Flash News

6/recent/ticker-posts

കാര്യക്ഷമതയുടെ അടിസ്ഥാനത്തിൽ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർക്ക് മാർക്കിടണമെന്ന ഭരണപരിഷ്‌കാര കമ്മിഷന്റെ ശുപാർശ നടപ്പാക്കുന്നു

Views
കാര്യക്ഷമത: സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർക്ക് മാർക്കിടുന്നു

 
തിരുവനന്തപുരം: കാര്യക്ഷമതയുടെ അടിസ്ഥാനത്തിൽ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർക്ക് മാർക്കിടണമെന്ന ഭരണപരിഷ്‌കാര കമ്മിഷന്റെ ശുപാർശ നടപ്പാക്കുന്നു. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിനും സ്ഥാനക്കയറ്റത്തിനും മാനദണ്ഡങ്ങളും ഏർപ്പെടുത്തും. ഇതുസംബന്ധിച്ച് ചർച്ചചെയ്യാൻ ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി വെള്ളിയാഴ്ച ചീഫ് സെക്രട്ടറി വി.പി. ജോയ് ചർച്ചനടത്തും.
കോൺഫിഡൻഷ്യൽ റിപ്പോർട്ടിൽ ജീവനക്കാരുടെ കാര്യക്ഷമത വിലയിരുത്തി എ മുതൽ ഇ വരെ അഞ്ചുവിഭാഗങ്ങളായി തിരിക്കുകയായിരുന്നു ഇതുവരെ. ഇത് കൂടുതൽ വസ്തുനിഷ്ഠമാക്കാൻ ഒന്നുമുതൽ പത്തുവരെയുള്ള സംഖ്യാ ഗ്രേഡിങ്ങിലേക്കു മാറും. സ്ഥാനക്കയറ്റത്തിന് ഈ മാർക്ക് പരിഗണിക്കും.
കേന്ദ്രസർക്കാർ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമത നിർണയം ഈ രീതിയിലേക്കു മാറിയിരുന്നു. 1964-ൽ ഏർപ്പെടുത്തിയ കാര്യക്ഷമത വിലയിരുത്തൽ സംവിധാനമാണ് ഇപ്പോൾ സെക്രട്ടേറിയറ്റിൽ നിലനിൽക്കുന്നത്. മേലുദ്യോഗസ്ഥരുടെ ഇഷ്ടാനിഷ്ടങ്ങൾ അനുസരിച്ച് വെള്ളംചേർക്കാവുന്ന ഈ രീതി മാറ്റാനാണു തീരുമാനം.
വകുപ്പുകളിൽനിന്ന് വകുപ്പുകളിലേക്ക് അടിക്കടിയുള്ള സ്ഥലംമാറ്റം ഒഴിവാക്കാൻ ഓരോ വകുപ്പിലും നിശ്ചിതകാലം സേവനത്തിലുണ്ടാവണമെന്നു നിഷ്‌കർഷിക്കും. അണ്ടർ സെക്രട്ടറിമുതൽ സ്പെഷ്യൽ സെക്രട്ടറിവരെയുള്ളവർ ഒരു വകുപ്പിൽ കുറഞ്ഞത് രണ്ടുവർഷം ഉണ്ടാവണം. അപേക്ഷയുടെ അടിസ്ഥാനത്തിൽ അവരുടെ സ്ഥലംമാറ്റം അപ്പോൾ പരിഗണിക്കാം.
മൂന്നുവർഷം കഴിഞ്ഞാൽ നിർബന്ധമായും മറ്റൊരു വകുപ്പിലേക്കു മാറ്റിയിരിക്കണം. മറ്റുവിഭാഗങ്ങൾക്ക് മൂന്നാംവർഷം സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം. അഞ്ചുവർഷം മാത്രമേ ഒരു വകുപ്പിൽ പ്രവർത്തിക്കാവൂ. സെക്ഷൻ ഓഫീസർമുതൽ മുകളിലുള്ളവരുടെ കാര്യത്തിൽ പ്രത്യേക സാഹചര്യങ്ങളിൽ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കാൻ മുഖ്യമന്ത്രി തീരുമാനിക്കണം.
സെക്രട്ടേറിയറ്റിൽനിന്ന് മറ്റു സ്ഥാപനങ്ങളിൽ ഡെപ്യൂട്ടേഷനിൽ ഉദ്യോഗസ്ഥരെ വിടുകയും അതിന്റെപേരിൽ സെക്രട്ടേറിയറ്റിലുള്ളവർക്ക് സ്ഥാനക്കയറ്റം നൽകുകയും ചെയ്യുന്ന രീതിക്കും നിയന്ത്രണം ഏർപ്പെടുത്തും. ഒരു കേഡറിൽ രണ്ടുവർഷമെങ്കിലും സേവനം ബാക്കിയുള്ളവർക്കേ ഡെപ്യൂട്ടേഷൻ അനുവദിക്കാവൂ.


Post a Comment

0 Comments