Flash News

6/recent/ticker-posts

ഇന്ന് ചാക്കീരി അഹമ്മദ്കുട്ടിയുടെ ഓര്‍മദിനം

Views

ഇന്ന് ചാക്കീരി
അഹമ്മദ്കുട്ടിയുടെ ഓര്‍മദിനം

വേങ്ങരയുടെ പ്രഥമ പ്രസിഡന്റ്, നാല് മന്ത്രിസഭകളില്‍ സ്പീക്കര്‍, വിദ്യാഭ്യാസ മന്ത്രി, ചാക്കീരി അഹമ്മദ് കുട്ടിയെ കുച്ചോര്‍ക്കുമ്പോള്‍ അഭിമാനിക്കാന്‍ ഒരുപാടുണ്ട് വേങ്ങരക്കാര്‍ക്ക്

വേങ്ങര: വേങ്ങരക്കാരനായ വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദ് കുട്ടിയുടെ 29-ാം ഓര്‍മദിനമാണ് ഒക്ടോബര്‍ ഒന്ന്. 1915-ല്‍ ചാക്കീരി മൊയ്തീന്‍ കുട്ടിയുടേയും പള്ളിയാളി വിരിയാത്തിന്റേയും മകനായി കണ്ണമംഗലം ഗ്രാമപ്പഞ്ചായത്തിലെ ചേറൂരില്‍ ജനിച്ചു. മഞ്ചേരിയിലും തിരൂരിലുമായി പഠനംനടത്തിയിരുന്ന ചാക്കീരിക്ക് 1929-ല്‍ പിതാവിന്റെ മരണത്തെതുടര്‍ന്ന് പഠനം നിര്‍ത്തേണ്ടിവന്നു. 
 പതിനേഴാം വയസില്‍ ഇന്ത്യന്‍നാഷണല്‍കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകന്‍ എന്നനിലയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ ദേശീയപ്രസ്ഥാനത്തില്‍ പങ്കെടുത്തു. വേങ്ങര ടൗണ്‍ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന അദ്ദേഹം 1937-ല്‍ താലൂക്ക് ബോര്‍ഡ് അംഗമായി. 1938-ല്‍ ഹിച്ച് കോക്ക് മെമ്മോറിയല്‍ നീക്കംചെയ്യാനുള്ള പ്രക്ഷോപം നയിച്ചു. 1939-ല്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവെക്കുകയും മുസ്‌ലിംലീഗില്‍ ചേരുകയും ചെയ്തു. കേരളത്തില്‍ മുസ്‌ലിംലീഗ് ശക്തമായ അടിത്തറ പാകുന്നതില്‍ മുന്‍കയ്യെടുത്തവരില്‍ പ്രധാനിയായിരുന്നു അദ്ദേഹം. വേങ്ങര ഗ്രാമപ്പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായ ചാക്കീരി, പ്രസിഡന്റ് എന്നനിലയിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. 
  ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് ആദ്യമായി രൂപീകരിച്ച മദ്രാസ് ലെജിസ്റ്റേറ്റീവ് അസംബ്ലിയിലേക്ക് 1952-ല്‍ കോട്ടക്കല്‍ നിയോജകമണ്ഡലത്തില്‍നിന്ന് തിരഞ്ഞെടുത്തതോടെയാണ് അദ്ദേഹത്തിന്റെ നിയമസഭാ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കേരള പിറവിക്കുശേഷംവന്ന ഒന്നാം കേരള നിയമസഭയില്‍ കുറ്റിപ്പുറം നിയോജകമണ്ഡലത്തെ പ്രതിനീധീകരിച്ചു. പിന്നീട് മലപ്പുറം നിയോജകമണ്ഡലത്തില്‍നിന്നും മൂന്നാം കേരള നിയമസഭയില്‍ അംഗമായി. നാലാം നിയമസഭിയും അഞ്ചാം നിയമസഭയിലും കുറ്റിപുറത്തെ പ്രതിനിധീകരിച്ച അദ്ദേഹം സി.എച്ച്. മുഹമ്മദ്‌കോയ മന്ത്രിസ്ഥാനം രാജിവെച്ചതിനെതുടര്‍ന്ന് തുടര്‍ന്ന് 1973-ല്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രിയായി.
