Flash News

6/recent/ticker-posts

സിനിമയെ വെല്ലുന്ന കഥയുമായി വിഷ്ണു ബാബുവിൻ്റെ സത്യസന്ധത.!

Views

                  NSNM-PALANI

സിനിമയെ വെല്ലുന്ന കഥയുമായി വിഷ്ണു ബാബുവിൻ്റെ സത്യസന്ധത.!

വേങ്ങര: പേഴ്സ് നഷ്ടപ്പെടുന്നതും തിരിച്ച് കിട്ടുന്നതും സാധാരണ കേൾക്കുന്ന കഥയാണ്. എന്നാൽ, ഇതിൽ നിന്നും വ്യത്യസ്ഥമായി കളഞ്ഞ് കിട്ടിയ ഒരു രേഖയും ഇല്ലാത്ത പേഴ്സ് സിനിമാ കഥകളിലെ അന്വേഷണം പോലെ ചിക്കിച്ചികഞ്ഞ് ആളെകണ്ടെത്തി തിരിച്ചേൽപിച്ചാലോ...?! അതൊരു നവ്യാനുഭവം തന്നെ..!
സംഭവചിത്രം കുറിക്കുന്നതിങ്ങനെ:
         വേങ്ങര  പാക്കടപ്പുറായ സ്വദേശി വിഷ്ണു ബാബു (അപ്പു) ഉള്ളാട്ടുപറമ്പിലും അച്ഛൻ്റെ അനിയൻ ശശിയും വേങ്ങര നിന്ന് കാറിൽ ആനക്കയം ഒരു ബന്ധുവീട്ടിൽ പോയി മടങ്ങും വഴി കോൽമണ്ണ വെച്ച് ഇവരുടെ കാറ് ബ്രേക്ക് ഡൗൺ ആയി. കാറ് അവിടെ ഒരു ഭാഗത്തേക്ക് ഒതുക്കിയ ശേഷം ഒരു ഓട്ടോയിൽ അടുത്തുള്ള  വർക്ക് ഷോപ്പിലേക്ക് പോയി. അവിടെ നിന്ന് കാർ നന്നാക്കാൻ ആളെ കൂട്ടി വരാനാണ് ഉദ്ദേശം. വർക്ക് ഷോപ്പിൽ ഇറങ്ങി ഓട്ടോ ഡ്രൈവർക്ക് കാശ് കൊടുത്ത് തിരിഞ്ഞപ്പോഴാണ് ഈ സംഭവക്കഥയ്ക്ക് തുടക്കം.
        റോഡരികിൽ ഒരു പേഴ്സ്...! 
 ഓട്ടോയിൽ നിലത്ത് വീണ് കിടന്ന പേഴ്സ് ഇവർ ഇറങ്ങുമ്പോൾ കാൽ തട്ടി പുറത്ത് വീണതാണോ എന്നറിയില്ല. അതെടുത്ത് ഓട്ടോകാരനെ വിളിച്ചപ്പോഴേക്കും അയാൾ അവിടം  വിട്ടിരുന്നു.കിട്ടിയ പേഴ്സ് തുറന്നപ്പോൾ വലിയ ഒരു സംഖ്യ തന്നെ പണമുണ്ട്. വിഷ്ണു എന്ത് ചെയ്യണമെന്നറിയാതെ പകച്ചു.ഇങ്ങനെ ഒരു പേഴ്സ് കിട്ടിയതിനെ കുറിച്ച് വിഷ്ണുവിൻ്റെ അച്ഛൻ്റെ മറ്റൊരു അനിയൻ സുഭാഷ് യു.പിയുമായി ഫോണിൽ സംസാരിക്കുകയും പേഴ്സ് അവിടെ എവിടെയും നൽകേണ്ടെന്നും നമുക്ക് നേരെ ഉടമസ്ഥനെ കണ്ടെത്താമെന്നും അല്ലെങ്കിൽ പേഴ്സ് വേങ്ങര പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കാമെന്നും  ചെറിയച്ഛൻ പറഞ്ഞതിനെ  തുടർന്ന് വിഷ്ണുവും ചെറിയച്ഛൻ ശശിയും കാർ നന്നാക്കിയ ശേഷം  വേങ്ങരയിലേക്ക്  പുറപ്പെട്ടു. വീട്ടിലെത്തിയശേഷം പേഴ്സ് തുറന്ന് ശരിക്ക് പരിശോധിച്ചപ്പോഴാണ് അതിൽ നിന്നും ഒരു ടോക്കൺ ടിക്കറ്റ് ലഭിക്കുന്നത്. അതിൽ കണ്ട സീൽ ശ്രദ്ധിച്ചപ്പോൾ കോഴിക്കോട്‌ മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൻെറ സീലാണെന്ന് മനസ്സിലായി. തൊട്ടടുത്ത ദിവസം വാങ്ങേണ്ട റിസൾട്ടിൻെറ ടോക്കണാണിത്.അതിൽ കണ്ട ലാൻറ് ഫോൺ നമ്പറിലേക്ക് വിളിച്ച് ആളെ അന്വേഷിച്ച് കൊടുക്കാമെന്ന ധാരണയിൽ ആ നമ്പറിൽ വിളിച്ചു.പ്രതികരണമൊന്നും ഇല്ല. നിരവധി തവണ വിളിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് പണമടങ്ങിയ പേഴ്സിൻ്റെ  ഉടമസ്ഥനെത്തേടി കോഴിക്കോട്ടേക്ക് പോകാൻ തീരുമാനിച്ചു. അവിടെ നൽകിയ രേഖയിൽ നിന്നും വ്യക്തിയെ കണ്ടെത്താമെന്ന് കരുതി.വിഷ്ണു ബാബുവും അയൽവാസി ഉവൈസും കോഴിക്കോട്ടേക്ക് പുറപ്പെട്ടു. പക്ഷേ, ഈ ലാബ് എവിടെ എന്ന് ഇരുവർക്കും അറിയില്ല.
