Flash News

6/recent/ticker-posts

കേരളത്തിലെ കോഴിക്കടകൾ ഇനി സ്മാർട്ടാകും: മന്ത്രി എം.വി.ഗോവിന്ദൻ

Views

 
കേരളത്തിലെ കോഴിക്കടകൾ വൃത്തിയും വെടിപ്പുമുള്ളതാക്കി മാറ്റുന്നതിനും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുമുള്ള മാർഗരേഖയ്ക്ക് അംഗീകാരം നൽകിയതായി തദ്ദേശ സ്വയംഭരണ, ഗ്രാമ വികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.  ഇനിമുതൽ കോഴിക്കടകൾക്ക് ലൈസൻസ് ലഭിക്കണമെങ്കിൽ വൃത്തിയുള്ള പരിസരവും ശാസ്ത്രീയമായ മാംസ സംസ്‌കരണ രീതിയും സ്ഥാപനങ്ങൾ ഉറപ്പുവരുത്തണമെന്ന് മന്ത്രി വ്യക്തമാക്കി.
മാസം തയ്യാറാക്കുന്നവർ സാംക്രമിക രോഗങ്ങൾ ഇല്ലാത്തവരും ജോലി ചെയ്യുന്നതിന് യുക്തരാണെന്ന് ഡോക്ടർ നൽകുന്ന ആരോഗ്യ സർട്ടിഫിക്കറ്റ് ഉള്ളവരുമായിരിക്കണം. കോഴിമാലിന്യം സംസ്‌കരിക്കുന്നതിന് കോഴിക്കടകൾക്ക് സ്വന്തമായി മാലിന്യ സംസ്‌കരണ സംവിധാനം ഉണ്ടായിരിക്കണം. അല്ലെങ്കിൽ ജില്ലയിലോ, സമീപ ജില്ലയിലോ ഉള്ള റെൻഡറിംഗ് പ്ലാന്റുമായി സഹകരിച്ച് മാലിന്യ സംസ്‌കരണം നടത്തുന്നു എന്ന് ഉറപ്പുവരുത്തണമെന്ന് മന്ത്രി പറഞ്ഞു.
റെൻഡറിംഗ് പ്ലാന്റുകൾ പ്രവർത്തിക്കുന്ന ജില്ലകളിൽ ശേഖരിക്കുന്ന കോഴിമാലിന്യങ്ങൾ അതാത് ജില്ലകളിൽ തന്നെ സംസ്‌കരിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. റെൻഡറിംഗ് പ്ലാന്റുകൾ നടത്തുന്നതിനുള്ള നടപടിക്രമങ്ങളും മാർഗരേഖയിലുണ്ട്. ജില്ലാ കലക്ടർ അധ്യക്ഷനായ ജില്ലാതല കമ്മറ്റിയുടെ അംഗീകാരത്തിന് വിധേയമായി മാത്രമേ ഇത് ആരംഭിക്കാൻ സാധിക്കുകയുള്ളു എന്ന് മന്ത്രി വ്യക്തമാക്കി.
വഴിയരികിലും ഒഴിഞ്ഞുകിടക്കുന്ന പുരയിടങ്ങളിലും ഓവുചാലുകളിലും കുളങ്ങളിലും നദികളിലുമൊക്കെ കോഴി മാലിന്യങ്ങൾ നിക്ഷേപിക്കുന്ന അപരിഷ്‌കൃത രീതി്ക്ക് ഇതോടെ പരിഹാരമാകുമെന്നും 
പരിസ്ഥിതി സംരക്ഷണത്തിലൂന്നിക്കൊണ്ടല്ലാതെ കേരളത്തിന് മുന്നോട്ടുപോകാനാവില്ലെന്നും മന്ത്രി പറഞ്ഞു.


Post a Comment

0 Comments