Flash News

6/recent/ticker-posts

ഫോണ്‍പേയ്ക്ക് പിന്നാലെ ഗൂഗിള്‍ പേയും പേടിഎമ്മും പണമീടാക്കുമോ?

Views

ഫ്ളിപ്കാർട്ട് തുടക്കമിടുകയും ഇപ്പോൾ വാൾമാർട്ട് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതുമായ പണമിടപാട് സേവനമാണ് ഫോൺപേ.  ഇന്ത്യയിൽ ഏറെ ഉപഭോക്താക്കളുള്ള യുപിഐ സേവനങ്ങളിലൊന്നാണ് ഫോൺപേ. യുപിഐ പണമിടപാടുകൾ പൂർണമായും സൗജന്യമായാണ് ഫോൺ പേ ഇതുവരെ നൽകിയിരുന്നത്. എന്നാൽ ഇനി മുതൽ ഫോൺപേയിലൂടെ മൊബൈൽ റീച്ചാർജ് ചെയ്യുമ്പോൾ നിശ്ചിത തുക അധികമായി ഈടാക്കുമെന്നാണ് ഫോൺ പേയുടെ പ്രഖ്യാപനം. അത് യുപിഐയിലൂടെ ആണെങ്കിൽ പോലും ചാർജ് ഈടാക്കും.
ഇത്തരത്തിൽ ഒരു പ്രഖ്യാപനം നടത്തുന്ന ആദ്യ യുപിഐ അധിഷ്ടിത പണമിടപാട് സേവനമാണ് ഫോൺ പേ. ഗൂഗിൾ പേയും, പേ ടിഎമ്മും നിലവിൽ ഉപഭോക്താക്കളിൽ നിന്ന് യുപിഐ പണമിടപാടുകൾക്ക് അധിക തുക ഈടാക്കുന്നില്ല. എന്നാൽ ക്രെഡിറ്റ് കാർഡ് വഴിയുള്ള പണമിടപാടുകൾ ആപ്പിലൂടെ നടക്കുമ്പോൾ നിശ്ചിത തുക ഈ സേവനങ്ങൾ പിടിക്കുന്നുണ്ട്.

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എല്ലാ യുപിഐ പണമിടപാടുകൾക്കും ചാർജ് ഈടാക്കുമെന്നല്ല ഫോൺ പേയുടെ പ്രഖ്യാപനം. മൊബൈൽ റീച്ചാർജുകൾക്ക് ചാർജ് ഈടാക്കുമെന്നാണ്. 50 രൂപയ്ക്കും 100 നും ഇടയിൽ റീച്ചാർജ് ചെയ്യുമ്പോൾ ഒരു രൂപയും നൂറ് രൂപയ്ക്ക് മുകളിൽ ചെയ്യുന്ന റീച്ചാർജുകൾക്കെല്ലാം രണ്ട് രൂപയും ഈടാക്കും. അതേസമയം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമെല്ലാം പണം അയക്കുമ്പോൾ ഷോപ്പുകളിൽ ഇടപാട് നടത്തുമ്പോഴും ഈ അധിക തുക ഈടാക്കില്ല.

എങ്ങനെയാണ് ഫോൺ പേ പണമുണ്ടാക്കുന്നത് ?

പണമിടപാടുകൾക്കായി ഇടനിൽക്കുന്നവർ സാധാരണ ചെയ്യാറുള്ള പോലെ കമ്മീഷനിലൂടെയാണ് ഫോൺ പേയും വരുമാനമുണ്ടാക്കുന്നത്. ഫോൺപേ ആപ്പിലൂടെ പ്രചരിപ്പിക്കപ്പെടുന്ന വിവിധ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ഫോൺ പേ കമ്മീഷൻ ഈടാക്കുന്നുണ്ട്. ഫോൺ പേയിലൂടെ കച്ചവടം നടന്നാൽ ആ തുകയുടെ നിശ്ചിത ഭാഗം കൈപ്പറ്റുകയാണ് ഫോൺ പേ ഉൾപ്പടെയുള്ള പണമിടപാട് സേവനങ്ങൾ ചെയ്തുവരുന്നത്.
നമ്മുടെ നാട്ടിലെ റീച്ചാർജ് ഷോപ്പുകളെല്ലാം മൊബൈൽ റീച്ചാർജുകൾക്ക് കമ്മീഷൻ പറ്റുന്നുണ്ട്. ആ തൂക കൂടി ചേർത്തുള്ള തുകയാണ് നമ്മൾ അവിടെ കൊടുക്കാറുണ്ടായിരുന്നത് എന്ന് മാത്രം. ഫോൺ പേ നേരത്തെ തന്നെ റീച്ചാർജുകൾക്ക് നിശ്ചിത തുക കമ്മീഷൻ ഈടാക്കുന്നുണ്ട്. ഇതിന് പുറമെയാണ് രണ്ട് രൂപ വരെ കമ്മീഷൻ ഈടാക്കാനുള്ള നീക്കവും. പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് നടപ്പാക്കുന്നതെന്നും കമ്പനി പറയുന്നുണ്ട്.

