Flash News

6/recent/ticker-posts

തസ്ക്കരവീരൻമാരുടെ കോട്ടയായി വേങ്ങര...!പട്ടാപകലും നെഞ്ചിടിപ്പോടെ വ്യാപാരികൾ...!

Views
             ✍️NSNM-PALANI

വേങ്ങര: വേങ്ങരയിലെ വ്യാപാരികൾ ഇമവെട്ടാൻ പോലും ഭയക്കുന്നു...!

 തസ്ക്കരവീരൻമാരുടെ കോട്ടയായി വേങ്ങര മാറുമ്പോൾ വ്യാപാരികൾ നെഞ്ചിടിപ്പോടെയിരിക്കുകയാണ്. പാതിരാത്രിയേക്കാൾ സമർത്ഥമായി പട്ടാപകൽ മോഷണം നടത്തുന്ന കള്ളൻമാരുടെ സ്വൈരവിഹാര കേന്ദ്രമായിരിക്കുകയാണിവിടെ.
    
വേങ്ങര ബസ്റ്റാൻ്റിന് സമീപമുള്ള കാരങ്ങാടൻ മനോജിൻ്റെ ഉടമസ്ഥതയിലുള്ള ഗീതം ഇലക്ട്രിക്കൽസ് എന്ന സ്ഥാപനത്തിൽ നിന്ന് ഞായറാഴ്ച (19/09/2021) രാവിലെ 7:30 നും 8:00 മണിക്കുമിടയിൽ പതിനാറോളം ടി വി സെറ്റുകൾ മോഷണം പോയി. ഇവകൾ വാഹനത്തിലേക്ക് കയറ്റുന്ന വീഡിയോ ദൃശ്യങ്ങൾ അടുത്തുള്ള കടയുടെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും വാഹനത്തിൻ്റെ നമ്പർ വ്യക്തമായില്ല. തുടർന്ന് രാത്രി മറ്റൊരു കടയിലും മോഷണം നടന്നു. പിറ്റേ ദിവസം ബസ്റ്റാൻ്റിന് സമീപത്തെ മുഹമ്മദ് അലി എന്നയാളുടെ വി.കെ സ്റ്റോർ എന്ന പലചരക്കുകടയുടെ ഷട്ടർ പൊളിച്ച് മോഷണശ്രമം നടത്തിയെങ്കിലും അരിച്ചാക്കുകൾ കൂട്ടിയിട്ടതിനാൽ അകത്ത് കയറാനായില്ല. പിന്നീട് അൽ സലാമ ഹോസ്പിറ്റലിനടുത്ത കിഡ്സ് വേൾഡ് എന്ന സ്ഥാപനത്തിൽ നിന്നും പുറത്ത് ഡിസ്പ്ലേക്ക് വെച്ചിരുന്ന ആയിരം രൂപക്കടുത്ത ബേബി വാക്കർ മോഷ്ടിച്ച് പോകുന്നത് കണ്ട വ്യക്തി ഇത് ചോദ്യം ചെയ്തപ്പോൾ കാശ് കൊടുത്തതാണെന്ന് മോഷ്ടാവ് പറഞ്ഞെങ്കിലും ആ വ്യക്തി കടയിൽ അറിയിക്കുകയും ആളുകൾ ഓടിച്ചിട്ട് പിടിക്കുകയും ചെയ്തു.
 ഊരകം സ്വദേശിയായ ഇയാൾ ഊരകം പരിസരങ്ങളിൽ മാല മോഷണ പ്രതിയാണ്. കഴിഞ്ഞ ആഴ്ച അറേബ്യൻ മജ്ലിസ് ഹോട്ടലിലെ പാലിയേറ്റീവ് സംഭാവനപ്പെട്ടി മോഷണം നടത്തിയിരുന്നു. ഈ ദൃശ്യം വേങ്ങര പോപ്പുലർ ന്യൂസ് വീഡിയോ സഹിതം വാർത്തയാക്കിയിരുന്നു.
      മോഷ്ടാക്കളെ പിടികൂടണമെന്നും രാത്രി പട്രോളിംങ് ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ് നേതാക്കൾ വേങ്ങര പൊലീസ് സ്റ്റേഷൻ ഓഫീസർക്ക് പരാതി സമർപ്പിച്ചു.
        വേങ്ങര ടൗണിൽ ഇനി മുതൽ പട്രോളിംങ് ഏർപ്പെടുത്താമെന്നും എല്ലാ മോഷണങ്ങളെ കുറിച്ചും അന്വേഷണം ആരംഭിക്കാമെന്നും വേണ്ട നിയമ നടപടികൾ സ്വീകരിക്കാമെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ മുഹമ്മദ് ഹനീഫ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾക്ക് ഉറപ്പ് നൽകി.


Post a Comment

0 Comments