Flash News

6/recent/ticker-posts

സി.പി.എം നിയന്ത്രണത്തിലുള്ള പറപ്പൂർ വീണാലുക്കൽ റൂറൽ സൊസൈറ്റിയിൽ നടന്ന കോടികളുടെ തട്ടിപ്പ് വഴിത്തിരിവിൽ

Views
സി.പി.എം സൊസൈറ്റി തട്ടിപ്പ് 
ഒമ്പത് കോടി അടക്കാൻ
ഡയറക്ടർമാർക്ക് നോട്ടീസ്

✍️ഇ.കെ സുബൈർ 

പറപ്പൂർ: സി.പി.എം നിയന്ത്രണത്തിലുള്ള പറപ്പൂർ വീണാലുക്കൽ റൂറൽ സൊസൈറ്റിയിൽ നടന്ന കോടികളുടെ തട്ടിപ്പ് വഴിത്തിരിവിൽ. ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങാനിരിക്കെ 9 കോടിയുടെ ബാധ്യത അടക്കണമെന്നാവശ്യപ്പെട്ട് ജോയിൻ്റ് രജിസ്ട്രാർ സി.പി.എം നേതാക്കൾ ഉൾപ്പെട്ട ഡയറക്ടർ ബോർഡ് അംഗങ്ങൾക്ക് നോട്ടീസ് നൽകി. സി.പി.എം സൊസൈറ്റി തട്ടിപ്പിന് നടന്നിട്ട് രണ്ടര വർഷം പിന്നിട്ടപ്പോഴാണ് അന്വേഷണം വഴിത്തിരിവിലെത്തിയത്. അതിനിടെ ജില്ലാ കമ്മറ്റി ഇടപെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം നീട്ടിക്കൊണ്ട് പോകാൻ നീക്കം തുടങ്ങിയതായി സൂചന.


