Flash News

6/recent/ticker-posts

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ; നിയന്ത്രണങ്ങൾ ഇങ്ങനെ

Views


കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ, കൊവിഡുമായി ബന്ധപ്പെട്ട വകുപ്പുകൾ, മാലിന്യ നിർമ്മാർജന സ്ഥാപനങ്ങൾ എന്നിവയ്ക്ക് മാത്രമാണ് ഇന്ന് പ്രവർത്തനാനുമതി.

ഹോട്ടലുകൾക്ക് ടേക് എവേ സൗകര്യത്തിൽ പ്രവർത്തിക്കാം. മെഡിക്കൽ ആവശ്യങ്ങൾക്കും കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനായി പ്രവർത്തിക്കുന്നവർക്കും മാത്രമായിരിക്കും യാത്രാനുമതി. മറ്റുള്ളവർക്ക് പൊലീസിന്‍റെ പാസ് നിർബന്ധമായും കൈയ്യിൽ കരുതണം. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് പൊലീസിന്‍റെ തീരുമാനം.

സംസ്ഥാനത്ത് നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ ഉണ്ടാകും. രാത്രി പത്തുമുതല്‍ രാവിലെ ആറുവരെയാണ് കര്‍ഫ്യൂ. വാര്‍ഡുകളിലെ ട്രപ്പിള്‍ ലോക്ഡൗണ്‍ ശക്തമാക്കും. പ്രതിവാര രോഗവ്യാപനതോത് ഏഴ് ശതമാനമുള്ള സ്ഥലങ്ങളിലാണ് ലോക്ഡൗണ്‍ കര്‍ശനമാക്കുക. കൊവിഡ് നിയന്ത്രണങ്ങള്‍ ഏങ്ങനെ തുടരണമെന്ന് ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച വിദഗ്ധരുടെ യോഗം വിളിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരെ ജില്ലകളിലേക്ക് നിയമിച്ചു.

ചരക്ക് വാഹനങ്ങള്‍ക്ക് രാത്രി യാത്ര തുടരാം, അത്യാവശ്യ സേവനങ്ങളില്‍ ഏര്‍പ്പെടുന്ന ജീവനക്കാരെയും കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടുത്ത ബന്ധുക്കളുടെ മരണം സംഭവിച്ചാലും യാത്ര ചെയ്യുന്നതിന് അനുമതിയുണ്ട്. ദീര്‍ഘദൂര യാത്രക്കാര്‍ക്കും യാത്ര ചെയ്യാം. ട്രെയിന്‍ കയറുന്നതിനോ, എയര്‍പോര്‍ട്ടില്‍ പോകുന്നതിനോ, കപ്പല്‍ യാത്രികർക്കും രാത്രി യാത്ര ചെയ്യാം, ടിക്കറ്റ് കയ്യില്‍ കരുതിയാല്‍ മതിയാകും. മറ്റെന്തെങ്കിലും അത്യാവശ്യത്തിനായി യാത്ര ചെയ്യണമെങ്കില്‍ അടുത്തുള്ള പൊലിസ് സ്‌റ്റേഷനില്‍ നിന്ന് അനുമതി വാങ്ങണം.



Post a Comment

0 Comments