Flash News

6/recent/ticker-posts

"സ്ത്രീ സുരക്ഷ ഉറപ്പാക്കും, ഒരു ദിവസം നാല് അഫ്ഗാൻ സ്ത്രീകളെ വിവാഹം ചെയ്യും'': താലിബാൻ

Views
താലിബാന് കീഴിയിൽ അഫ്ഗാനിലെ സ്ത്രീകൾ സുരക്ഷിതരായിരിക്കുമെന്നാണ് ആവർത്തിക്കുന്ന അവകാശവാദം. എന്നാൽ താലിബാന്റെ നിലപാടുകളും അവർ നടപ്പാക്കുന്ന സ്ത്രീവിരുദ്ധ നടപടികളിലൂടെ തന്നെ അവരുടെ ലക്ഷ്യം വ്യക്തമാണ്. ഭരണം പിടിച്ചതിന് പിന്നാലെ അഫ്ഗാൻ സ്ത്രീകൾ പറഞ്ഞ വാക്കുകളും ഇത് സൂചിപ്പിക്കുന്നു.
‘ഞായറാഴ്ച രാവിലെ സർവകലാശാലയിലേക്കു പോകാൻ ഇറങ്ങിയപ്പോൾ ഒരു കൂട്ടം വിദ്യാർഥിനികൾ ഓടിവന്നു, പൊലീസ് എല്ലാവരെയും ഒഴിപ്പിക്കുകയാണെന്നു പറഞ്ഞു. താലിബാൻ കാബൂളിലെത്തിയെന്നും ബുർഖ ധരിക്കാത്തവരെയെല്ലാം മർദ്ദി‌ക്കുമെന്നും അവർ ഭയന്നു. ഞങ്ങൾക്കെല്ലാവർക്കും വീടുകളിലേക്കു പോകേണ്ടതുണ്ട്, എന്നാൽ പൊതുഗതാഗതം ഉപയോഗിക്കാൻ സാധിക്കില്ല.’  ഞായറാഴ്ച രാവിലത്തെ കാബൂളിന്റെ അവസ്ഥയെക്കുറിച്ച് ഒരു വനിതാ ജീവനക്കാരി രാജ്യാന്തര മാധ്യമത്തോടു പറഞ്ഞ വാക്കുകൾ. 
‘ഡ്രൈവർമാർ ഞങ്ങളെ കാറുകളിൽ കയറ്റുന്നില്ല. സ്ത്രീകളെയും കൊണ്ടു യാത്ര ചെയ്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അവർക്കു ഭയമാണ്. കാബുളിന് പുറമേനിന്നുള്ള സ്ത്രീകളുടെ കാര്യം കുറച്ചുകൂടി ഭയാനകമാണ്. എന്തു ചെയ്യണമെന്നോ എങ്ങോട്ടു പോകണമെന്നോ അവർക്ക് അറിയില്ല. പുരുഷൻമാർ സ്ത്രീകളെയും പെൺകുട്ടികളെയും പരിഹസിക്കുകയാണ്. പോയി നിങ്ങളുടെ ചദാരി (ബുർഖ) എടുത്തിടൂ എന്നാണു പറയുന്നത്.
തെരുവിൽ നിങ്ങളുടെ അവസാന ദിനമാണിത്. ഒരു ദിവസം നിങ്ങളിൽ നാലെണ്ണത്തിനെ ഞാൻ വിവാഹം കഴിക്കും എന്നെല്ലാം അവർ അലറുന്നു. ജോലിയിൽ ഇതെന്റെ അവസാന ദിവസമാണെന്ന് അറിയാം.  നിറകണ്ണുകളോടെ കംപ്യൂട്ടർ ഓഫ് ചെയ്ത് ഞാൻ എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങി.’ ഈ സ്ത്രീയുടെ വാക്കുകൾ അഫ്ഗാൻ സാക്ഷ്യം വഹിക്കാനൊരുങ്ങുന്ന നാളുകളുടെ സൂചനകളാണ്.

