാർഹിക ജോലി ഭാരം കുറയ്ക്കൽ എന്നിവ ഉടൻ തന്നെ പ്രാവർത്തികമാകും. അതോടൊപ്പം എല്ലാവർക്കും ഭൂമി, ഭവനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താനുള്ള ഇടപെടലുകളും മുന്നോട്ടു കൊണ്ടുപോവുകയാണ്. അത്തരത്തിൽ സാമൂഹ്യനീതിയിലധിഷ്ഠിതമായ ഒരു നവകേരളമാണ് വിഭാവനം ചെയ്യുന്നത്.

ഇത് കണ്ടുപഠിക്കേണ്ട രീതി; നന്മ മരങ്ങൾക്ക് മാതൃകയായി മുഹമ്മദ് ചികിത്സാ സഹായ കമ്മറ്റി
അനഘയുടെ വീട്ടിലും വെളിച്ചമെത്തി
കാർഷിക, വ്യാവസായിക, ഐറ്റി, ടൂറിസം മേഖലകളിൽ കേരളത്തിനുള്ള തനതു സാധ്യതകളെ പ്രയോജനപ്പെടുത്തി ഉൽപ്പാദനം വർദ്ധിപ്പിക്കാനും തത്ഫലമായി സൃഷ്ടിക്കപ്പെടുന്ന അധികവിഭവങ്ങളുടെ നീതിയുക്തമായ വിതരണം സാധ്യമാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിനുതകുന്ന പ്രവർത്തനങ്ങൾക്കാണ് കഴിഞ്ഞ നൂറു ദിവസം കൊണ്ട് തുടക്കം കുറിച്ചിരിക്കുന്നത്. അവയിലെല്ലാം കേരളത്തിലെ ജനങ്ങളുടെയാകെ അഭൂതപൂർവ്വമായ പിന്തുണയാണ് ലഭ്യമായിക്കൊണ്ടിരിക്കുന്നത്.

തുടർന്നും ഒരുമിച്ചു നിന്ന് ലോകത്തിനു തന്നെ മാതൃകയാകുന്ന വിധത്തിൽ ബദൽ നയങ്ങൾ നടപ്പാക്കി മുന്നേറാം എന്ന പ്രതിജ്ഞയെടുത്തുകൊണ്ട് ഇടതുപക്ഷ ജാധിപത്യ മുന്നണിയുടെ തുടർഭരണത്തിന്റെ ഈ നൂറാം ദിവസത്തെ നമുക്ക് അന്വർത്ഥമാക്കാം.


Post a Comment

0 Comments