Flash News

6/recent/ticker-posts

ഗൂഗിളിന് ഇന്ന് 23-ാം പിറന്നാള്‍; ആഘോഷമാക്കി ഡൂഡിള്‍

Views

ഗൂഗിളിന് ഇന്ന് 23-ാം പിറന്നാള്‍; ആഘോഷമാക്കി ഡൂഡിള്‍

വിവരസാങ്കേതിക വിദ്യാ രംഗത്ത് ഗൂഗിള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. ഗൂഗിള്‍ എന്ന സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍ പിറവിയെടുത്തിട്ട് ഇന്നേക്ക് 23 വര്‍ഷം പിന്നിടുകയാണ്. ഇത്തവണ അല്പം വിത്യസ്തമായാണ് ഗൂഗിള്‍ തങ്ങളുടെ സ്ഥാപക ദിനം ആഘോഷിക്കുന്നത്. ഇതിനായി പുതിയ ഗൂഗിള്‍ ഡൂഡിള്‍ അവതരിപ്പിച്ചു. പിറന്നാളാഘോഷത്തിന്റെ ഭാഗമായി മനോഹരമായ കേക്കിന് സമീപം ഗൂഗിള്‍ എന്നെഴുതിയാണ് ഡൂഡിള്‍ വ്യത്യസ്തമായത്. സെര്‍ച്ച് എഞ്ചിന്‍ അവതരിപ്പിച്ച പുതിയ ഡൂഡിള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. നിരവധിപേരാണ് കമ്പനിക്ക് ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഗൂഗിള്‍ സ്ഥാപകരായ ലാറി പേജിന്റെയും സെര്‍ജി ബ്രിന്നിന്റെയും ആശയമാണ് പിന്നീട് ഗൂഗിള്‍ എന്ന പേര് ലോകം മുഴുവന്‍ പടര്‍ന്നു പിടിക്കാന്‍ കാരണമായത്. ദി അനാട്ടമി ഓഫ് എ ലാര്‍ജ് സ്‌കേല്‍ ഹൈപ്പര്‍ ടെക്സ്റ്റ്വല്‍ വെബ് സെര്‍ച്ച് എഞ്ചിന്‍ എന്ന പ്രബന്ധമാണ് ഗൂഗിളിന്റെ ആദ്യ ചുവടുവെയ്പ്പായി അവതരിപ്പിക്കപ്പെട്ടത്.

1998 സെപ്റ്റംബറില്‍ പിഎച്ച്ഡി വിദ്യാര്‍ഥികളായ ലാറി പേജും സെര്‍ജി ബ്രിന്നും ചേര്‍ന്നാണ് ഗൂഗിളിന് രൂപം നല്‍കിയത്. ഇരുവരും പഠിച്ചിരുന്ന കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല ക്യാമ്പസില്‍ ഉപയോഗിക്കുന്നതിനായിട്ടാണ് ഈ സെര്‍ച്ച് എഞ്ചിന്‍ ആരംഭിച്ചത്.നേരത്തെ തന്നെ ബാക്ക് റബ് എന്ന പേരില്‍ ഒരു സെര്‍ച്ച് എഞ്ചിന്‍ അല്‍ഗൊരിതം വികസിപ്പിച്ചെടുത്ത ഇരുവരും അവരുടെ പുതിയ പ്രൊജക്ടിന് ഗൂഗിള്‍ എന്ന് പേരിട്ടു. ഗണിതശാസ്ത്ര പദമായ ഗൂഗോളില്‍ (Googol) നിന്നാണ് ഗൂഗിള്‍( Google) എന്ന പേര് വന്നത്.

ഒന്നിനു ശേഷം നൂറു പൂജ്യങ്ങള്‍ വരുന്ന സംഖ്യയെ സൂചിപ്പിക്കും വിധം ഗൂഗള്‍ (googol) എന്ന പേര് സെര്‍ച്ച്് എഞ്ചിനു നല്‍കാനാണ് സ്ഥാപകര്‍ ആദ്യം ലക്ഷ്യമിട്ടിരുന്നത്. എണ്ണിയാല്‍ തീരാത്ത അത്ര വിവരങ്ങള്‍ ഈ സെര്‍ച്ച് എഞ്ചിനിലൂടെ ലഭിക്കും എന്ന സന്ദേശമാണ് ഈ പേര് ഇടാന്‍ കാരണമായത്. എന്നാല്‍, ഗൂഗള്‍ എന്നെഴുതിയതിലെ അക്ഷരപിശക് ഗൂഗളിനെ ഗൂഗിള്‍ എന്നാക്കി മാറ്റി. അങ്ങനെ ഗൂഗളിനു പകരം ഗൂഗിള്‍ (google) എന്ന പേരുവന്നു. പിന്നീട് അത് തിരുത്തിയതുമില്ല. ഗൂഗിളില്‍ തിരയുന്നവര്‍ക്ക് തെറ്റ് പറ്റുന്നത് ഒഴിവാക്കാന്‍ ഗൂഗിള്‍ എന്ന വാക്കിനോട് സമാനമായ എല്ലാ പദങ്ങളുടേയും ഡൊമൈനും ഗൂഗിള്‍ സ്വന്തമാക്കിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വിശാലമായ ഇന്റര്‍നെറ്റ് തിരച്ചില്‍ സംവിധാനമാണ് ഗൂഗിള്‍. അറിവുകള്‍ ശേഖരിച്ച് സാര്‍വ്വ ദേശീയമായി ലഭ്യമാക്കുക എന്നതാണ് ഗൂഗിളിന്റെ പ്രഖ്യാപിത ലക്ഷ്യം. വിവിധ തിരച്ചില്‍ ഉപകരണങ്ങളിലൂടെ ഇരുപത് കോടിയില്‍പ്പരം അന്വേഷണങ്ങളാണ് പ്രതിദിനം ഗൂഗിളിലെത്തുന്നത്. വെബ് സെര്‍ച്ച് എഞ്ചിന്‍ മാത്രമായി തുടക്കം കുറിച്ച ഗൂഗിളിനിപ്പോള്‍ ചിത്രങ്ങള്‍, വാര്‍ത്തകള്‍, വീഡിയോ, മാപ്പുകള്‍, ഓണ്‍ലൈന്‍ വ്യാപാരം, ഓണ്‍ലൈന്‍ സംവാദം എന്നിങ്ങനെ ഇന്റര്‍നെറ്റിന്റെ എല്ലാ മേഖലകളിലും സാന്നിദ്ധ്യമുണ്ട്.

23 വര്‍ഷത്തിനിടയില്‍ ഗൂഗിള്‍ ഒരു വമ്പന്‍ ശൃഖലയായി വളര്‍ന്നു കഴിഞ്ഞു. എന്നാല്‍, ഗൂഗിളിന്റെ പിറന്നാള്‍ ദിനങ്ങള്‍ ഓരോ വര്‍ഷവും മാറിക്കൊണ്ടിരിക്കുന്നു എന്നത് മറ്റൊരു വാസ്തവമാണ്. 2005ല്‍ ഗൂഗിള്‍ സെപ്റ്റംബര്‍ 26നാണ് പിറന്നാള്‍ ദിനം ആഘോഷിച്ചത്. 2004ലും 2003ലും യഥാക്രമം സെപ്റ്റംബര്‍ ഏഴിനും എട്ടിനുമായാണ് ഈ ദിനം ആഘോഷിച്ചത്.






Post a Comment

0 Comments