Flash News

6/recent/ticker-posts

പി.വി. അന്‍വറിന്റെ റിസോർട്ടിലെ അനധികൃത തടയണകൾ പൊളിച്ചുമാറ്റാൻ ഉത്തരവ്.

Views

പി.വി. അന്‍വറിന്റെ റിസോർട്ടിലെ അനധികൃത തടയണകൾ പൊളിച്ചുമാറ്റാൻ ഉത്തരവ്.

കോഴിക്കോട് :  കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് കക്കാടംപൊയിലിലെ പി.വി.ആർ. നേച്ചർ റിസോർട്ടിലെ നാല് അനധികൃത തടയണകൾ പൊളിച്ചുമാറ്റാൻ കളക്ടർ എൻ. തേജ് ലോഹിത് റെഡ്ഡിയുടെ ഉത്തരവ്. ഇരുവഴിഞ്ഞി പുഴയിലേക്കുള്ള സ്വാഭാവിക നീരൊഴുക്ക് തടഞ്ഞുനിർത്തി നിർമിച്ച തടയണ അനധികൃതമാണെന്ന് വ്യക്തമായതിനെത്തുടർന്നാണ് നടപടി. പി.വി. അൻവർ എം.എൽ.എ.യുടെ ഉടമസ്ഥതയിലായിരുന്ന ഈ റിസോട്ടിനെതിരെ നേരത്തെ ഒട്ടറെ പ്രക്ഷോഭങ്ങൾ നടന്നിരുന്നു. റിസോർട്ടിനുവേണ്ടി മൂന്ന് കോൺക്രീറ്റ് തടയണകൾ ഉൾപ്പെടെ നാല് തടയണകൾ പണിതതായും ഇവ മഴക്കാലത്ത് നീരൊഴുക്ക് തടയുന്നതായും ജില്ലാ സോയിൽ കൺസർവേഷൻ ഓഫീസറും ജില്ലാ ജിയോളജിസ്റ്റും റിപ്പോർട്ട് ചെയ്തിരുന്നു. തടയണകളുടെ ഇടയിലും മുകൾഭാഗത്തും കൂടുതൽ ജലം സംഭരിക്കപ്പെടുന്നത് കാലവർഷത്തിൽ ദുരന്തസാധ്യതയുണ്ടാക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ റിസോർട്ടിന്റെ നാല് തടയണകളും ഒരുമാസത്തിനകം പൊളിച്ചുനീക്കണമെന്ന് കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കി. അല്ലാത്തപക്ഷം തടയണ പൊളിക്കാൻ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി നടപടി സ്വീകരിക്കുകയും ചെലവാകുന്ന തുക ഉടമകളിൽനിന്ന് ഈടാക്കുകയും ചെയ്യണം. റിസോർട്ടിലെ തടയണകൾ നീക്കാനാവശ്യപ്പെട്ട് കേരള നദീസംരക്ഷണസമിതി നൽകിയ കേസിൽ പരാതിക്കാരന്റെയും കക്ഷികളുടെയും ഭാഗം കേട്ടശേഷം രണ്ടുമാസത്തിനകം കോഴിക്കോട് കളക്ടർ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ഡിസംബർ 22-ന് ഉത്തരവിറക്കിയിരുന്നു. എന്നാൽ, നടപടികളുണ്ടാവാത്തതിനെത്തുടർന്ന് സമിതി വീണ്ടും കോടതിയെ സമീപിച്ച് കളക്ടർക്കെതിരേ കോടതിയലക്ഷ്യ ഉത്തരവ് നേടിയിരുന്നു. തുടർന്ന് കളക്ടർ പരാതിക്കാരുടെയും കക്ഷികളുടെയും വിചാരണ നടത്തുകയും പരാതി പരിശോധിക്കാൻ വിദഗ്‌ധസമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ ഉത്തരവ്.പ്രദേശത്ത് അനധികൃത നിർമാണപ്രവർത്തനം വ്യാപകമാണെന്നും ഇതിനെതിരേ അന്വേഷണം വേണമെന്നും കേരള നദീസംരക്ഷണസമിതി ജനറൽ സെക്രട്ടറി ടി.വി. രാജൻ ആവശ്യപ്പെട്ടു.  അനുമതിയില്ലാത്തതും രേഖയിൽ ഉടമസ്ഥർ ആരെന്നറിയാത്തതുമായ വില്ലകൾ ഇവിടെയുണ്ട്. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും ആദായനികുതിവകുപ്പും അടക്കമുള്ള ഏജൻസികൾ ഇക്കാര്യങ്ങൾ അന്വേഷണവിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Post a Comment

0 Comments