Flash News

6/recent/ticker-posts

ലഹരിപ്പാര്‍ട്ടിക്കിടെ കസ്റ്റഡിയിലായത് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

Views
ലഹരിപ്പാര്‍ട്ടിക്കിടെ കസ്റ്റഡിയിലായത് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍; ചോദ്യം ചെയ്യല്‍ തുടരുന്നു



മുംബൈ: ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടിക്കിടെ (rave party) നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (NCB) പിടിയിലായത് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ (shahrukh khan) മകന്‍ ആര്യന്‍ ഖാനെന്ന് (Aryan khan) റിപ്പോര്‍ട്ട്. ഇന്ത്യ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ആര്യന്‍ ഖാനെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. നിലവില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയോ വകുപ്പുകള്‍ ചുമത്തുകയോ ചെയ്തിട്ടില്ലെന്ന് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പറഞ്ഞു.

ആറ് പേരാണ് പാര്‍ട്ടി സംഘടിപ്പിച്ചതെന്നും എന്‍സിബി വ്യക്തമാക്കി. ആര്യന്‍ ഖാന്റെ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇത് പരിശോധന തുടരുകയാണ്. ലഹരിപ്പാര്‍ട്ടിയില്‍ ആര്യന്‍ ഖാന്‍ പങ്കെടുത്തതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ച ശേഷമേ മറ്റ് നടപടികളിലേക്ക് കടക്കൂ. പിടിയിലായവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. ഇവരെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇവരില്‍ പ്രമുഖ വ്യവസായികളുടെ മക്കളുമുണ്ടെന്ന് സൂചനയുണ്ട്. 

ആഡംബര കപ്പലിലെ ലഹരി പാർട്ടി; പ്രതികളെ കുടുക്കിയത് തന്ത്രപരമായ നീക്കം

മുംബൈ തീരത്ത് കോര്‍ഡിലിയ ക്രൂയിസ് എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. ഇവരില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ്. എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടി. പിടിച്ചെടുത്ത കപ്പല്‍ മുംബൈ അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനലില്‍ എത്തിക്കും. രണ്ടാഴ്ച മുമ്പാണ് ആഡംബര കപ്പലായ കോര്‍ഡിലിയ ക്രൂയിസ് ഉദ്ഘാടനം ചെയ്തത്. കപ്പലില്‍ ശനിയാഴ്ച ലഹരിപ്പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ്. എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. 

യാത്രക്കാരുടെ വേഷത്തിലാണ് ഉദ്യോഗസ്ഥര്‍ കപ്പലില്‍ കയറിപ്പറ്റിയത്. സംഗീത പരിപാടിയെന്ന് പറഞ്ഞാണ് പാര്‍ട്ടി നടത്തിയവര്‍ ടിക്കറ്റ് വിറ്റത്. നൂറോളം ടിക്കറ്റുകള്‍ വിറ്റുപോയി. ഒക്ടോബര്‍ രണ്ട് മുതല്‍ നാല് വരെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ കപ്പല്‍ മുംബൈ തീരം വിട്ട് നടുക്കടലില്‍ എത്തിയപ്പോള്‍ മയക്കുമരുന്ന് പാര്‍ട്ടി ആരംഭിച്ചു. പാര്‍ട്ടി തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ എന്‍സിബി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തു.




Post a Comment

0 Comments