 സി.പി.എം നിയന്ത്രണത്തിലുള്ള പറപ്പൂർ വീണാലുക്കൽ റൂറൽ കോഓപറേറ്റീവ് സൊസൈറ്റിയിൽ 2019 ഫിബ്രവരി 28ന് കോടികളുടെ തട്ടിപ്പ് പുറത്തായത്. തട്ടിപ്പിനെ തുടർന്ന് സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 600 പവനോളം സ്വർണ്ണാഭരണവും 88 ലക്ഷം രൂപയും നഷ്ടപ്പെട്ടതായി കണ്ടെത്തിരുന്നു. സ്ഥിര നിക്ഷേപത്തിൽ നിന്ന് 7 ലക്ഷവും നഷ്ടപ്പെട്ടിരുന്നു. സൊസൈറ്റി പ്രസിഡൻറും സി.പി എം നേതാവുമായ എം.മുഹമ്മദ് വേങ്ങര പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ജീവനക്കാരനും ഡി.വൈ.എഫ്.ഐ നേതാവുമായ മൂച്ചിക്കാടൻ ജബ്ബാറിനെ വേങ്ങര പോലീസ് അറസ്റ്റ് ചെയ്തിരുന്നു.പിന്നീട് കൂട്ടുപ്രതിയും താൽക്കാലിക ജീവനക്കാരനുമായ ഷഹദ് ഷഹീറിനെയും അറസ്റ്റ് ചെയ്തിരുന്നു. തെളിവെടുപ്പിനിടെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ പ്രതികൾ പണയം വെച്ച നാല് കിലോ സ്വർണ്ണം കണ്ടെടുത്തിരുന്നു. മലപ്പുറം ഡി.വൈ.എസ്.പി ജലീൽ തോട്ടത്തിലിനായിരുന്നു അന്വേഷണ ചുമതല.സി.പി.എം ജില്ലാ കമ്മറ്റിയംഗങ്ങൾ ഉൾപ്പെടുന്നതാണ് ഭരണസമിതി.സംഭവത്തെ തുടർന്ന് ലീഗും യൂത്ത് ലീഗും യു.ഡി.എഫും മറ്റ് യുവജന സംഘടനകളും നിരവധി തവണ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.പഞ്ചായത്ത് ലീഗ് കമ്മറ്റി ജില്ലാ കളക്ടർ, പോലീസ് സൂപ്രണ്ട്, ജോയിന്റ് രജിസ്ട്രാർ എന്നിവർക്ക് നേരിട്ട് പരാതിയും നൽകിയിരുന്നു. 
ഇരകളിൽ പലരും സി.പി.എം അനുഭാവികൾ കൂടി ആയതിനാൽ ഏതാനും മാസങ്ങൾക്ക് മുമ്പ് പാർട്ടിയിലെ ഒരു വിഭാഗം യോഗം ചേർന്ന് കർമ്മസമിതി രൂപീകരിച്ച് മുഖ്യമന്ത്രിക്കടക്കം പരാതിയും നൽകിയിരുന്നു. സൊസൈറ്റി തട്ടിപ്പ് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ കനത്ത പരാജയത്തിനും ഇടയാക്കിയിരുന്നു. കേസ് ജീവനക്കാരനിൽ മാത്രം ഒതുക്കി പാർട്ടി നേതാക്കളെ രക്ഷപ്പെടുത്താൻ അന്ന് മുതലേ നീക്കം നടന്നിരുന്നു.  അന്ന് തന്നെ പരാതിയുമായി നിരവധി പേർ രംഗത്ത് വന്നിരുന്നെങ്കിലും നേതാക്കൾ സമ്മർദ്ദം ചെലുത്തി പിന്തിരിപ്പിക്കുകയായിരുന്നു. കുഴിപ്പുറം, വീണാലുക്കൽ, പൊട്ടിപ്പാറ ചോലക്കുണ്ട് ഭാഗങ്ങളിലുള്ള സ്ത്രീകളായിരുന്നു കൂടുതൽ ഉപഭോക്താക്കളും.
സഹകരണ നിയമം 68 (1) പ്രകാരം അസിസ്റ്റൻ്റ് രജിസ്ട്രാർ അന്വേഷണം നടത്തി 68 ( 2 ) വകുപ്പ് പ്രകാരമാണ് ഡയറക്ടർമാർ സർജാർജായി 9.4കോടി അടക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്.ഒന്നാം പ്രതി ജബ്ബാർ 5.4 കോടി, സെക്രട്ടറി പി.കെ പ്രസന്നകുമാരി 2.2 കോടി, സൊസൈറ്റി പ്രസിഡൻറും സി.പി.എം മുൻ ജില്ലാ കമ്മറ്റി അംഗവുമായ എം.മുഹമ്മദ് 98.37 ലക്ഷം, വൈസ് പ്രസിഡൻ്റും പറപ്പൂർ പഞ്ചായത്തംഗവുമായ സി.കബീർ 4.38ലക്ഷം, സി.പി.എം ജില്ലാ കമ്മറ്റി അംഗവും മഹിളാ അസോസിയേഷൻ ജില്ലാ ഭാരവാഹിയുമായ വി.ടി സോഫിയ 5.53 ലക്ഷം, അലവിക്കുട്ടി ആലങ്ങാടൻ 8.55 ലക്ഷം, ടി.കെ അലവി 8.84 ലക്ഷം, കെ.എം പറങ്ങോടൻ 7.83 ലക്ഷം, മണി ഐക്കാടൻ 5.82 ലക്ഷം, സത്യഭാമ 1.25 ലക്ഷം, പി.കെ അലവി 7.40 ലക്ഷം, പ്രേമലത 5.82 ലക്ഷം, ഡോ.അലസി കോട്ടക്കാരൻ 64000 എന്നിങ്ങനെയാണ് ബാധ്യത കണക്കാക്കിയിട്ടുള്ളത്.തുക അട വാക്കുകയൊ ആഗസ്റ്റ് 18ന് കാരണം ബോധിപ്പിക്കുകയൊ ചെയ്തില്ലെങ്കിൽ തുടർനടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ പറയുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം സജീവമാകുന്നതോടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകും. അതേ സമയം അന്വേഷണത്തിൽ ഇടപെട്ടിട്ടില്ലെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നുമാണ് പാർട്ടി നിലപാടെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ് പറഞ്ഞു.കരുവന്നൂർ അടക്കം കേരളത്തിൽ സി.പി.എം ഭരിക്കുന്ന നിരവധി ബാങ്കുകളിലെ തട്ടിപ്പ് പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ഡയറക്ടർ ബോർഡ് പിരിച്ചു വിടണമെന്നും നേതാക്കളെ അറസ്റ്റ്  ചെയ്യണമെന്നും ആവശ്യപ്പെട്ട് ഇന്ന് (ചൊവ്വ) രാവിലെ 10ന് ബാങ്കിന് മുമ്പിൽ യു.ഡി.എഫ് പ്രതിഷേധ സമരം നടത്തുമെന്ന് യു.ഡി.എഫ് ഭാരവാഹികളായ മൂസ്സ എടപ്പനാട്ടും വി.എസ് ബഷീർ മാസ്റ്ററും പറഞ്ഞു.

