Flash News

6/recent/ticker-posts

കരിപ്പൂര്‍ വിമാനാപകടത്തില്‍പ്പെട്ടവരുടെ ചികിത്സാ സഹായം നിര്‍ത്തുന്നതായി എയര്‍ ഇന്ത്യ; ആശങ്കയോടെ പരിക്കേറ്റവര്‍

Views
പൊന്നാനി: കരിപ്പൂര്‍ വിമാനപകടത്തില്‍പ്പെട്ടവരുടെ ചികിത്സാ സഹായം എയര്‍ ഇന്ത്യ നിര്‍ത്തുന്നതില്‍ ആശങ്കയോടെ പരിക്കേറ്റവര്‍. വിമാനാപകടത്തില്‍ പൊട്ടിയ കാലിന് ശസ്ത്രക്രിയ അടക്കം നിരവധി ചികിത്സ ഇനിയും ബാക്കിയിരിക്കെയാണ് പൊന്നാനി സ്വദേശി ഷരീഫിന് ചികിത്സ ചെലവ് നിര്‍ത്തിയതായി എയര്‍ ഇന്ത്യ കത്തയച്ചത്. 

ഇതോടെ ഇനി ചികിത്സ എങ്ങനെ തുടരുമെന്നറിയാതെ ആശങ്കയിലായിരിക്കുകയാണ് ഇദ്ദേഹം. മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ആശുപത്രി ചെലവ് വഹിക്കുന്നത് നിര്‍ത്തലാക്കിയ എയര്‍ ഇന്ത്യയുടെ തീരുമാനത്തില്‍ പരക്കെ ആശങ്ക ഉയരുകയാണ്. 

വിമാന ദുരന്തത്തില്‍ ഷെരീഫിന് ജീവിതം തീര്‍ത്തും ദുരിതത്തിലാവുകയാണ് ഉണ്ടായത്. കാലിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ഷരീഫ് ഒരു വര്‍ഷമായി ചികിത്സ തുടരുകയാണ്. നിരവധി ശസ്ത്രക്രിയകള്‍ കഴിഞ്ഞിട്ടും അദ്ദേഹത്തിന് കമ്പി മുറുക്കിയ കാല്‍ ഇതുവരെ നിലത്തു കുത്താനായിട്ടില്ല.

ഷരീഫിന് കാലിന് സ്വാധീനമുണ്ടാകില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതാണ്. ഇതിനിടയിലാണ് ആശുപത്രി ചെലവുകള്‍ വഹിച്ചിരുന്ന എയര്‍ ഇന്ത്യ അത് നിര്‍ത്തുന്നുവെന്ന കത്ത് കിട്ടിയത്. ഇതോടെ കഷ്ടത്തിലായിരിക്കുകയാണ് ഇദ്ദേഹത്തിന്റെ അവസ്ഥ.  

ചികിത്സ തുടരുന്നതിനും ബാക്കിയുള്ള സര്‍ജറി നടത്തുന്നതിനും വേണ്ടിയുള്ള  ചികിത്സാ ചെലവുകള്‍ എങ്ങനെ വഹിക്കുമെന്ന് ഒരു നിശ്ചയവുമില്ലാതായിരിക്കുകയാണ് അദ്ദേഹം. ഇത്തരത്തില്‍ ദുരന്തത്തില്‍ പരിക്കേറ്റ് ഇന്നും ചികിത്സ തുടരുന്ന ഒട്ടേറേ പേരാണ് സമാനമായ ആശങ്ക പങ്കുവെക്കുന്നത്.


Post a Comment

0 Comments