Flash News

6/recent/ticker-posts

പ്രവാസികള്‍ ശ്രദ്ധിക്കുക; സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള പണപ്പിരിവ് നിയമവിരുദ്ധമാക്കി.

Views
പ്രവാസികള്‍ ശ്രദ്ധിക്കുക; സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള പണപ്പിരിവ് നിയമവിരുദ്ധമാക്കി


റിയാദ്: സൗദി അറേബ്യയില്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള പണപ്പിരിവും യാചനയും ശിക്ഷാര്‍ഹമാക്കുന്നു. രാജ്യത്ത് നടപ്പാക്കിയ ഭിക്ഷാടന വിരുദ്ധ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. 

നേരിട്ടോ പരോക്ഷമായോ ഭിക്ഷാടനത്തിലേര്‍പ്പെടുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവും ഒരു ലക്ഷം റിയാല്‍ വരെ പിഴയും ചുമത്താനാണ് മന്ത്രിസഭ അമഗീകാരം നല്‍കിയ പുതിയ നിയമം അനുമതി നല്‍കുന്നത്. 

നേരത്തേയുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ നേരിട്ട് നടത്തുന്ന ഭിക്ഷാടനം മാത്രമേ നിയമവിരുദ്ധമായിരുന്നുള്ളൂ. എന്നാല്‍ പുതിയ നിയമപ്രകാരം സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഉള്‍പ്പെടെ ഓണ്‍ലൈനായി നടത്തുന്ന യാചനയും പണപ്പിരിവും വിലക്കിന് വിധേയമാവും.

രാജ്യത്ത് വര്‍ധിച്ച് വരുന്ന ഭിക്ഷാടനം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് ലക്ഷ്യമിട്ടാണ് നിയമം കര്‍ശനമാക്കിയത്. യാചനയെ പ്രോത്സാഹിപ്പിക്കുന്നതും ഭിക്ഷാടനത്തിനാവശ്യമായ സഹായങ്ങള്‍ ഒരുക്കുന്നതും പുതിയ നിയമത്തില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമായി പരിഗണിക്കും. ഇത്തരക്കാര്‍ക്ക് ആറ് മാസം വരെ ജയിലും 50000 റിയാല്‍ വരെ പിഴയും ചുമത്തുന്നതിനും നിയമം നിഷ്‌കര്‍ഷിക്കുന്നു. അതേസമയം, സംഘടിത യാചന നടത്തുന്നവര്‍ക്കെതിരേ കൂടുതല്‍ കര്‍ശനമായ ശിക്ഷയാണ് നിയമം വിഭാവനം ചെയ്യുന്നത്.

തെരുവുകളിലോ പള്ളികളിലോ വ്യാപാര സ്ഥാപനങ്ങളിലോ നേരിട്ടോ അല്ലാതെയോ യാചന നടത്തുന്നത് നിലവില്‍ കുറ്റകരമാണ്. ആദ്യ തവണ യാചനയ്ക്ക് പിടിയിലായാല്‍ ശിക്ഷ നല്‍കില്ല. എന്നാല്‍ വീണ്ടും പിടിയിലായാല്‍ നിയമ നടപടികള്‍ക്ക് വിധേയമാകേണ്ടിവരും. മനുഷ്യവിഭവ സാമൂഹ്യ വികസന മന്ത്രാലയത്തിനും ആഭ്യന്തര മന്ത്രാലയത്തിനുമാണ് നിയമം നടപ്പാക്കാനുള്ള ചുമതല നല്‍കിയിരിക്കുന്നത്. യാചനയ്ക്ക് പിടികൂടപ്പെടുന്നവരില്‍ നിന്ന് അതുവഴി ലഭിച്ച പണം സര്‍ക്കാര്‍ പിടിച്ചെടുക്കും.

യാചന നടത്തിയതിന് പിടിയിലാവുന്നവര്‍ പ്രവാസിയാണെങ്കില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുകയും പിഴ അടയ്ക്കുകയും ചെയ്ത ശേഷം നാട് കടത്തലിനും വിധേയമാക്കും. അവര്‍ക്ക് പിന്നീട് ഒരിക്കലും സൗദിയിലേക്ക് തിരിച്ചുവരാനാവില്ല. പിടിക്കപ്പെട്ടവര്‍ സ്വദേശികളോ സ്വദേശികളായ വനിതകളുടെ ഭര്‍ത്താവോ കുട്ടികളോ ആണെങ്കില്‍ നാട് കടത്തലില്‍ നിന്ന് ഒഴിവാക്കും.


Post a Comment

0 Comments