Flash News

6/recent/ticker-posts

ഇന്ന് അന്താരാഷ്ട്രദുരന്ത നിവാരണ ദിനം

Views

ഇന്ന് അന്താരാഷ്ട്ര
ദുരന്ത നിവാരണ ദിനം

റിസ്ക്-അവബോധത്തിന്റെയും ദുരന്തനിവാരണത്തിന്റെയും ആഗോള സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ദിവസത്തേക്ക് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി വിളിച്ചതിന് ശേഷം 1989 ൽ അന്താരാഷ്ട്ര ദുരന്ത നിവാരണ ദിനം ആരംഭിച്ചു. ലോകമെമ്പാടുമുള്ള ആളുകളും സമൂഹങ്ങളും എങ്ങനെയാണ് ദുരന്തങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നതെന്നും അവർ അഭിമുഖീകരിക്കുന്ന അപകടസാധ്യതകളെ നിയന്ത്രിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം ഉയർത്തുന്നതെന്നും എല്ലാ ഒക്ടോബർ 13 -നും ആഘോഷിക്കുന്നു.


ദുരന്ത നിവാരണ ഭരണ പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കുക എന്ന ആപ്തവാക്യവുമായി ഇക്കൊല്ലവും ഒക്ടോബർ പതിമൂന്നിന്‌ അന്താരാഷ്ട്ര ദുരന്തനിവാരണ ദിനം ഐക്യരാഷ്ട്ര സഭ ആചരിക്കുകയാണ്. ദുരന്തങ്ങൾ ഒഴിവാക്കാനുള്ള സാദ്ധ്യതകൾ, ബോധവത്ക്കരണം, ദുരന്തങ്ങളുടെ കാഠിന്യം കുറക്കാനുള്ള നടപടികൾ തുടങ്ങിയവക്കൊക്കെ ഊന്നൽ കൊടുക്കാനായാണ് ഇങ്ങിനെ ഒരു ദിനം പ്രഖ്യാപിച്ചിരിക്കുന്നത്. ലോകമെങ്ങും കോവിഡ് മഹാമാരി താണ്ഡവമാടുമ്പോൾ ഈ വർഷത്തെ ദിനാചരണത്തിന് അതീവ പ്രാധാന്യമുണ്ട്.   

🔹ചരിത്രം

വർദ്ധിച്ചു വരുന്ന പ്രകൃതി ദുരന്തങ്ങളും, അവ, രാഷ്ട്ര വികസനങ്ങൾക്കു ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും കൃത്യമായ ആസൂത്രണത്തിലൂടെ കുറവുവരുത്തുക എന്ന ലക്ഷ്യത്തോടെ തൊണ്ണൂറുകളിൽ (1990 -99), ‘അന്താരാഷ്ട്ര പ്രകൃതി ദുരന്ത നിവാരണ പതിറ്റാണ്ട്’ ആയി ഐക്യരാഷ്ട്ര പൊതുസഭ പ്രഖ്യാപിക്കുകയുണ്ടായി. ഇതോടൊപ്പം എല്ലാ ഒക്ടോബർ രണ്ടാം ബുധനാഴ്ചയും അന്താരാഷ്ട്ര ദുരന്ത നിവാരണ ദിനമായി കൊണ്ടാടുന്നതിനും തീരുമാനിക്കപ്പെട്ടു (പ്രമേയം: 44/236,1989). പിന്നീട് പത്തുവർഷങ്ങൾക്കു ശേഷം ഇത് ഒക്ടോബർ പതിമൂന്ന് ആയി പുനർ നിശ്ചയിച്ചു (പ്രമേയം: 64/200, 2009). എല്ലാ അന്താരാഷ്ട്ര ദിനാചരണങ്ങളെയും പോലെ തന്നെ നിരവധി ഗവർമെന്റുകൾ, സംഘടനകൾ, സർവ്വകലാശാലകൾ, പൊതുജനങ്ങൾ എന്നിവർ ദുരന്ത നിവാരണ ദിനത്തിലും പങ്കാളികളാകുന്നു. കൂടാതെ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ടു അതാതു വർഷങ്ങളിൽ ഓരോ ആപ്തവാക്യവും പുറപ്പെടുവിക്കാറുണ്ട്. 2015 (അറിവും ജീവിതവും), 2016 (ഉയർന്ന ബോധവൽക്കരണം), 2017 (സുസ്ഥിര സുരക്ഷിത ഭവനം), 2018 (ദുരന്തങ്ങൾ മൂലമുള്ള സാമ്പത്തിക നഷ്ടം കുറക്കുക), 2019 (നിർണായകമായ അടിസ്ഥാന നിർമിതികളുടെ സംരക്ഷണം) എന്നിവയിൽ ആയിരുന്നു ശ്രദ്ധ ഊന്നിയത് എങ്കിൽ ഈ വര്ഷം അത് ദുരന്ത നിവാരണ ഭരണ പ്രക്രിയ കാര്യക്ഷമമാക്കുന്നതിലാണ്.