  മലബാറില്‍ കൂടുതല്‍ ഹൈസ്‌കൂളുകള്‍ അനുവദിച്ചതും വിദ്യാലയങ്ങള്‍ക്ക് കൂടുതല്‍ കെട്ടിടം അനുവദിച്ചതും ഐ.സി.ഡി.എസ്. പ്രൊജക്ട് സംസ്ഥാനത്ത് നടപ്പിലാക്കിയതും ചാക്കീരി വിദ്യാഭ്യാസമന്ത്രിയായിരിക്കെയാണ്. അറബിക് കോളേജ് അധ്യാപകര്‍ക്ക് ഡയറക്ട് അപ്പോയിന്‍മെന്റ് സമ്പ്രദായം നടപ്പില്‍ വരുത്തിയതും വിവിധ വകുപ്പുകള്‍ സംയോജിപ്പിച്ച് കൊണ്ട് 'സോഷ്യല്‍ വെല്‍ഫെയര്‍' എന്ന പുതിയ വകുപ്പ് രൂപീകരിച്ചതും അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ തന്നെയായിരുന്നു. കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ ഇന്നത്തെ വിദ്യാഭ്യാസ വിദഗ്ധര്‍ നടപ്പിലാക്കിവരുന്ന ഒറ്റക്കുട്ടിയെയും തോല്പ്പിക്കരുത് എന്ന ആശയം ആദ്യമായി നടപ്പിലാക്കിയത് ചാക്കീരി വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്തായിരുന്നു. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാനായിരുന്നു ഇത്. വിവാദ കോലാഹലങ്ങള്‍ സൃഷ്ട്ടിച്ച ഈ നിയമത്തിനു ചാക്കീരി പാസ്സ് എന്ന് പേരുംവന്നു. വിപ്ലവകരമായിരുന്നു ആ തീരുമാനം. പുതിയ നിയമസഭാമന്ദിരം വിഭാവനം ചെയ്തതും ശിലാസ്ഥാപനം നടത്തിയതും ചാക്കീരി സ്പീക്കറായ സമയത്താണ്.  
 1977-ല്‍ അഞ്ചാം നിയമസഭയില്‍ കേരളത്തിലെ എട്ടാമത്തെ സ്പീക്കറായിരുന്നു അദ്ദേഹം. കെ. കരുണാകരന്‍, എ.കെ. ആന്റണി, പി.കെ. വാസുദേവന്‍നായര്‍, സി.എച്ച്. മുഹമ്മദ്‌കോയ എന്നീ നാലുമുഖ്യമന്തിമാരുടെ കാലത്ത് സ്പീക്കര്‍ കസേരയില്‍ ഇരുന്നു എന്നത് ചാക്കീരിയുടെ പ്രത്യേകതയാണ്. 1980-ല്‍ പുതിയ നിയമസഭ നിലവില്‍ വന്നതോടെ സ്പീക്കര്‍ സ്ഥാനം വിട്ടു. പില്‍കാലത്ത് സജ്ജീവ രാഷ്ട്രിയത്തില്‍നിന്ന് വിട്ടുന്നിന്നു. കുറച്ചുനാള്‍ ജനതാദള്ളില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. 1939-ല്‍ കോട്ടക്കലില്‍നിന്ന് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിലേക്ക് മത്സരിച്ച് തോറ്റതാണ് ഏക പരാജയയം. ഫുട്‌ബോള്‍, ചെസ്, കോല്‍ക്കളി എന്നിവകളില്‍ വിദഗ്ധനും നല്ല മാപ്പിള പാട്ടുകാരനുമായിരുന്നു. 1992 ഒക്ടോബര്‍ ഒന്നിന് 77-ാം വയസില്‍ അദ്ദേഹം വിടചൊല്ലി.

                                                                                                 ✍️ മധു, വേങ്ങര


Post a Comment

0 Comments