Flash News

6/recent/ticker-posts

അതെ, ഓറഞ്ച് ക്യാപ്പ് ഋതുരാജിന് തന്നെ; അതും റെക്കോഡോടെ.

Views

ദുബായ്: ഐ.പി.എൽ 14-ാം സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് ചെന്നൈ സൂപ്പർ കിങ്സിന്റെ ഋതുരാജ് ഗെയ്ക്വാദിന്.

16 മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ചുറിയും നാല് അർധ സെഞ്ചുറികളുമടക്കം 45.35 ശരാശരിയിൽ 635 റൺസ് നേടിയാണ് ഋതുരാജ് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത്.

കൊൽക്കത്ത നൈറ്റ് റെഡേഴ്സിനെതിരായ ഫൈനലിൽ 24 റൺസ് നേടിയതോടെ ഋതുരാജ് റൺവേട്ടയിൽ മുന്നിലുണ്ടായിരുന്ന കെ.എൽ രാഹുലിനെ മറികടക്കുകയായിരുന്നു. മത്സരത്തിൽ 27 പന്തിൽ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം ഋതുരാജ് 32 റൺസെടുത്തു.

ഇതോടെ ഐ.പി.എല്ലിൽ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് ഋതുരാജിന് സ്വന്തമായി. മുൻ കിങ്സ് ഇലവൻ പഞ്ചാബ് (ഇപ്പോഴത്തെ പഞ്ചാബ് കിങ്സ്) താരം ഷോൺ മാർഷിനെയാണ് ഋതുരാജ് മറികടന്നത്. 2008 സീസണിൽ പഞ്ചാബിനായി 616 റൺസ് സ്കോർ ചെയ്യുമ്പോൾ 25 വയസായിരുന്നു താരത്തിന്റെ പ്രായം.

അതേസമയം 59 പന്തിൽ നിന്ന് മൂന്ന് സിക്സും ഏഴ് ഫോറുമടക്കം 86 റൺസെടുത്ത ഫാഫ് ഡുപ്ലെസി, ഋതുരാജിനെ മറികടക്കുമെന്ന തോന്നലുണ്ടായിരുന്നു. എന്നാൽ 633 റൺസിലെത്താനേ ഡുപ്ലെസിക്കായുള്ളൂ. 16 മത്സരങ്ങളിൽ നിന്ന് ആറ് അർധ സെഞ്ചുറിയടക്കം 45.21 ശരാശരിയിലാണ് ഡുപ്ലെസിയുടെ നേട്ടം.

13 മത്സരങ്ങളിൽ നിന്ന് ആറ് അർധ സെഞ്ചുറിയടക്കം 62.60 ശരാശരിയിൽ 626 റൺസെടുത്ത പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ കെ.എൽ രാഹുൽ മൂന്നാം സ്ഥാനത്തായി.

Post a Comment

0 Comments