Flash News

6/recent/ticker-posts

രോഗിയുടെ ഭര്‍ത്താവില്‍നിന്ന് കൈക്കൂലി വാങ്ങി; കോഴിക്കോട് മെഡി. കോളേജിലെ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Views
രോഗിയുടെ ഭര്‍ത്താവില്‍നിന്ന് കൈക്കൂലി വാങ്ങി; കോഴിക്കോട് മെഡി. കോളേജിലെ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: രോഗിയുടെ ബന്ധുക്കളിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ഡോക്ടറെ സസ്പെൻഡ് ചെയ്തു. ഗൈനക്കോളജി വിഭാഗം മൂന്നിന്റെ യൂണിറ്റ് ചീഫ് ഡോ. ശരവണ കുമാറിനെയാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സസ്പെൻഡ് ചെയ്തത്.

യുവതിയായ രോഗിയുടെ ശസ്ത്രക്രിയ നടത്തിയശേഷം ഭർത്താവിനെ വിളിച്ചുവരുത്തി കൈക്കൂലി വാങ്ങിയതായി മാതൃശിശു സംരക്ഷണകേന്ദ്രം സൂപ്രണ്ട് ഡോ. സി. ശ്രീകുമാറിന് പരാതി ലഭിച്ചിരുന്നു.

പ്രാഥമിക അന്വേഷണം നടത്തിയ സൂപ്രണ്ട് പരാതി പ്രിൻസിപ്പലിന് കൈമാറി. പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ നിയോഗിച്ച ഐ.എം.സി.എച്ച്. സൂപ്രണ്ട് ഡോ. സി. ശ്രീകുമാർ, സൈക്യാട്രി വിഭാഗം മേധാവി ഡോ. പ്രഭാവതി, പി.എം.ആർ. വിഭാഗം മേധാവി ഡോ. ശ്രീദേവി മേനോൻ എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തിയത്. സമിതിയുടെ റിപ്പോർട്ട് അനുസരിച്ച് നടപടി സ്വീകരിക്കുകയായിരുന്നു.

ഇതിനിടെ പരാതി പിൻവലിക്കണമെന്ന് അഭ്യർഥിച്ച് ഡോക്ടർ യുവതിയുടെ ഭർത്താവുമായി നടത്തിയ ഫോൺ സംഭാഷണം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ക്ളിപിങ് സഹിതമാണ് ഡി.എം.ഇ.ക്ക് റിപ്പോർട്ട് നൽകിയത്. കൈക്കൂലി വാങ്ങിയ കാര്യം പുറത്തായതോടെ ഡോക്ടർ പണം തിരികെനൽകിയതായി പറയുന്നു.


കർശന നടപടിയെന്ന് മന്ത്രി

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ സർജറിക്ക് വേണ്ടി പണം വാങ്ങിയതായി ആരോപണമുയർന്ന ഡോക്ടറെ സംഭവം ശ്രദ്ധയിൽപ്പെട്ടയുടനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഇത്തരത്തിൽ കുറ്റം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.


Post a Comment

0 Comments