Flash News

6/recent/ticker-posts

ബിജെപി സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് മൂന്ന് വോട്ട്; 50 ശതമാനം വോട്ടുവര്‍ദ്ധനവെന്ന് ട്രോളന്മാര്‍

Views
കോട്ടയം: എലിക്കുളം പഞ്ചായത്തിലെ 14-ാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ജയം. എട്ട് സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടായിരുന്ന തെരഞ്ഞെടുപ്പില്‍ 159 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി ജെയിംസ് ജീരകത്തിന്റെ വിജയം. പിന്നിലെത്തിയ എല്‍ഡിഎഫിന്റെ കേരള കോണ്‍ഗ്രസ്(എം) സ്ഥാനാര്‍ത്ഥി ടോമി ഇടയോടിയില്‍ 353 വോട്ടുനേടിയപ്പോള്‍ ജെയിംസ് 512 വോട്ടുകളോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

അതേസമയം, തെരഞ്ഞെടുപ്പില്‍ മൂന്ന് വോട്ടുനേടിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെയാണ് ഫലമെത്തിയതോടെ ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ട് വോട്ടു നേടിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജയപ്രകാശ് വടകര ഇത്തവണ മൂന്ന് വോട്ടുകളാണ് നേടിയത്. ബിജെപി പാലാ മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയായ ജയപ്രകാശിന് 1186 വോട്ടര്‍മാരില്‍ നിന്നാണ് മൂന്ന് വോട്ടിന്റെ പിന്തുണ ലഭിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടുകൾ നഷ്ടമായ ജില്ലയെന്ന നിലയില്‍ ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യു തന്നെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് മുന്നിട്ടിറങ്ങിയിട്ടും വോട്ടുവർദ്ധിപ്പിക്കാനാകാത്തത് ബിജെപിക്ക് തിരിച്ചടിയായി.
എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം സാമൂഹികമാധ്യമങ്ങളില്‍ ചർച്ചയായതോടെ രണ്ടില്‍ നിന്ന് മൂന്നു വോട്ടിലേക്ക് ബിജെപി മുന്നേറിയെന്നായി ട്രോളന്മാരുടെ പക്ഷം. രണ്ടു വോട്ടില്‍ നിന്ന് 50 ശതമാനത്തോളം വോട്ടുവര്‍ദ്ധനവോടെ മൂന്ന് വോട്ടുനേടിയെന്നാണ് ട്രോളുകള്‍.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച ജാജോ ചീരാംകുഴി അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. അതേസമയം, 16 വാര്‍ഡുകളുള്ള എലിക്കുളം പഞ്ചായത്ത് ഭരണം എല്‍ഡിഎഫിനൊപ്പമാണ്. എല്‍ഡിഎഫിന് 9, യുഡിഎഫ് 5, ബിജെപി 2 എന്നിങ്ങനെയാണ് സീറ്റ് നില.


Post a Comment

0 Comments