🔹ദുരന്ത നിവാരണവും ഭരണപ്രക്രിയയും.

ദുരന്തങ്ങളുടെ വിനാശകരമായ ആഘാതം ഒരു സ്വാഭാവികമായ പ്രതിഭാസമായി കാണുവാൻ സാധിക്കില്ല. മനുഷ്യ പ്രവൃത്തികളും തീരുമാനങ്ങളും മൂലമാണ് മിക്കവാറും ദുരന്തങ്ങൾ ഉണ്ടാക്കുന്നത്. ഉദാഹരണത്തിന്, മലയോര മേഖലയിലേക്ക് പുതിയ റോഡ് നിർമ്മിക്കുന്നത് ഉരുൾപൊട്ടൽ സാധ്യതയുള്ള ഒരു പ്രദേശത്ത് താമസിക്കാൻ ആളുകളെ ആകർഷിച്ചേക്കാം, ഇത് ദുരന്ത സാധ്യത വർധിപ്പിക്കുന്നു. അതായത് ഓരോ ദുരന്തവും അതിലേക്ക് നയിക്കുന്ന വ്യക്തികളുടെയും സർക്കാരുകളുടെയും പ്രവർത്തനങ്ങൾ വെളിപ്പെടുത്തുന്നു എന്നതാണ് വസ്തുത (അവലംബം: യു എൻ ഡി പി, 2013). തുടക്കത്തിൽ തന്നെ ആളുകളും സ്ഥാപനങ്ങളും സംയോജിത ദുരന്തസാധ്യത പരിഗണിച്ചാൽ, മരണങ്ങളുടെയും, പ്രകൃതി ദുരന്തങ്ങളിൽനിന്നുള്ള നാശനഷ്ടങ്ങളുടെയും എണ്ണം കുറയ്ക്കാൻ കഴിയും. 
ദുരന്തസാധ്യതകളിൽ നല്ല ഭരണം നിലനിർത്തുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ടഘടകമാണ് നിയമ നിർമ്മാണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും. വിവിധ തലത്തിലുള്ള അപകടസാധ്യതകൾ കൈകാര്യം ചെയ്യുന്നതിനായി പൊതു അധികാരികൾ, സിവിൽ സർവീസുകാർ, മാധ്യമങ്ങൾ, സ്വകാര്യമേഖല, പൊതു സമൂഹം, എന്നിവർ പ്രാദേശിക, ദേശീയ, തലങ്ങളിൽ ഏകോപിപ്പിക്കുന്ന രീതിയെ നമുക്ക് ദുരന്ത നിവാരണ ഭരണ പ്രക്രിയ എന്നതുകൊണ്ട് വിവക്ഷിക്കാം. ദുരന്തങ്ങളെ തടയുന്നതിനും, കൈകാര്യം ചെയ്യുന്നതിനും വീണ്ടെടുക്കുന്നതിനും മതിയായ ശേഷിയും വിഭവങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക എന്നാണ് ഇതിനർത്ഥം.

