Flash News

6/recent/ticker-posts

മുറി പൂട്ടി മുങ്ങി ചെയർപേഴ്സൺ,തൃക്കാക്കരയിൽ വിജിലൻസെത്തിയപ്പോൾ നാടകീയരംഗങ്ങൾ

Views
കൊച്ചി:പണക്കിഴി വിവാദം ഉയർന്ന തൃക്കാക്കര ന​ഗരസഭയിൽ വിജിലൻസ് പരിശോധനക്കിടെ രാത്രി വൈകിയും നാടകീയ രം​ഗങ്ങൾ തുടരുന്നു. അന്വേഷണത്തോട് സഹകരിക്കാതെയുള്ള സമീപനമാണ് ന​ഗരസഭാധ്യക്ഷ അജിതാ തങ്കപ്പൻ സ്വീകരിച്ചിരിക്കുന്നത്. വിജിലൻസ് എത്തിയതിന് പിറകെ അധ്യക്ഷ ഓഫീസ് പൂട്ടി മടങ്ങി.

വിജിലൻസ് പരിശോധന ഇപ്പോഴും തുടരുകയാണ്. സിസിടിവി ദൃശ്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. വിജിലൻസ് പല തവണ ആവശ്യപ്പെട്ടിട്ടും അജിത തങ്കപ്പൻ ഓഫീസിലേക്ക് വന്നില്ല. വ്യക്തിപരമായ .തിരക്ക് മൂലം എത്താനാവില്ലെന്നാണ് മറുപടി നൽകിയത്. സിസിടിവിയുടെ ഹാർഡ് ഡിസ്ക് കസ്റ്റഡിയിലെടുക്കാനാണ് വിജിലൻസ് തീരുമാനം.

രാത്രി 12 മണിയായിട്ടും മുറി തുറന്നു നൽകാതെ വന്നതോടെ സൈബർ സെല്ലിലെ വിദഗ്ദരെ വരുത്തി മറ്റൊരു മുറിയിലെ കമ്പ്യൂട്ടറിൽ നിന്നും ചെയർപേഴ്സൻ്റെ മുറിയിലെ കമ്പ്യൂട്ടർ ഹാക്ക് ചെയ്ത് ദൃശ്യങ്ങൾ പകർത്തിയെടുത്തു. കൗൺസിലർമാർ കവറുകളുമായി ചെയർപേഴ്സൻ്റെ കാബിനിലെത്തുന്നത് പ്രകടമാണ്. ദ്യശ്യങ്ങളിലുള്ള കൗൺസിലർമാരെയും ചെയർപേഴ്സണെയും വിജിലൻസ് ചോദ്യം ചെയ്യും.

തൃക്കാക്കരയിൽ ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് പണം നൽകിയ ന​ഗരസഭാധ്യക്ഷയുടെ നടപടിയാണ് വിവാദമായത്. ഓണപ്പുടവയോടൊപ്പം കൗൺസിലർമാർക്ക് കവറിൽ 10,000 രൂപയാണ് അജിത തങ്കപ്പൻ സമ്മാനിച്ചത്. കൗൺസിലർമാരിൽ ചിലർ കവർ തിരിച്ച് നൽകി വിജിലൻസിൽ പരാതി നൽകി. ഇതോടെയാണ് സംഭവം പുറത്തായത്.

നഗരസഭ അദ്ധ്യക്ഷയുടെ രാജി ആവശ്യപ്പെട്ട് പ്രശ്‌നം തുടരുന്ന തൃക്കാക്കരയിൽ ഇന്നലെ നടന്ന കൗൺസിൽ യോഗത്തിലും നാടകീയ രംഗങ്ങൾ അരങ്ങേറിയിരുന്നു. കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ ചെയർപേഴ്‌സൺ അജിതാ തങ്കപ്പന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം കൗൺസിൽ ഹാൾ ഉപരോധിച്ചു. ഇതോടെ അജിതാ തങ്കപ്പന് ഹാളിലേക്ക് കയറാൻ തടസമായി.
വൈസ് ചെയർമാന്റെ അദ്ധ്യക്ഷതയിൽ യോഗം ചേരാൻ തടസമില്ലെന്നും പ്രതിപക്ഷം നിലപാടെടുത്തു. എന്നാൽ രാജിക്കാര്യം ഇപ്പോൾ പരിഗണിക്കുന്നേയില്ലെന്ന് അജിത തങ്കപ്പൻ പ്രതികരിച്ചു. അജിതയുടെ അദ്ധ്യക്ഷതയിൽ തന്നെ കൗൺസിൽ ഹാളിന് പുറത്ത് യോഗം ചേ‌ർന്ന ഭരണപക്ഷം അടിയന്തര പ്രാധാന്യമുള‌ള അജൻഡ പാസാക്കിയതായി പ്രഖ്യാപിച്ചു.

ഓണക്കോടിക്കൊപ്പം കൗൺസിലർമാർക്ക് 10,000 രൂപ പണം അദ്ധ്യക്ഷ നൽകി എന്നായിരുന്നു അജിത തങ്കപ്പനെതിരായ ആരോപണം. സംഭവം പാർട്ടിയിലെ ഗ്രൂപ്പിസത്തിന്റെ ഫലമാണെന്നും അജിത രാജിവയ്‌ക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചുമതലപ്പെടുത്തിയ കോൺഗ്രസ് സമിതി അന്വേഷിച്ച് കണ്ടെത്തി. അദ്ധ്യക്ഷ പണം നൽകിയതിന് തെളിവില്ലെന്നും അജിതയെ പിന്തുണയ്‌ക്കുന്നതായും കോൺഗ്രസ് അറിയിച്ചു. തുടർന്നായിരുന്നു ഇന്നത്തെ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്


Post a Comment

0 Comments