Flash News

6/recent/ticker-posts

നവംബറോടെ കേരളത്തിലെ എല്ലാ ജില്ലകളിലും വൈദ്യുതി വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും.

Views
നവംബറോടെ കേരളത്തിലെ എല്ലാ ജില്ലകളിലും വൈദ്യുതി വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും...



വാഹനങ്ങള്‍ ഇലക്‌ട്രിക് യുഗത്തിലേക്ക് മാറുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.നേരത്തെ ആറ് കോര്‍പ്പറേഷന്‍ ഏരിയകളില്‍ കെഎസ്‌ഇബിഎല്ലിന്റെ സ്ഥലത്തു സ്ഥാപിച്ച ചാര്‍ജിംഗ് സ്റ്റേഷനുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നു. മൂന്ന് ചാര്‍ജിങ്‌ സ്റ്റേഷനുകള് അനര്‍ട്ടും സ്ഥാപിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലുമായി കെഎസ്‌ഇബിയുടെ 56 ചാര്‍ജിങ്‌ സ്റ്റേഷനുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇതില്‍ 40 എണ്ണം നവംബറില്‍ പൂര്‍ത്തീകരിക്കും. അനര്‍ട്ടിന്റെ മൂന്ന് ചാര്‍ജിങ്‌ സ്റ്റേഷനുകളുടെ നിര്‍മ്മാണവും നവംബറോടെ പൂര്‍ത്തിയാകും. എല്ലാവിധ കാറുകളും, ഓട്ടോറിക്ഷാ, ഇരുചക്രവാഹനങ്ങളും ചാര്‍ജ്‌ ചെയ്യാനുള്ള സംവിധാനം സ്റ്റേഷനുകളിലുണ്ടാകും. കെ എസ് ഇ ബിയുടെ ഡിസ്ട്രിബ്യൂഷന്‍ പോളുകളില്‍ ചാര്‍ജ്‌ പോയിന്റുകള്‍ സ്ഥാപിക്കുന്ന പൈലറ്റ്‌ പ്രോജക്റ്റ്‌ അടുത്ത മാസം പൂര്‍ത്തീകരിക്കും. ഇ-ഓട്ടോറിക്ഷ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള കോഴിക്കോട്‌ സിറ്റിയിലാണ്‌ 10 ചാര്‍ജ്‌ പോയിന്റുകള്‍ ഉള്‍പ്പെടുന്ന പൈലറ്റ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഇതിന്റെ പ്രവര്‍ത്തനം വിലയിരുത്തിയതിനു ശേഷം സംസ്ഥാനത്തു വ്യാപിപ്പിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌.

ഇ - മൊബിലിറ്റി, ഇലക്‌ട്രിക് വെഹിക്കിള്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയുടെ പ്രയോജനങ്ങളെ കുറിച്ച്‌ അവബോധം സൃഷ്ടിക്കുന്നതിനായി 'ഗോ ഇലക്‌ട്രിക് ക്യാമ്ബയിന്‍' എനര്‍ജി മാനേജ്മെന്‍റ് സെന്‍റര്‍ നടത്തുന്നുണ്ട്. ഗോ ഇലക്‌ട്രിക് പദ്ധതി പ്രകാരം കേരളത്തിലെ പൊതുജനങ്ങള്‍ക്ക് വിപണിവിലയെക്കാള്‍ കുറഞ്ഞ നിരക്കില്‍ ഇലക്‌ട്രിക് ടൂവീലറുകള്‍ വാങ്ങുവാന്‍ കഴിയും. പൊതുജനങ്ങള്‍ക്ക് എംപാനല്‍ ചെയ്യപ്പെട്ടിരിക്കുന്ന ആറ് വാഹന നിര്‍മാതാക്കളില്‍ നിന്നും ഇലക്‌ട്രിക് ടൂവീലറുകള്‍ www.MyEV.org.in എന്ന വെബ് സൈറ്റില്‍ നിന്നും, കൂടാതെ MyEV മൊബൈല്‍ ആപ്പ് (ഗൂഗിള്‍ പ്ലേ സ്റ്റോറിലും, ആപ്പിള്‍ ആപ്പ്സ്റ്റോറിലും ലഭ്യമാണ്) വഴിയും ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇത്തരത്തില്‍ വാങ്ങുന്ന വാഹനങ്ങള്‍ക്ക് 20,000 മുതല്‍ 43,000 രൂപ വരെ സബ്സിഡിയും ലഭിക്കും. 34 ഇലക്‌ട്രിക് വാഹനങ്ങളുടെ ബുക്കിങ് ഇതുവരെ നടന്നിട്ടുണ്ട്.

അതേസമയം, അനര്‍ട്ട് മുഖേന ഗവണ്‍മെന്‍റ് സ്ഥാപനങ്ങള്‍ക്കും വകുപ്പുകള്‍ക്കും ഇലക്‌ട്രിക് വാഹനങ്ങള്‍ ലീസിന് നല്‍കുന്ന കാര്‍ബണ്‍ ന്യൂട്രല്‍ ഗവണേന്‍സ് പദ്ധതിയുടെ ഭാഗമായി 30 വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിച്ചു. ഈ നവംബറോടെ 20 വാഹനങ്ങള്‍ കൂടി നിരത്തിലിറക്കും. എനര്‍ജി മാനേജ്മെന്‍റ് സെന്റര്‍ സംസ്ഥാനത്തെ താല്പര്യമുള്ള ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് കുറഞ്ഞ ചെലവില്‍ ഇലക്‌ട്രിക് ഓട്ടോറിക്ഷ നല്‍കുന്നതിനുള്ള പദ്ധതിയും വിഭാവനം ചെയ്യുന്നുണ്ട്. ഇത് പ്രകാരം ഓട്ടോറിക്ഷ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നിലവില്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ വിലയില്‍ ഇലക്‌ട്രിക് ഓട്ടോറിക്ഷ സ്വന്തമാക്കാന്‍ കഴിയും.


Post a Comment

0 Comments