Flash News

6/recent/ticker-posts

ഉത്രവധക്കേസിൽ സൂരജിന് ഇരട്ടജീവപര്യന്തം: പ്രായം പരിഗണിച്ച് സൂരജിന് തൂക്കുകയർ ഒഴിവാക്കി കോടതി

Views
കേരളം ആകാംക്ഷയോടെ ഉറ്റുനോക്കിയ ഉത്ര കേസിൽ ഒടുവിൽ അപ്രതീക്ഷിത വിധി. ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് എന്ന് വിലയിരുത്തപ്പെട്ട ഉത്ര വധക്കേസിൽ പ്രതിയായ അടൂർ സ്വദേശി സൂരജിന് കോടതി ഇരട്ടജീവപര്യന്തമാണ് ശിക്ഷയായി വിധിച്ചത്.

അഞ്ചൽ സ്വദേശിനി ഉത്രയെ മൂർഖൻ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്ന കേസിലാണ് ഭർത്താവ് സൂരജിന് കോടതി ഇരട്ടജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചത്. കേസിൽ വിചാരണ നടത്തിയ കൊല്ലം ആറാം അസി. ജില്ലാ സെഷൻസ് മജിസ്ട്രേറ്റ്  എം.മനോജാണ് വിധി പ്രസ്താവിച്ചത്. നാല് വകുപ്പുകൾ അനുസരിച്ച് സൂരജ് കുറ്റക്കാരനെന്നാണ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊലപാതകമാണ് ഉത്രക്കേസ് ശിക്ഷവിധി പ്രസ്താവിച്ചു ജഡ്ജി പക്ഷേ സൂരജിൻ്റെ പ്രായം കണക്കിലെടുത്തും കുറ്റവാളിയെ തിരുത്താനുള്ള സാധ്യത പരിഗണിച്ചും ഇരട്ടജീവപര്യന്തം ശിക്ഷ പ്രഖ്യാപിക്കുകയായിരുന്നു. 

വിചിത്രവും പൈശാചികവുമായ കൊല ചെയ്ത പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ നൽകണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മോഹൻരാജ് നേരത്തെ കോടതിയിൽ വാദിച്ചിരുന്നു. സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധിയായിരിക്കണം ഉണ്ടാകേണ്ടതെന്നും വധശിക്ഷ നൽകാവുന്ന അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. 

അപൂർവ്വങ്ങളിൽ അപൂർവ്വമായ ഉത്രകേസ്

സ്വത്തിനു വേണ്ടി സ്വന്തം ഭാര്യയെ ഭർത്താവ് മുർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുക...  ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിലെ തന്നെ അപൂർവതകൾ ഏറെ നിറഞ്ഞ കേസിലാണ് ഒടുവിൽ കോടതിയുടെ വിധിയെത്തുന്നത്. 87  സാക്ഷികൾ   നൽകിയ മൊഴികളും ,288 രേഖകളും. 40 തൊണ്ടിമുതലുകളും അപഗ്രഥിച്ച ശേഷമാണ് കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം.മനോജ് വിധി പ്രഖ്യാപിച്ചത്. 

ജീവനുളള ഒരു വസ്തു കൊലപാതകത്തിനുളള ആയുധമായി ഉപയോഗിച്ചു എന്നതാണ് ഉത്ര വധ  കേസിൻറെ ഏറ്റവും വലിയ സവിശേഷത. പ്രതിയായ സൂരജിൻറെ കുറ്റസമ്മത മൊഴിക്കപ്പുറം ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കാൻ പൊലീസ് നടത്തിയ  ഡമ്മി പരീക്ഷണമടക്കമുളള വേറിട്ട അന്വേഷണ രീതികളും ഏറെ ചർച്ചയായിരുന്നു.