Post a Comment

1 Comments

  1. പണ്ടൊക്കെ പിരിക്കുക , നക്കുക , വിഴുങ്ങുക എന്നതായിരുന്നു സഖാക്കളുടെ മോഡസ് ഓപ്പറാണ്ടി . മണ്ടന്മാരായ കേരളീയർ തുടർഭരണം കൊടുത്തപ്പോഴാണ് ബാങ്കുകൾ പൊളിച്ചു വിഴുങ്ങാൻ തുടങ്ങുന്നത് . ഇതിൽ കഴിഞ്ഞു ഒരഞ്ചു കൊല്ലത്തേക്ക് കൂടി തുടർഭരണം കൊടുത്തുനോക്കൂ , അപ്പോൾ സംസ്ഥാനത്തിന്റെ ഖജനാവുകൾ പൊളിച്ചു കക്കും. സർക്കാർ മുതലുകളെല്ലാം അന്യാധീനപ്പെടുത്തും . ഓരോ പൗരന്മാരെയും പിടിച്ചുകൊണ്ടുപോയി അടിമപ്പണിക്ക് വിൽക്കാൻ പോലും കമ്യുണിസ്റ്റുകാർ മടിക്കുകയില്ല . AD 2000 ത്തിൽ ചൈന UAE യുടെ മുന്നിൽ ഇത്തരം ഒരു പ്രൊപോസൽ അവതരിപ്പിച്ചു എന്ന് പറഞ്ഞു കേട്ടിരുന്നു . ചൈനയിലെ തടവുകാരെ ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ MAN POWER ആയി UAE ക്ക്‌ നൽകാമെന്നായിരുന്നു പ്രൊപോസൽ . അതിലടങ്ങിയ അടിമത്തവും ഭീകരതയും ചീത്തപ്പേരും പേടിച്ച് "അത്തരമൊരു ആലോചനക്ക് പോലും തങ്ങൾ തയ്യാറില്ലെന്നും " UAE ഒഫീഷ്യൽസ് പിന്മാറി എന്നായിരുന്നു അന്നത്തെ ആ വാർത്ത . ഭരണം കിട്ടിയാൽപ്പിന്നെ കമ്യുണിസത്തിന്റെ ഭീകരതക്കു അവസാനമോ അതിർത്തികളൊ ഉണ്ടാകില്ല . സിംഗൂറും നന്ദിഗ്രാമും തന്നെ സമീപകാലത്തെ നമ്മുടെ മുമ്പിൽ വന്ന ഏറ്റവും വ്യക്തമായ ഉദാഹരണം .

    ReplyDelete