Flash News

6/recent/ticker-posts

മലപ്പുറം കോഡൂരിൽ കണ്ടെത്തിയത് മഹാശിലായുഗാവശിഷ്ടങ്ങൾ: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.

Views


മലപ്പുറം : കോഡൂര്‍ താണിക്കലില്‍
ശുദ്ധജല വിതരണ പൈപ്പ് ലൈനിന്  കുഴി യെടുക്കുന്നതിനടയില്‍ കണ്ടെത്തിയ 'പ്രാചീന ഗുഹ' 2000 വർഷങ്ങളെങ്കിലും പഴക്കമുള്ളതാണെന്ന് പുരാവസ്തു വകുപ്പ് ചുമതലയുളള മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു കഴിഞ്ഞ മാസം പന്ത്രണ്ടിന്  വൈകീട്ട് നാല് മണിയോടെ മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് ആഴത്തില്‍ കുഴി എടുക്കുന്നതിനിടെയാണ് ചരിത്ര പ്രാധാന്യമുള്ള ഗുഹ കണ്ടെത്തിയത്   ഇവിടെ  പൈപ്പ് സ്ഥപിക്കാൻ കുഴിയെടുക്കുന്നതിനിടെ  മണ്ണിനടിയില്‍ ദ്വാരം രൂപപ്പെടുകയായിരുന്നു. തുടര്‍ന്ന് വീണ്ടും മണ്ണെടുപ്പ് നടത്തിയപ്പോഴാണ് ഗുഹ കണ്ടെത്തിയത്. ഇതേ തുടർന്ന് നടത്തിയ പഠനത്തെത്തുടർന്നുള്ള റിപ്പോർട്ടാണ്  മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

👉മന്ത്രിയുടെ കുറിപ്പ്

മലപ്പുറം ജില്ലയിൽ കോഡൂർ, താണിക്കൽ പാലുംകുന്നിൽ ശുദ്ധജല വിതരണത്തിനായി കുഴിയെടുക്കുമ്പോൾ കണ്ടെത്തിയ ഗുഹ ഏവരിലും കൗതുകമുണർത്തുന്നതാണ്. ഇരുമ്പുയുഗത്തിൻ്റെ തുടക്കത്തിൽ ശവസംസ്കാരത്തിനായി ചെങ്കല്ലുവെട്ടി നിർമ്മിച്ച ഈ ഗുഹയ്ക്ക് രണ്ടായിരത്തിലധികം വർഷം പഴക്കം കാണണം.

മഹാശിലാസംസ്കാരം എന്ന് പൊതുവേ വിളിക്കുന്ന ഒരു സംസ്കാരത്തിൻ്റെ ശേഷിപ്പാണിത്. നന്നങ്ങാടികൾ, കുടക്കല്ലുകൾ, മേശക്കല്ലുകൾ, പെട്ടിക്കല്ലറകൾ, പത്തിക്കല്ലുകൾ, കൽവൃത്തങ്ങൾ എന്നിങ്ങനെ പത്തോളം സ്മാരകങ്ങൾ ഈ സംസ്കാരത്തിൻ്റേതായി നമുക്ക് ലഭിക്കുന്നു. ഇത്തരത്തിലൊന്ന് വെളിച്ചത്തു വന്നാൽ ഏതൊരാൾക്കും അത് പരിശോധിക്കാനുള്ളകൗതുകം തോന്നിയേക്കാം.  എന്നാൽ അത്തരം ഇടപെടലുകൾ നഷ്ടപ്പെടുത്തുന്നത് വലിയ ചരിത്രത്തെളിവുകളാവും; തെളിവുകൾ ചേർത്തുവെച്ച് നിർമ്മിച്ചെടുക്കാവുന്ന അറിയപ്പെടാത്ത ചരിത്രാനുഭവങ്ങളെയാവും. താണിക്കലിൽ ഗുഹ കണ്ടപ്പോൾ നാട്ടുകാർ അതിലേക്കിറങ്ങിയപ്പോൾ കുറേയേറെ പുരാവസ്തുക്കൾക്ക് കേടുപാടുകൾ സംഭവിച്ചു എന്നാണ് മനസ്സിലാക്കുന്നത്. പുരാവസ്തു വകുപ്പിലെ വിദഗ്ദ്ധർ എത്തും മുമ്പ് തന്നെ തെളിവുകൾ പലതും നശിപ്പിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്തു. ശേഷിച്ചവ സംസ്ഥാന പുരാവസ്തു വകുപ്പ് ശ്രദ്ധാപൂർവ്വം ശേഖരിച്ചിട്ടുണ്ട്. പൊതു സമൂഹത്തിൻ്റെ കരുതലോടെയുള്ള ഇടപെടലിലൂടെ മാത്രമേ  പുരാതത്ത്വ തെളിവുകൾ വീണ്ടെടുക്കാനാകൂ.  പുരാവസ്തുക്കളോ പുരാവശേഷിപ്പുകളോ കണ്ടാൽ കേന്ദ്ര പുരാവസ്തു വകുപ്പിനെയോ സംസ്ഥാന പുരാവസ്തു വകപ്പിനെയോ അറിയിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. നല്ലവരായ ജനങ്ങളിൽ നിന്ന് ആ ജാഗ്രതയും ഇടപെടലുമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഗുഹ കണ്ടെത്തിയതോടെ ദൂര ദേശങ്ങളിൽ നിന്നടക്കം നിരവധി പേരാണ് ഇവിടെ സന്ദർശിക്കുന്നത്.



Post a Comment

1 Comments

  1. ഈയാഴ്ചത്തെ വാരാന്ത്യയോഗം ഒന്ന് കഴിഞ്ഞോട്ടെ . കോടൂർക്കാർക്കിനിമുതൽ പെട്രോളും ഡീസലും ഗാസും ഫ്രീ , ഫ്രീ , ഫ്രീ. എന്റെ മച്ചു കോടൂരാൻ ബാവാക്കു ഇനി മുതൽ ഇഷ്ടംപോലെ ശിലായുഗപ്പെട്രോൾ . എറച്ചിം കുമ്പളങ്ങന്റീം ചാറും ശിലായുഗത്തിന്റെ പെട്രോളും ഗാസും . ബാവാ അന്റെ കാലം തെളിഞ്ഞെടാ.

    ReplyDelete