വിവിധ തലങ്ങളിൽ ഉള്ള മനുഷ്യ-പ്രകൃതി വൃത്തങ്ങളും വികസനപ്രവൃത്തനങ്ങളും ദുരന്തങ്ങളുടെ ആഘാതത്തിൽ നിന്നും സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താൻ സഹായിക്കുന്ന ഒരു ഭരണ പ്രക്രിയയാണ് ഇന്നത്തെ ആവശ്യം. ദുരന്ത നിവാരണ പ്രക്രിയകൾക്കുള്ള മുഖ്യധാരവൽക്കരണ വിമുഖത, മതിയായ സാമ്പത്തിക വകയിരുത്തൽ ഇല്ലാത്തത്, വിവിധ വിഭാഗങ്ങളുടെ ഏകോപനമില്ലായ്മ മുതലായവ ആണ് മികച്ച ഒരു ദുരന്ത നിവാരണ ഭരണ പ്രക്രിയ വാർത്തെടുക്കുന്നതിനുള്ള വികസ്വര രാജ്യങ്ങളിലെ ഇന്നത്തെ പ്രധാന പ്രശ്നങ്ങൾ.  

വികസ്വര-അവികിസിത രാജ്യങ്ങളിലെ നിരവധിയായ വെല്ലുവിളികൾ മൂലം ദുരന്ത നിവാരണ ഭരണ പ്രക്രിയ സുഗമമാക്കുക എന്നത് ഈ രംഗത്തു പ്രവൃത്തിക്കുന്നവർക്കും ഭരണ കർത്താക്കൾക്കും തീർച്ചയായും ഒരു വെല്ലുവിളി തന്നെയാണ്. രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമൂഹിക സാമ്പത്തിക വികസനത്തിൽ ദുരന്തനിവാരണത്തിന് സജീവവും സമഗ്രവും സുസ്ഥിരവുമായ സമീപനത്തിന്റെ ആവശ്യകത നമ്മുടെ രാജ്യം കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ തൊണ്ണൂറുകളിൽ തന്നെ ദുരന്ത നിവാരണ ഭരണ പ്രക്രിയ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ നടപ്പിലാക്കിയിരുന്നു. അക്കാലത്ത് കേന്ദ്ര കൃഷി വകുപ്പ് ആയിരുന്നു ഇന്ത്യയിൽ ദുരന്തനിവാരണ പ്രവൃത്തങ്ങൾ ഏകോപിപ്പിച്ചിരുന്നത്. തുടർന്ന് ശ്രീ. ജെ സി പന്ത് അധ്യക്ഷനായ ഉന്നതാധികാര സമിതി റിപ്പോർട്ട് പ്രകാരം, ദുരന്ത പ്രതിരോധ പ്രവൃത്തങ്ങളുടെ തയാറെടുപ്പിൽ ഊന്നി സമഗ്രമായ ഒരു നയംമാറ്റം ഉണ്ടാവുകയും, ദുരന്ത നിവാരണ ഏകോപിപ്പിക്കൽ കേന്ദ ആഭ്യന്തര വകുപ്പിന്റെ കീഴിൽ ആവുകയും ചെയ്തു.  