വിചാരണയുടെ തുടക്കം മുതൽ താൻ നിരപരാധിയെന്ന അവകാശവാദമാണ് പ്രതി സൂരജ് കോടതിക്കു മുന്നിൽ ഉയർത്തിയത്. എന്നാൽ ശാസ്ത്രീയമായ തെളിവുകളുടെ സമാഹരണത്തിലൂടെ സൂരജിൻറെ വാദങ്ങൾ പൊളിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലാണ് പ്രോസിക്യൂഷൻ. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന ഭർത്താവ് സൂരജിന് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. 

രാജ്യത്ത കുറ്റാന്വേഷണചരിത്രത്തിൽ തന്നെ സവിശേഷ പ്രധാന്യമുള്ള കേസായാണ് ഉത്രക്കേസ് ഇപ്പോൾ പരിഗണിക്കപ്പെടുന്നത്. ഐപിഎസ് ട്രെയിനിംഗിൻ്റെ ഭാഗമായി പഠിക്കാനുള്ള കേസുകളുടെ പട്ടികയിൽ ഉത്രക്കേസുണ്ട്. രാജ്യത്ത് ഇതിനു മുൻപ് രണ്ട് തവണ പാമ്പിനെ ഉപയോഗിച്ച് ആളുകളെ കൊല്ലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മഹാരാഷ്ട്രയിലെ പൂണെയിലും നാഗ്പൂരിലുമായിരുന്നു അത്. പൂണെയിൽ ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊല്ലപ്പെടുത്താൻ പാമ്പിനെ ഉപയോഗിച്ചെന്നായിരുന്നു കേസെങ്കിൽ, നാഗ്പൂരിൽ മാതാപിതാക്കളുടെ സ്വത്ത് തട്ടിയെടുക്കാൻ മകൻ പാമ്പിനെ കൊണ്ട് കൊത്തിച്ചു കൊന്നു എന്നായിരുന്നു കേസ്. എന്നാൽ ഈ രണ്ട് കേസിലും തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വിചാരണ കോടതികൾ വെറുതെ വിട്ടത് മഹാരാഷ്ട്രാ പൊലീസിന് തിരിച്ചടിയായി. സമാനവിധി ഉത്രക്കേസിൽ ഉണ്ടായില്ല എന്നത് കേരള പൊലീസിനാകെ അഭിമാനം പകരുന്ന കാര്യമാണ്. 

കൊലപാതകം, ഗൂഢാലോചന, ജീവനുള്ള വസ്തുവിനെ വച്ച് കൊലപാതകശ്രമം, ഗാർഹിക പീഡനം, കൊലപാതകശ്രമം എന്നിങ്ങനെ അഞ്ച് വകുപ്പുകളാണ് പൊലീസ് കുറ്റപത്രത്തിൽ സൂരജിനെതിരെ ചാർത്തിയായത്. കേസിൽ ആദ്യം പ്രതി ചേർക്കപ്പെട്ട പാമ്പു പിടുത്തക്കാരൻ കല്ലുവാതുക്കൽ സുരേഷിനെ പൊലീസ് പിന്നീട് മാപ്പുസാക്ഷിയാക്കിയിരുന്നു. 

ദൃക്സാക്ഷികളില്ലാത്ത കേസിൽ കോടതിക്ക് മുന്നിലുള്ള ഏറ്റവും വലിയ സാക്ഷിമൊഴിയാണ് സുരേഷിൻ്റേത്. സൂരജിനെ പാമ്പുകളെ കൊടുത്തിടിട്ടുണ്ടെന്നും അവയെ കൈകാര്യം ചെയ്യാൻ സൂരജിന് അറിയാമെന്നും സുരേഷ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഭാര്യയെ കൊല്ലാൻ വേണ്ടിയായിരുന്നു സൂരജ് പാമ്പിനെ വാങ്ങിയത് എന്നറിയില്ലായിരുന്നുവെന്ന സുരേഷിൻ്റെ മൊഴി അംഗീകരിച്ചാണ് കോടതി ഇയാളെ മാപ്പുസാക്ഷിയാക്കിയത്.



Post a Comment

0 Comments