വർഷങ്ങളായി ചെയ്യുന്ന ജോലിയും ജീവിത സാഹചര്യങ്ങളും ഉപേക്ഷിച്ച് അഫ്ഗാനിലെ സ്ത്രീകൾ വീട്ടകങ്ങളിലേക്ക് ഒതുങ്ങുമ്പോൾ താലിബാൻ ഭരണത്തിൽ അവരെ കാത്തിരിക്കുന്നത് ഭയം മാത്രം നിറഞ്ഞ ദിനങ്ങളാകുമെന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ വിലയിരുത്തൽ. സ്ത്രീകൾക്ക് അവകാശങ്ങൾ നൽകുമെന്നു താലിബാൻ പറയുമ്പോഴും അഫ്ഗാൻ തെരുവുകളിലെ കാഴ്ചകൾ നേരെ മറിച്ചാണ്. വീടുകൾതോറും കയറിയിറങ്ങി വിവാഹത്തിന് ചെറുപ്പക്കാരികളെ തിരയുകയാണു താലിബാൻ അനുയായികൾ.
സ്ത്രീകൾ നിലവിൽ വഹിച്ചു വന്ന ഉദ്യോഗങ്ങൾ ബന്ധുവായ പുരുഷന് ഉറപ്പാക്കുമെന്ന പ്രഖ്യാപനവും ഞെട്ടിക്കുന്നതാണ്. മുൻപ് താലിബാൻ അഫ്ഗാനിൽ കരുത്താർജിച്ചപ്പോൾ നടന്ന കാര്യങ്ങളും അവരുടെ മുന്നിലുണ്ട്. വീടുകൾക്കു പുറത്തു ജോലി ചെയ്യാനോ, സ്കൂളിൽ പോകാനോ സ്ത്രീകളെ താലിബാൻ അനുവദിച്ചില്ല. എപ്പോള്‍ പുറത്തുപോയാലും ബുർഖ ധരിക്കണം. കൂടെ ബന്ധുവായ പുരുഷനും ഉണ്ടായിരിക്കണം എന്നിങ്ങനെ പോകുന്നു ആ പഴയ നിയമങ്ങൾ.
സ്ത്രീകൾക്കായി താലിബാന്‍ കൊണ്ടുവന്ന ചില നിയമങ്ങൾ ഇവയാണ്.
∙ രക്തബന്ധമുള്ള പുരുഷനോടൊപ്പം മാത്രമേ സ്ത്രീകളെ തെരുവിൽ കാണാൻ പാടുള്ളൂ. ബുർഖ നിർബന്ധമായും ധരിക്കണം.
∙ സ്ത്രീകൾ നടന്നുപോകുന്ന ശബ്ദം കേൾക്കരുത്. ഹൈ ഹീൽ‌സ് ഷൂസ് ധരിക്കരുത്.
∙ സ്ത്രീകൾ സംസാരിക്കുമ്പോൾ ശബ്ദം അപരിചിതർ കേൾക്കരുത്
∙ തെരുവുകളിൽനിന്ന് നോക്കിയാൽ കെട്ടിടത്തിലെ സ്ത്രീകളെ കാണരുത്. താഴെ നിലയിലെയും ഒന്നാം നിലയിലെയും ജനാലകൾ മറച്ചുവയ്ക്കണം.
∙ സ്ത്രീകൾക്ക് അവരുടെ ചിത്രങ്ങള്‍ എടുക്കുന്നതിനും, പത്രം, പുസ്തകം, കടകൾ, വീടുകൾ എന്നിവയില്‍ പ്രദർശിപ്പിക്കുന്നതിനും വിലക്ക്.
∙ സ്ഥലനാമങ്ങളിൽനിന്ന് ‘വനിത’ എന്ന് അർഥം വരുന്നവ മാറ്റണം
∙ ബാൽക്കണികളിൽ കയറി നിൽക്കരുത്
∙ റേഡിയോ, ടിവി, പൊതുപരിപാടികൾ എന്നിവയിൽ പങ്കെടുക്കരുത്.

Post a Comment

0 Comments