Flash News

6/recent/ticker-posts

അബൂദബി വിമാനനിരക്ക് പ്രവാസികൾക്ക് താങ്ങാവുന്നതിനുമപ്പുറം

Views

അബൂദബി: കേരളത്തിൽനിന്ന് അബൂദബിയിലേക്ക് ശനിയാഴ്​ച മുതൽ വിമാന സർവീസ് ആരംഭിച്ചെങ്കിലും സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാവുന്നതിനപ്പുറമാണ് നിലവിലെ വിമാന നിരക്ക്​.

അബൂദബിയിലേക്ക് കൊച്ചിയിൽനിന്ന്​ വരുന്നതിന്​ വിമാനനിരക്ക് ഇത്തിഹാദ് എയർവേസ് വിമാനത്തിൽ ഈ മാസം 11 മുതൽ 30 വരെ 67,518 രൂപ മുതൽ 1,41,128 രൂപവരെയാണ്. വൺവേ ടിക്കറ്റ് നിരക്കാണിത്. സെപ്​റ്റംബർ 12 മുതലാണ് നിരക്ക് കുറയുന്നത്. സെപ്റ്റംബർ 12, 13, 17 തീയതികളിൽ 29,441 രൂപയായി നിരക്ക് താഴും. സെപ്റ്റംബർ 15ന് 18,373 രൂപക്ക്​ ടിക്കറ്റുണ്ട്.

ഇത്തിഹാദ് വിമാനങ്ങളിൽ തിരുവനന്തപുരത്തുനിന്ന് അബൂദബിക്ക് 10നു ചൊവ്വാഴ്​ച 79,197 രൂപക്കും 13ന് 80,373 രൂപക്കും ടിക്കറ്റുണ്ട്. 20, 22, 29 തീയതികളിൽ 83,523 രൂപയും 24നു 82,347 രൂപയുമാണ് നിരക്ക്. സെപ്റ്റംബർ അഞ്ചിന്​ 22,287 രൂപയായി ടിക്കറ്റ് നിരക്ക് താഴുന്നുണ്ട്​.  
കൊച്ചിയിൽനിന്ന് അബൂദബിക്ക് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഈ 15,23,26 തീയതികളിൽ വൺവേ ടിക്കറ്റ് നിരക്ക് 59,065 രൂപയും 18ന് 48,040 രൂപയും 20നു 43,840 രൂപയുമാണ് സൈറ്റിൽ കാണിക്കുന്നത്. 

കോഴിക്കോടുനിന്ന് അബൂദബിക്ക് 45,820 രൂപയാണ്​ നിരക്ക്​. 17 മുതൽ 42,145 ആയും 23 മുതൽ 38,995 രൂപയായും ടിക്കറ്റ് ചാർജ് കുറയും. കണ്ണൂർ വിമാനത്താവളത്തിൽനിന്ന് അബൂദബിക്കുള്ള നിരക്ക് ഏകദേശം ഇതേ നിലവാരത്തിൽതന്നെയാണ്. സെപ്​റ്റംബറിൽ കണ്ണൂർ-അബൂദബി ടിക്കറ്റ് നിരക്ക് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളിൽ 18,696 രൂപയായി കുറയും. 

ദുബൈ, ഷാർജ ഉൾപ്പെടെ എമിറേറ്റുകളിലേക്കും കേരളത്തിലെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽനിന്നുള്ള നിരക്ക്​ കൂടുതലാണ്. ഇക്കോണമി നിരക്ക് ഏതു നിമിഷവും വർധിക്കുന്ന സ്ഥിതിയാണ്.   

വിമാനത്തിലെ സീറ്റും ഭക്ഷണവും തെരഞ്ഞെടുക്കുമ്പോൾ ഈ നിരക്ക് വീണ്ടും വർധിക്കും. യാത്രികർ ട്രാവൽ ഏജൻസി വഴിയാണ് ടിക്കറ്റ് എടുക്കുന്നതെങ്കിൽ സർവിസ് ചാർജ് കൂടി അധികം നൽകേണ്ടി വരുന്ന സാഹചര്യമാണുള്ളത്​.


Post a Comment

0 Comments