Flash News

6/recent/ticker-posts

ഏത് വെല്ലുവിളികളെയും നേരിടാന്‍ കരുത്തുള്ളതായി തദ്ദേശ സ്ഥാപനങ്ങള്‍ മാറി: മന്ത്രി പി എ മുഹമ്മദ് റിയാസ്

Views
ജില്ലാ പഞ്ചായത്തിന്റെ രജതം 2021ന് ഉജ്വല തുടക്കം

പ്രളയ വേളയിലെയും കൊവിഡ് കാലത്തെയും വെല്ലുവിളികളെ നേരിടാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു കരുത്തായത് ജനകീയാസൂത്രണം പകര്‍ന്നുനല്‍കിയ പാഠങ്ങളായിരുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രജതം 2021 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡാനന്തര നവകേരള സൃഷ്ടിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുഖ്യപങ്ക് വഹിക്കാന്‍ കരുത്തേകിയത് ജനകീയാസൂത്രണത്തില്‍ നിന്ന് ആര്‍ജിച്ച കാര്യശേഷിയും അനുഭവ സമ്പത്തുമാണ്. പദ്ധതി ആസൂത്രണത്തിലും നടത്തിപ്പിലും ജനകീയ പങ്കാളിത്തം സാധ്യമാക്കുന്നതിലൂടെ ചരിത്രപരമായ കാല്‍വയ്പ്പാണ് കേരളം നടത്തിയത്. സംസ്ഥാന പദ്ധതി വിഹിതത്തിന്റെ മൂന്നിലൊന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കാനുള്ള തീരുമാനവും വിപ്ലവകരമായിരുന്നു. അതോടെ പ്രദേശത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാനുള്ള കരുത്ത് അവയ്ക്ക് കൈവന്നു. വികസന മുന്നേറ്റത്തിലും ഭരണ സംവിധാനത്തിലും നിര്‍ണായക വഴിത്തിരിവാണ് അതിലൂടെ സാധ്യമായത്. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക മേഖലകളിലും വലിയ മാറ്റങ്ങളുണ്ടായി. അടച്ചുപൂട്ടാനിരുന്ന വിദ്യാലയങ്ങളെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റിയതില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് നിര്‍ണായകമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ മുഖഛായ മാറ്റിയ ജനകീയാസൂത്രണ ചരിത്രം തുടങ്ങിയത് തന്നെ കല്യാശേരിയിലാണ്. കണ്ണൂര്‍ ജില്ലയെ സംബന്ധിച്ചിടത്തോളം ജനകീയാസൂത്രണത്തിന്റെ സുവര്‍ണ കാലഘട്ടമാണ് കടന്നുപോയത്. സമാനതകളില്ലാത്ത വികസന ക്ഷേമ പ്രവര്‍ത്തനങ്ങളാണ് ഈ കാലയളവില്‍ നടന്നത്. മുകുളം പദ്ധതി, ഒന്നാം ക്ലാസ്സ് ഒന്നാന്തരം തുടങ്ങി രാജ്യത്തിനാകെ മാതൃകയായ പല പദ്ധതികളും നടപ്പിലാക്കാന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന് സാധിച്ചുവെന്നത് എടുത്തുപറയേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്തിന്റെ മുന്‍ കാല പ്രസിഡണ്ടുമാര്‍ ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു കൊണ്ടായിരുന്നു ജില്ലാ പഞ്ചായത്തിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന രജതം 2021 ആഘോഷപരിപാടികള്‍ക്ക് തുടക്കമായത്. കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിച്ച് രണ്ട് സെഷനുകളിലായാണ് മുന്‍ ജനപ്രതിനിധികളെ ആദരിച്ചത്. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ആദ്യ സെഷനില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയായി. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ തുടക്കം മുതലുള്ള ഹ്രസ്വ റിപ്പോര്‍ട്ട് പി പി ദിവ്യ അവതരിപ്പിച്ചു. 1995 മുതല്‍ 2005 വരെയുള്ള ജില്ലാ പഞ്ചായത്ത് ഭരണ സമിതി പ്രസിഡണ്ടുമാര്‍, വൈസ് പ്രസിഡണ്ടുമാര്‍, അംഗങ്ങള്‍ എന്നിവരെ കെ വി സുമേഷ് എംഎല്‍എ ഉപഹാരം നല്‍കി ആദരിച്ചു. ഉച്ചയ്ക്കു ശേഷം നടന്ന രണ്ടാമത്തെ സെഷന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉദ്ഘാടനം ചെയ്തു. 2010 മുതല്‍ 2020 വരെയുള്ള ഭരണസമിതി അംഗങ്ങളെയാണ് രണ്ടാം സെഷനില്‍ ആദരിച്ചത്. ഇക്കാലയളവില്‍ മരണപ്പെട്ട ജനപ്രതിനിധികളെ അനുസ്മരിച്ച് ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.

മുന്‍ പ്രസിഡണ്ടുമാരായ ഇ വി രാധ ടീച്ചര്‍, ഒ വി നാരായണന്‍, കെ കെ നാരായണന്‍, കെ വി സുമേഷ് എംഎല്‍എ, വൈസ് പ്രസിഡണ്ടുമാരായിരുന്ന എം സി രാഘവന്‍, പി രാമചന്ദ്രന്‍, ടി കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ വി കെ സുരേഷ് ബാബു, അഡ്വ. കെ കെ രത്നകുമാരി, അഡ്വ. ടി സരള, യു പി ശോഭ, ജില്ലാ പഞ്ചായത്തംഗം തോമസ് വക്കത്താനം, വി കെ അബ്ദുള്‍ ഖാദര്‍ മൗലവി, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ടി ഗംഗാധരന്‍ മാസ്റ്റര്‍, മുന്‍ കാല സെക്രട്ടറിമാരായ കെ എം രഘുരാമന്‍, വി പി ജയാനന്ദ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് ട്രാന്‍സ്ജെന്റര്‍ കലാ ട്രൂപ്പ്  അവതരിപ്പിച്ച സംഘ നൃത്തം രജതം ആഘോഷങ്ങള്‍ക്ക് മിഴിവേകി.


Post a Comment

0 Comments