Flash News

6/recent/ticker-posts

വാട്‌സാപ്പുകാർക്ക് മുന്നറിയിപ്പ്! ചാറ്റ് ബാക്അപ്പ് പ്രശ്‌നത്തിലായേക്കാം, ഗൂഗിള്‍ പാലം വലിച്ചേക്കും?.

Views

വാട്‌സാപ്പിലെ പ്രധാനപ്പെട്ട സന്ദേശങ്ങളും ഇഷ്ടപ്പെട്ട വിഡിയോകളും ഫോട്ടോകളും ഉപയോക്താക്കള്‍ ഇപ്പോൾ ഗൂഗിൾ ഡ്രൈവിലാണ് സ്റ്റോർ ചെയ്യുന്നത്. നിലവില്‍ ഒരു ഉപയോക്താവിന്റെ ഗൂഗിള്‍ അക്കൗണ്ടില്‍ എന്തുമാത്രം സ്റ്റോറേജ് ശേഷിയുണ്ട് എന്നതുപോലും കണക്കിലെടുക്കാതെയാണ് ഇവയെല്ലാം ഗൂഗിള്‍ ഡ്രൈവിൽ ശേഖരിക്കുന്നത്. വാട്‌സാപ്പിനെക്കുറിച്ച് വിശ്വസനീയമായ വിവരങ്ങള്‍ പുറത്തുവിടുന്ന വാബീറ്റാഇന്‍ഫോ പറയുന്നത് ശരിയാണെങ്കില്‍ വൈകാതെ തന്നെ ഗൂഗിള്‍ ഡ്രൈവിലേക്ക് യഥേഷ്ടം ഡേറ്റ തള്ളിവിടുന്ന പരിപാടി അവസാനിക്കാന്‍ പോകുകയാണ് എന്നാണ്.

▪️ഇനി 2 ജിബി ഡേറ്റാ ബാക്ക്അപ്പ് മാത്രം?

വാട്‌സാപ് ബാക്അപ്പിനെക്കുറിച്ച് ഗൂഗിള്‍ പുതിയ നയം സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതുപ്രകാരം ഒരു വാട്‌സാപ് ഉപയോക്താവിന് പരമാവധി 2000 എംബി (2ജിബി) ഡേറ്റ മാത്രമായിരിക്കും ഗൂഗിള്‍ ഡ്രൈവില്‍ സംഭരിക്കാനാകുക. മിക്ക വാട്‌സാപ് ഉപയോക്താക്കള്‍ക്കും ഇത് ഏതാനും ദിവസംകൊണ്ട് തീരും. ഗൂഗിള്‍ ഡ്രൈവ് ബാക്അപ്പ് എന്നത് ഏതാനും വര്‍ഷം മുൻപ് വരെ ഒരാളുടെ ഗൂഗിള്‍ ഡ്രൈവിന്റെ സ്റ്റോറേജ് ശേഷിക്ക് അനുസരിച്ചായിരുന്നു അനുവദിച്ചിരുന്നത്. എന്നാല്‍, 2018 ലാണ് ടെക്‌നോളജി ഭീമന്മാരായ ഗൂഗിളും വാട്‌സാപ് ഉടമയായ ഫെയ്‌സ്ബുക്കും യോജിച്ച് ഒരാളുടെ അക്കൗണ്ടിന്റെ സ്റ്റോറേജ് ശേഷി പരിഗണക്കാതെ ഇഷ്ടംപോലെ സ്‌റ്റോർ ചെയ്യാമെന്ന നിലപാട് സ്വീകരിച്ചത്. വാട്‌സാപ് ബാക്അപ്പുകള്‍ ഫോണ്‍ നമ്പറും ഗൂഗിള്‍ അക്കൗണ്ടുമായി ബന്ധപ്പെടുത്തിയാണ് പ്രവര്‍ത്തിപ്പിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ അപ്‌ഡേറ്റു ചെയ്യാത്ത വാട്‌സാപ് ബാക്അപ്പുകളും ഗൂഗിള്‍ ഡ്രൈവില്‍ നിന്ന് നീക്കം ചെയ്യപ്പെടും.

▪️ഇതിനെതിരെ വാട്‌സാപ് എന്തു ചെയ്യും?

ഇനി മുതൽ വാട്സാപ് ഉപയോക്താക്കള്‍ക്ക് ബാക്അപ്പ് സൈസ് ക്രമീകരിക്കാനുള്ള അവസരം നല്‍കാന്‍ ഒരുങ്ങുകയാണ് എന്നാണ് വാബീറ്റാഇന്‍ഫോ പറയുന്നത്. അതായത്, അടുത്ത ബാക്അപ്പിലേക്ക് വേണ്ട ഫയലുകള്‍ മാത്രം അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയേക്കുമെന്നു പറയുന്നു. എന്നാല്‍, ഗൂഗിള്‍ ഡ്രൈവിലേക്കുള്ള അപ്‌ലോഡിങ് പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമാണോ ഈ മാറ്റമെന്ന് ഉറപ്പില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഗൂഗിള്‍ ഡ്രൈവിലേക്കുള്ള വാട്‌സാപ് ബാക്അപ്പ് 2 ജിബി ആക്കി പരിമിതപ്പെടുത്താനോ അല്ലെങ്കില്‍ ഒരാളുടെ ഗൂഗിള്‍ അക്കൗണ്ടിലുള്ള സംഭരണശേഷി മാത്രം ഉപയോഗിക്കാനോ മാത്രം സാധിക്കുന്ന രീതിയില്‍ പരിമിതപ്പെടുത്താനുളള സാധ്യത ഏറെയാണെന്നും പറയുന്നു. ഇതുവരെ ബാക്അപ്പ് ചെയ്തിരിക്കുന്ന ഫയലുകള്‍ക്ക് എന്തു സംഭവിക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. അതേസമയം, ഇത് ഔദ്യോഗികമായി ഗൂഗിളോ ഫെയ്‌സ്ബുക്കോ പറഞ്ഞിരിക്കുന്ന കാര്യമല്ലെന്നും ഓര്‍ക്കുക. ഇരു കമ്പനികളും ഇനി എന്തെങ്കിലും ധാരണയില്‍ എത്തിയാല്‍ പോലും തുടര്‍ന്നും ബാക്അപ്പ് സാധിച്ചേക്കും.

▪️ഇത് വേണ്ടകാര്യം?

അതേസമയം, ഇത് നല്ലൊരു നീക്കമാണെന്നും പറയുന്നു. കാരണം ക്ലൗഡ് സംഭരണം നിലനിര്‍ത്താനായി വന്‍തോതില്‍ വൈദ്യുതി വേണ്ടിവരുന്നുണ്ട്. പുതിയ വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ലോകം ഒന്നടങ്കമുള്ളവർ തള്ളിവിടുന്ന സകല ചപ്പും ചവറും സൂക്ഷിക്കാനായി ക്ലൗഡ് സംഭരണശേഷികള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലതെന്നും വിലയിരുത്തലുണ്ട്. അതേസമയം, വാട്‌സാപ്പിന്റെ ഉടമയായ ഫെയ്‌സ്ബുക് സ്വന്തമായി ബാക്അപ്പ് സംവിധാനങ്ങള്‍ സൃഷ്ടിക്കുമോ എന്നതടക്കമുള്ള കാര്യങ്ങള്‍ കണ്ടറിയേണ്ടതുണ്ട്.


Post a Comment

0 Comments