Flash News

6/recent/ticker-posts

സ്‌പെയിനിനെ കീഴടക്കി ഒളിമ്പിക് ഫുട്‌ബോള്‍ സ്വര്‍ണം നിലനിര്‍ത്തി ബ്രസീൽ

Views

ടോക്യോ: ടോക്യോ ഒളിമ്പിക്സിലെ പുരുഷ വിഭാഗം ഫുട്ബോളിൽ സ്വർണം സ്വന്തമാക്കി ബ്രസീൽ. ആവേശകരമായ മത്സരത്തിൽ സ്പെയിനിനെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് ബ്രസീൽ കീഴടക്കിയത്. എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തിൽ മാൽക്കോമാണ് ബ്രസീലിന്റെ വിജയഗോൾ നേടിയത്.

2016 റിയോ ഒളിമ്പിക്സിലും ബ്രസീൽ തന്നെയാണ് സ്വർണം നേടിയത്. ഒളിമ്പിക്സ് ഫുട്ബോളിൽ ബ്രസീൽ നേടുന്ന രണ്ടാം സ്വർണമാണിത്.

ബ്രസീലിന് വേണ്ടി മാൽക്കോമും മത്തേയൂസ് കുന്യയും സ്കോർ ചെയ്തപ്പോൾ നായകൻ മിക്കേൽ ഒയാർസബാൽ സ്പെയിനിനായി ഗോൾവല ചലിപ്പിച്ചു. മികച്ച പ്രകടനം നടത്തിയിട്ടും സ്പെയിനിന് വിജയം സ്വന്തമാക്കാൻ സാധിച്ചില്ല.

ആദ്യപകുതിയുടെ ഇൻജുറി ടൈമിൽ മത്തേയൂസ് കുന്യയിലൂടെ ബ്രസീലാണ് മത്സരത്തിൽ ലീഡെടുത്തത്. നായകൻ ഡാനി ആൽവസ് എടുത്ത കോർണർ കിക്ക് സ്വീകരിച്ച കുന്യ പന്ത് കൃത്യമായി വലയിലെത്തിച്ച് നിലവിലെ ഒളിമ്പിക് ചാമ്പ്യന്മാർക്ക് ലീഡ് സമ്മാനിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോൾ ആ ലീഡ് നിലനിർത്താനും ബ്രസീലിന് സാധിച്ചു. ആദ്യപകുതിയിൽ റിച്ചാലിസൺ പെനാൽട്ടി പാഴാക്കിയത് ബ്രസീലിന് തിരിച്ചടിയായി.

എന്നാൽ രണ്ടാം പകുതിയിൽ കളി മാറി. ഉണർന്നുകളിച്ച സ്പെയിൻ സംഘം 61-ാം മിനിട്ടിൽ ലക്ഷ്യം കണ്ടു. മുന്നേറ്റതാരവും നായകനുമായ മിക്കേൽ ഒയാർസബാലാണ് സ്പാനിഷ് സംഘത്തിന് സമനില ഗോൾ സമ്മാനിച്ചത്. കാർലോസ് സോളറുടെ തകർപ്പൻ പാസ് സ്വീകരിച്ച ഒയാർസബാൽ പന്ത് കാനറികളുടെ പോസ്റ്റിലേക്ക് അടിച്ചുകയറ്റി.

കളി സമനിലയിലായതോടെ വിജയഗോളിനായി ഇരുടീമുകളും ആക്രമിച്ചുകളിച്ചു. 88-ാം മിനിട്ടിൽ സ്പെയിൻ ഗോൾ നേടി എന്ന് തോന്നിച്ചെങ്കിലും ബ്രയാൻ ഗില്ലിന്റെ തകർപ്പൻ ഷോട്ട് ബ്രസീൽ ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. വൈകാതെ നിശ്ചിത സമയം അവസാനിച്ചു. മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു.

എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നെങ്കിലും രണ്ടാം പകുതിയിൽ ബ്രസീൽ മത്സരത്തിൽ ലീഡെടുത്തു. 108-ാം മിനിട്ടിൽ യുവതാരം മാൽക്കോമാണ് ഗോൾ നേടിയത്. പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ താരം സ്പെയിൻ ഗോൾകീപ്പർ ഉനായ് സിമോണിനെ കബിളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. ഇതോടെ ബ്രസീൽ വിജയമുറപ്പിച്ചു.




Post a Comment

2 Comments

  1. Poliyee����

    ReplyDelete
  2. ബ്രസീലും സ്പെയിനും അർജെന്റീനയും ജർമനിയും ഒക്കെത്തന്നെയല്ലേ കാല്പന്തുകളിയിലെ രാജാക്കന്മാർ . അത്ഭുതപ്പെടാനൊന്നുമില്ല. ഇവരെയാരെയെങ്കിലും തോൽപിച്ചു വേറെയാരെങ്കിലും സ്വർണം കൊണ്ടുപോകുമ്പോഴേ അതൊരു വാർത്തയാകുന്നുള്ളൂ. മനുഷ്യൻ പട്ടിയെ കടിക്കുമ്പോഴാണ് അതൊരു വാർത്തയാകുന്നത് . പട്ടി മനുഷ്യനെ കടിക്കുന്നതെന്തു വാർത്ത . ഇത്‌ വെറുമൊരു സാദാ ചരിത്രരേഖ മാത്രം.

    ReplyDelete