ഫോൺപേ ഒഴിവാക്കാൻ സോഷ്യൽ മീഡിയ ആഹ്വാനം

റീച്ചാർജുകൾക്ക് പണമീടാക്കാനുള്ള നീക്കത്തിൽ ഉപഭോക്താക്കൾക്കിടയിൽ ശക്തമായ പ്രതിഷേധമുയർന്നിട്ടുണ്ട് ക്വിറ്റ് ഫോൺപേ ഉൾപ്പടെയുള്ള ഹാഷ്ടാഗുകൾ ഇതിനകം സജീവമായിക്കഴിഞ്ഞു. ഉപഭോക്താക്കളുടെ പ്രതിഷേധത്തോട് ഫോൺ പേ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഗൂഗിൾ പേയും പേടിഎമ്മും കമ്മീഷൻ പിടിക്കുമോ?

യുപിഐ പണമിടപാട് സേവനങ്ങൾക്ക് വലിയ ജനപ്രീതി ലഭിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്. സാധനങ്ങൾ വാങ്ങാനും പെട്രോളടിക്കാനുമെല്ലാം യുപിഐ ആപ്പുകൾ ഉപയോഗിക്കാൻ ആളുകൾ പഠിച്ചുവരികയാണ്. അതിനിടയിലാണ് ജനപ്രീതിയേറെയുള്ള ഫോൺപേ റീച്ചാർജുകൾക്ക് ചാർജ് ഈടാക്കുമെന്ന് പ്രഖ്യാപിക്കന്നത്.

സ്വാഭാവികമായും ഇത് ഒരു തുടക്കമാണെന്ന ആശങ്ക ഉപഭോക്താക്കളിൽ ഉണ്ടായേക്കാം. ഗൂഗിൾ പേ, പേടിഎം പോലുള്ള സേവനങ്ങൾ ഇതേ രീതിയിൽ പണമീടാക്കുമോ എന്ന സംശയം അതോടൊപ്പമുണ്ടാകും.
നിലവിൽ ഫോൺ പേ അല്ലാതെ മറ്റാർക്കെങ്കിലും ഇങ്ങനെ ഒരു താൽപര്യം ഉണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം പേടിഎം ഫോൺപേയുടെ ഈ തീരുമാനത്തെ പരസ്യമായി തന്നെ വിമർശിച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

'വിശ്വാസം നിർമിച്ചെടുക്കുന്നത് തന്നെ വലിയൊരു പ്രോസസ് ആണ്. ആ പ്രോസസിന് ചെലവുകളൊന്നുമില്ല.' എന്നാണ് പേ ടിഎമ്മിന്റെ പ്രതികരണം. മൊബൈൽ റീച്ചാർജിന് 2 രൂപ അധികം വാങ്ങിയ ഫോൺ പേയുടെ നടപടി ചോദ്യം ചെയ്തുകൊണ്ട് ഒരാൾ പങ്കുവെച്ച ട്വീറ്റ് പേടീഎം റീട്വീറ്റ് ചെയ്യുകയും ചെയ്തു. അതുകൊണ്ടുതന്നെ ഫോൺ പേയെ പോലെ പണമീടാക്കാൻ സമീപകാലത്തൊന്നും പേടിഎമ്മിന് പദ്ധതിയില്ല എന്ന് വ്യക്തം. യുപിഐ പണമിടപാട് സേവനങ്ങൾ ഒന്നിച്ചുള്ള ഒരു നീക്കമല്ല ഇത് എന്നും ഇത് പേടിഎമ്മിന്റെ നിലപാട് വ്യക്തമാക്കുന്നു.
ഗൂഗിൾ പേ നിലവിൽ ഇതിനോട് പ്രതികരിച്ചിട്ടില്ല. കമ്മീഷനുകളിൽ നിന്ന് തന്നെയാണ് ഗൂഗിൾ പേയും വരുമാനമുണ്ടാക്കുന്നത്. യുപിഐ പണമിടപാടുകൾക്ക് എന്തെങ്കിലും ചാർജുകൾ ഈടാക്കുന്ന കാര്യത്തിൽ ഗൂഗിൾ ഇതുവരെ പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.
പണമിടപാടുകൾക്ക് ഉപഭോക്താക്കളിൽ നിന്ന് പണമീടാക്കുമെന്ന് 2020 ൽ ഗൂഗിൾ പേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്ത്യൻ ഉപഭോക്താക്കളിൽ നിന്ന് പണമീടാക്കില്ലെന്ന് അന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. അമേരിക്കയിൽ വിപണിയിൽ മാത്രമാണ് പണമിടപാടുകൾക്ക് ഗൂഗിൾ പേ ചാർജ് ഈടാക്കുന്നത്.

അതിന് ശേഷം ഇതുവരെ പ്രൊസസിങ് ചാർജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളൊന്നും ഗൂഗിൾ പേ നടത്തിയിട്ടില്ല. എങ്കിലും യുപിഐ ഇടപാടുകളെല്ലാം നിലവിൽ സൗജന്യമാണെന്നാണ് ഗൂഗിൾ പേയും, പേടിഎമ്മും പറയുന്നത്.


Post a Comment

0 Comments