       ഹൃദയത്തിലെ സത്യത്തിൻ വെട്ടം തെളിഞ്ഞാൽ പ്രശ്നങ്ങളും പ്രയാസങ്ങളും അറിയില്ലല്ലോ.... അതാണിവിടെ സംഭവിച്ചതും.! 
വേങ്ങര നിന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ലക്ഷ്യം വെച്ചു. മൈക്രോബയോളജി ലാബ് ഗൂഗിൾ മാപ്പിൽ തിരഞ്ഞ് കണ്ട് പിടിച്ചു. വിഷ്ണുവും ഉവൈസും കോഴിക്കോട് മൈക്രോബയോളജി ലാബിൽ എത്തുകയും കയ്യിലുള്ള ടോക്കൺ ടിക്കറ്റ് കാണിക്കുകയും വിവരങ്ങൾ പറയുകയും ചെയ്തു.ഇതിൻ്റെ അടിസ്ഥാനത്തിൽ ടോക്കൺ എടുത്തത് മലപ്പുറം ഹാജിയാർ പള്ളിയിലെ 62 കാരിയായ ഒരു സ്ത്രീ ആണെന്ന് ബോധ്യപ്പെട്ടു.കൂടെ കൊടുത്തിരിക്കുന്ന നമ്പറും ലാബ് അധികൃർ നൽകിയപ്പോൾ വിഷ്ണു ആ നമ്പറിൽ വിളിക്കുകയും ചെയ്തു. കൊളപ്പുറം സ്വദേശിയായ  ഒരു ഓട്ടോ ഡ്രൈവറാണ് ഫോൺ എടുത്തത്. അദ്ദേഹത്തോട് കാര്യങ്ങൾ പറഞ്ഞു. അദ്ദേഹത്തിൻ്റെ വളരെ അടുത്ത ബന്ധുവാണ് ഹാജിയാർ പള്ളിയിലുള്ളതെന്നും അവരുമായി കോഴിക്കോട് പോയിരുന്നെന്നും അവരുമായി സംസാരിച്ച് അറിയിക്കാമെന്നും പറഞ്ഞു. അങ്ങനെ ആ സ്ത്രീയോട് സംഭവങ്ങൾ ഓട്ടോ ഡ്രൈവർ വിവരിച്ചു. നഷ്ടപ്പെട്ട മുതൽ തന്നെ തേടി എത്തുന്നെന്ന് അറിഞ്ഞപ്പോൾ ആ സ്ത്രീയുടെ സന്തോഷത്തിന് അതിരുണ്ടായില്ല.അവർ പണം കൊളപ്പുറത്തുള്ള ഓട്ടോ ഡ്രൈവറെ ഏൽപിക്കാൻ പറഞ്ഞു. വിഷ്ണുവും ഉവൈസും കോഴിക്കോട് നിന്നും കൊളപ്പുറത്തെത്തി പണമടങ്ങിയ പേഴ്സ് ബന്ധുവായ ഓട്ടോ ഡ്രൈവറെ ഏൽപ്പിച്ചു.അദ്ദേഹം സ്ത്രീയുടെ നിർദ്ദേശ പ്രകാരം അതിൽ നിന്ന് ഒരു തുക വിഷ്ണു(അപ്പു)വിന് സമ്മാനമായി നൽകുകയും ചെയ്തു.
എല്ലാം ഒരു നിമിത്തം പോലെ.....!
        ഈ കോവിഡ് കാലത്ത് പണത്തിൻ്റെ പ്രയാസം എല്ലാവർക്കും അറിയുന്നതാണ്. അതൊന്നും വകവെക്കാതെ വിഷ്ണു (അപ്പു)വിൻ്റെ സത്യസന്ധമായ ഇടപെടൽ നാടിന്ന് അഭിമാനവും മറ്റുള്ളവർക്ക് പ്രചോദനവും നൽകുന്നതാണ്.ഈ സദ് പ്രവൃത്തിയിൽ അംഗങ്ങളായ വിഷ്ണു എന്ന അപ്പുവും അയൽവാസിയായ ഉവൈസിനും ചെറിയച്ഛൻമാരായ സുഭാഷിനും ശശിക്കും വേങ്ങര പോപ്പുലർ ന്യൂസിൻ്റെ ഹൃദ്യമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു. തുടർന്നും ഇത്തരം നന്മകൾ ഇവരിൽ വിടരട്ടെ എന്ന് ആശംസിക്കുന്നു.


Post a Comment

1 Comments

  1. ഇക്കാലത്തു ഇങ്ങനെ ഉള്ളവർ മിച്ചം
    ഇത് എല്ലാവർക്കും ഒരു ഗുണപാഠം കൂടി ആണ് 👍🏻

    ReplyDelete