Flash News

6/recent/ticker-posts

മൊബൈല്‍ നമ്പര്‍ നഷ്ടപ്പെട്ടാല്‍ വിദേശത്തുള്ളവര്‍ക്ക് തവക്കല്‍ന മുടങ്ങും; നമ്പര്‍ മാറ്റാനാവില്ല

Views

 
റിയാദ്: നാട്ടില്‍ അവധിക്ക് പോയവരുടെ മൊബൈല്‍ നമ്പര്‍ നഷ്ടപ്പെടുകയോ പ്രവര്‍ത്തനരിഹിതമാവുകയോ ചെയ്താല്‍ വിദേശത്ത് നിന്ന് ആപ്ലിക്കേഷന്‍ പ്രവര്‍ത്തിപ്പിക്കാനാവില്ലെന്ന് തവക്കല്‍നാ അധികൃതര്‍ വ്യക്തമാക്കി. ജവാസാത്തിന്റെ ഓണ്‍ലൈന്‍ സര്‍വീസ് പ്ലാറ്റ്‌ഫോമായ അബ്ശിറുമായാണ് തവക്കല്‍നായെ ബന്ധിപ്പിച്ചിട്ടുള്ളതെന്നതിനാല്‍ സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും വിദേശത്ത് നിന്ന് തവക്കല്‍നാ മൊബൈല്‍ നമ്പര്‍ മാറ്റാനാവില്ലെന്നും സൗദിയിലെത്തിയ ശേഷം നമ്പര്‍ അപ്‌ഡേറ്റ് ചെയ്താല്‍ മതിയെന്നും അധികൃതര്‍ പറഞ്ഞു.
അവധിക്ക് പോയ പല പ്രവാസികളും കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിമാനസര്‍വീസില്ലാത്തതിനാല്‍ ഇപ്പോഴും നാട്ടില്‍ തന്നെ തുടരുകയാണ്. മൊബൈല്‍ റീ ചാര്‍ജ് ചെയ്യാത്തതിനാല്‍ പലരുടെയും സൗദി മൊബൈല്‍ നമ്പര്‍ കട്ടാവുകയും ചെയ്തു. ഈ നമ്പറുകളെല്ലാം അബ്ശിറുമായും തവക്കല്‍നായുമായും ബന്ധിപ്പിച്ചതാണ്. രണ്ടു ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി തവക്കല്‍നായില്‍ അപ്‌ഡേറ്റ് ആയോ എന്ന് പരിശോധിക്കുമ്പോഴാണ് സിം പ്രവര്‍ത്തനരഹിതമായതായി അറിയുന്നത്.
സിം പ്രവര്‍ത്തനരഹിതമായാല്‍ സൗദിയിലുള്ള വ്യക്തിയുടെ തവക്കല്‍നായിലെ സര്‍വീസ് വഴി നാട്ടിലുള്ളവരുടെ ഇഖാമ നമ്പറും മറ്റൊരു മൊബൈല്‍ നമ്പറും സര്‍ട്ടിഫൈ ചെയ്യാനുള്ള സംവിധാനം നേരത്തെയുണ്ടായിരുന്നു. എന്നാല്‍ ദുരുപയോഗ സാധ്യതയെ തുടര്‍ന്ന് പിന്നീട് ആ സേവനം തവക്കല്‍നാ റദ്ദാക്കി. അതേസമയം അബ്ശിറില്‍ രജിസ്റ്റര്‍ ചെയ്യാതെ നാട്ടില്‍ പോയവര്‍ക്ക് സൗദിയിലുള്ളവരുടെ അബ്ശിര്‍ വഴി മൊബൈല്‍ നമ്പര്‍ പരിചയപ്പെടുത്താനുള്ള സംവിധാനമുണ്ട്. അതുവഴി അവര്‍ക്ക് നാട്ടില്‍ വെച്ച് തവക്കല്‍നാ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.
എന്നാല്‍ രണ്ടു ഡോസ് വാക്‌സിനെടുത്തവര്‍ക്ക് സൗദി ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ ഇ സര്‍വീസസില്‍ വാക്‌സിനേഷന്‍ രേഖകള്‍ അപ്‌ലോഡ് ചെയ്ത് അപേക്ഷ നല്‍കിയാല്‍ ഇമ്യുണ്‍ സ്റ്റാറ്റസ് ലഭ്യമാകും. അപേക്ഷ സ്വീകരിച്ചാലും നിരസിച്ചാലും ഇമെയിലില്‍ സന്ദേശമെത്തും. നിരസിച്ചാല്‍ വീണ്ടും അപേക്ഷിക്കാം. സ്വീകരിച്ചാല്‍ ആരോഗ്യമന്ത്രാലയം ഈ വിവരം തവക്കല്‍നാക്ക് കൈമാറി സ്റ്റാറ്റസ് മാറ്റും. നാട്ടില്‍ വെച്ച് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാത്തവര്‍ പിന്നീട് സൗദിയിലെത്തിയ ശേഷം പരിശോധിച്ചാല്‍ മതി.
നാട്ടില്‍ നിന്ന് തവക്കല്‍നാ ഉപയോഗിക്കേണ്ട യാതൊരു ആവശ്യമില്ലെന്നാണ് അധികൃതര്‍ പറയുന്നത്. സൗദിയിലേക്ക് തിരിക്കുന്നതിന് 72 മണിക്കൂറിനുളളില്‍ ഖുദൂം പ്ലാറ്റ്‌ഫോം വഴിയോ അല്ലാതെയോ മുഖീമില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അതിന്റെ നിര്‍ദേശങ്ങളില്‍് പ്രത്യേകം പറയുന്നത് തവക്കല്‍നാ ആപ് നാട്ടില്‍ വെച്ച് ഡൗണ്‍ലോഡ് ചെയ്ത് സൗദിയിലെത്തിയ ശേഷം രജിസ്റ്റര്‍ ചെയ്യണമെന്നതാണ്. അതായത് സൗദിയിലെത്തിയ ഉടനെ മൊബൈല്‍ നമ്പര്‍ ആക്ടിവേറ്റ് ചെയ്ത് തവക്കല്‍നാ ഉപയോഗിക്കണം.
സൗദി അംഗീകരിച്ച രണ്ടു ഡോസ് വാക്‌സിനെടുത്തവര്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിമാനത്താവളത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചുകൊടുത്താല്‍ മതിയെന്നാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അറിയിപ്പിലുള്ളത്. അതൊടൊപ്പം മുഖീമില്‍ അപ്‌ലോഡ് ചെയ്യുകയും വേണം. മുഖീമില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ഉണ്ടെങ്കില്‍ ഹോട്ടല്‍ ക്വാറന്റൈന്‍ ആവശ്യമുണ്ടാകില്ല. ഇപ്പോള്‍ സൗദി വിമാനത്താവളത്തിലെത്തുമ്പോള്‍ തവക്കല്‍നാ ആപ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്.


Post a Comment

0 Comments