ഇപ്പോൾ ഇന്ത്യയിലെ എല്ലാ ദുരന്ത നിവാരണ ഭരണ പ്രക്രിയയുടെയും അടിസ്ഥാന ശില ആയി വർത്തിക്കുന്നത് 2005 ലെ ദുരന്ത നിവാരണ നിയമം ആണ് (act 53 of 2005). ഈ നിയമം അനുശാസിക്കുന്നതനുസരിച്ച്, പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഉന്നതാധികാര സമിതി ആയി, നിരവധി സംവിധാനങ്ങൾ കേന്ദ്ര,സംസ്ഥാന,ജില്ലാ തലങ്ങളിൽ രൂപീകരിക്കുകയുണ്ടായി. 2016 ൽ ഡൽഹിയിൽ വെച്ച് നടന്ന ഏഴാമത് ഏഷ്യൻ ദുരന്ത നിവാരണ സമ്മേളനത്തിൽ ഭാരതം ഉന്നയിച്ച പ്രധാന അജണ്ടകളിൽ ആധുനിക രീതിയിൽ ദുരന്ത നിവാരണ ഭരണ പ്രക്രിയക്കുള്ള ഫലപ്രദമായ നിർദേശങ്ങൾ കാണുവാൻ സാധിക്കും (അവലംബം: ഇന്ദ്രജിത് പാൽ & രാജീവ് ഷാ, 2018). എല്ലാ വികസന മേഖലകളും ദുരന്ത നിവാരണ തത്വങ്ങൾ ഉൾക്കൊള്ളുക, എല്ലാവർക്കും റിസ്ക് കവറേജിനായി പ്രവർത്തിക്കുക, ദുരന്ത നിവാരണത്തിൽ സ്ത്രീകളുടെ കൂടുതൽ പങ്കാളിത്തവും നേതൃത്വവും പ്രോത്സാഹിപ്പിക്കുക, ആഗോളതലത്തിൽ റിസ്ക് മാപ്പിംഗ് പ്രവൃത്തനങ്ങൾ, സാങ്കേതിക വിദ്യകളുടെ കൃത്യമായ ഉപയോഗം, ദുരന്ത വിഷയങ്ങളിൽ പ്രവർത്തിക്കാൻ സർവകലാശാലകളുടെ ഒരു ശൃംഖല വികസിപ്പിക്കുക, സോഷ്യൽ മീഡിയയും മൊബൈൽ സാങ്കേതികവിദ്യകളും നൽകുന്ന അവസരങ്ങൾ ഉപയോഗിക്കുക, പ്രാദേശിക തലത്തിലുള്ള ദുരന്ത നിവാരണ ശേഷിയുടെ കൃത്യമായ ഉപയോഗപ്പെടുത്തൽ, ഒരു ദുരന്തത്തിൽ നിന്ന് പഠിക്കാനുള്ള അവസരം പാഴാക്കുന്നില്ലെന്ന് ഉറപ്പാക്കുക, അന്താരാഷ്ട്ര ദുരന്ത നിവാരണ പ്രവൃത്തങ്ങളിൽ കൂടുതൽ യോജിപ്പ് ഉണ്ടാക്കുക എന്നിവയാണവ. 

വ്യക്തമായ അവബോധമുള്ള പ്രാദേശിക സന്നദ്ധ സേനകൾ വഴി ഏതു വലിയ ദുരന്തത്തിന്റെയും ആഘാതകാഠിന്യം വലിയ ഒരു രീതിയിൽ കുറക്കുവാൻ സാധിക്കും എന്നത് ആഗോള തലത്തിൽ ക്യൂബ, നോർവേ (അവലംബം : എഫ് എം ഗ്ലോബൽ ഇൻഡക്സ് ,2020), പോലുള്ള രാജ്യങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ വിവിധ ദുരന്തങ്ങൾ കേരളത്തിൽ തുടർച്ചയായി സന്ദർശനത്തിന് എത്തുന്നുണ്ട്. ഈ അവസരത്തിൽ സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന സാമൂഹികാധിഷ്ഠിത ദുരന്ത പ്രതികരണ സേന രൂപീകരണം, പഞ്ചായത്തു തല ദുരന്ത നിവാരണ പദ്ധതി തയാറാക്കൽ തുടങ്ങിയ നടപടികൾ തികച്ചും ഉചിതമായവ തന്നെ. വികേന്ദ്രീകൃത സ്വഭാവത്തിൽ ഊന്നിയ ബന്ധപ്പെട്ട സംവിധാനങ്ങളുടെ കൃത്യമായ ഏകോപനം, തീർച്ചയായും ദുരന്ത നിവാരണ ഭരണ പ്രക്രിയയുടെ കാര്യക്ഷമത കൂടുതൽ മികവുറ്റതാക്കും.
           

 ഡോ. ജോയ്‌സ് കെ ജോസഫ് 
എം എസ് സ്വാമിനാഥൻ റിസർച്ച് ഫൌണ്ടേഷൻ



Post a Comment

0 Comments