Flash News

6/recent/ticker-posts

കൊവിഡ് കണക്കെല്ലാം ഇനി ജാഗ്രത പോർട്ടലിൽ; സമാന്തര വിവരശേഖരണം വേണ്ടെന്ന് അവലോകനയോഗം

Views

കൊവിഡ് കണക്കെല്ലാം ഇനി ജാഗ്രത പോർട്ടലിൽ; സമാന്തര വിവരശേഖരണം വേണ്ടെന്ന് അവലോകനയോഗം

തിരുവനന്തപുരം: കൊവിഡ് കണക്കുകൾ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും ഇനി ഒറ്റ കേന്ദ്രീകൃത സംവിധാനം മതിയെന്ന് തീരുമാനം. കൊവിഡ് ജാഗ്രതാ പോർട്ടൽ മാത്രം ഇതിന് ഇനി ഉപയോഗിച്ചാൽ മതിയെന്നാണ് തീരുമാനം. സെപ്റ്റംബർ 22ന് ചേർന്ന കൊവിഡ് അവലോകനയോഗത്തിലാണ് ഇനി കൊവിഡ് ജാഗ്രത പോർട്ടൽ മാത്രം മതിയെന്ന് തീരുമാനിച്ചത്.

കൊവിഡ് പോസിറ്റീവായി ചികിത്സയിൽ കഴിയുന്നവരുടെ വിവരങ്ങൾ യഥാസമയം അപ്ഡേറ്റാവാത്തതാണ് കൂടുതൽ പേർ ചികിത്സയിലാണെന്ന കണക്ക് വരാൻ കാരണമെന്നായിരുന്നു യോഗത്തിലെ കണ്ടെത്തൽ. ഇതിന് പരിഹാരമായി പോസിറ്റിവായി പത്ത് ദിവസം കഴിയുമ്പോൾ ആശുപത്രികളിലൊന്നും അഡ്മിറ്റായിട്ടില്ലാത്തവരെ രോഗംഭേദമായവരുടെ പട്ടികയിലേക്ക് മാറ്റാനാണ് തീരുമാനം. ആശുപത്രികളിൽ അഡ്മിറ്റായവരുടെ കാര്യത്തിൽ കേന്ദ്ര മാർഗനിർദ്ദേശം പാലിച്ചായിരിക്കും രോഗമുക്തി രേഖപ്പെടുത്തുക.

കൊവിഡ് വിവരം അപ്ലോഡ് ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം നാല് തലത്തിലായി വിഭജിച്ചു. വാർഡ് തലത്തിൽ പഞ്ചായത്ത് സെക്രട്ടറിയായിരിക്കും ഉത്തരവാദിത്വപ്പെട്ടയാൾ. വിവരം അപ്ലോഡ് ചെയ്യാൻ ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെ ഉപയോഗിക്കാം. കൊവിഡ്  പോർട്ടലിലെ രോഗികളുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനുള്ള ഉത്തരവാദിത്വം മെഡിക്കൽ ഓഫീസർമാർക്കാണ്. ജില്ലാ മെഡിക്കൽ ഓഫീസറും ജില്ലാ സർവൈലൻസ് ഓഫീസറുമാണ് സമ്പർക്ക വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള ചുമതല. വിവരങ്ങൾ ശേഖരിക്കാൻ സന്നദ്ധപ്രവർത്തകരുടെ സഹായം ഉപയോഗിക്കാം. പോർട്ടലിൻ്റെ ആകെ നിരീക്ഷണം ജില്ലാ തലത്തിൽ ദുരന്ത നിവാരണ ചുമതലയുള്ള സബ് കളക്ടർക്കും ഡെപ്യൂട്ടി കളക്ടർക്കുമായിരിക്കും.
എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ജില്ലാ കള്കടർ വിഷയത്തിൽ ഇടപെടണം.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സ്വന്തം തലത്തിൽ കൊവിഡ് വിവരങ്ങൾ ശേഖരിക്കേണ്ടതില്ലെന്നാണ് തീരുമാനം. സമാന്തര വിവരശേഖരണ നടത്തുന്നതിന് പകരം ആരോഗ്യ റെവന്യു വകുപ്പുകൾ ശേഖരിച്ച് നൽകുന്ന വിവരം തന്നെ ഉപയോഗിച്ചാൽ മതിയെന്നാണ് നിർദ്ദേശം. വാർഡ് തല കമ്മിറ്റികളുടെ പ്രവർത്തനത്തിനാവശ്യമായ വിവരങ്ങൾ പക്ഷേ ശേഖരിക്കാം. ക്വാറൻ്റീനിലുള്ളവരുടെ കണക്കെടുക്കാനും, സമ്പർക്ക പട്ടിക തയ്യാറാക്കാനും കൊവിഡ് ജാഗ്രതാ വെബ്സൈറ്റിനെ തന്നെ ആശ്രയിക്കണമെന്നും അവലോകനയോഗത്തിൽ നിർദ്ദേശം നൽകി



Post a Comment

0 Comments