Flash News

6/recent/ticker-posts

ഇന്ത്യ-ന്യൂസിലന്‍ഡ്‌ആദ്യ ട്വന്റി20 ഇന്ന്‌

Views

ഇന്ത്യ-ന്യൂസിലന്‍ഡ്‌
ആദ്യ ട്വന്റി20 ഇന്ന്‌


ജയ്‌പൂര്‍: ട്വന്റി 20 ലോകകപ്പില്‍ നോക്കൗട്ട്‌ കാണാതെ പുറത്തായ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം പുതിയ തുടക്കത്തിന്‌ ഇന്ന്‌ ന്യൂസിലന്‍ഡിനെതിരേ. പുതിയ ക്യാപ്‌റ്റനും പുതിയ പരിശീലകനും കീഴില്‍ ഇന്ത്യ ആഗ്രഹിക്കുന്നതു വിജയത്തുടക്കം. ട്വന്റി 20 ലോകകപ്പ്‌ ഫൈനലിസ്‌റ്റുകളായ കിവീസുമായുള്ള മൂന്നുമത്സര ടി-20 പരമ്പരയിലെ ആദ്യ കളി ഇന്ന്‌ ജയ്‌പുരിലെ സവായ്‌ മാന്‍സിങ്‌ സ്‌റ്റേഡിയത്തില്‍.
ക്യാപ്‌റ്റന്‍ പദവിയില്‍നിന്നു വിരാട്‌ കോഹ്ലിയും മുഖ്യപരിശീലകവേഷമഴിച്ച്‌ രവി ശാസ്‌ത്രിയും പടിയിറങ്ങിയശേഷമുള്ള നീലപ്പടയുടെ ആദ്യ പരമ്പരയാണിത്‌. പുത്തന്‍ പ്രതീക്ഷകളുമായി പരിശീലകനായി രാഹുല്‍ ദ്രാവിഡും നായകനായി രോഹിത്‌ ശര്‍മയും എത്തുന്നു. വൈസ്‌ ക്യാപ്‌റ്റന്‍ സ്‌ഥാനത്തു കെ.എല്‍. രാഹുലും പുതുമുഖം.
യു.എ.ഇ. ലോകകപ്പില്‍ ഫേവറിറ്റുകളായെത്തി ആദ്യരണ്ടു മത്സരങ്ങളും തോറ്റ്‌ നോക്കൗട്ട്‌ കാണാതെ പുറത്തായതിന്റെ ക്ഷീണം മറികടക്കുകയെന്ന ശ്രമകരമായ ദൗത്യമാണ്‌ ടീം ഇന്ത്യയെ കാത്തിരിക്കുന്നത്‌.
ടീമിനു സെമിക്കുമുമ്പേ പുറത്തേക്കുള്ള വഴിതുറന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ന്യൂസിലന്‍ഡാണ്‌ എതിരാളികളെന്നത്‌ മത്സര പ്രാധാന്യം ഇരട്ടിയാക്കുന്നു. ലോകകപ്പില്‍ എട്ടുവിക്കറ്റിനാണ്‌ കെയിന്‍ വില്യംസണും സംഘവും ഇന്ത്യയെ തുരത്തിയത്‌. പരമ്പരവിജയം കീവീസിനോടുള്ള മധുരപ്രതികാരമാകുകയും ചെയ്യും.
ഐ.പി.എല്ലില്‍ അഞ്ചുവട്ടം കിരീടമുയര്‍ത്തിയ മുംബൈയുടെ നേട്ടങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച നായകനെന്ന നിലയില്‍ കുട്ടിക്ക്രിക്കറ്റില്‍ രോഹിത്‌ ശര്‍മയില്‍ പ്രതീക്ഷകള്‍ വാനോളം. എ ടീം പരിശീലകനെന്ന നിലയിലും പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിലെ മികവുമുള്ള 'വന്‍മതിലി'നൊപ്പമുള്ള രോഹിതിന്റെ കൂട്ടുകെട്ട്‌ ഇന്ത്യന്‍ ക്രിക്കറ്റിനെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നാണ്‌ വിലയിരുത്തല്‍.
ടീമിലുള്ള യുവതാരങ്ങളില്‍ പലരും രാഹുല്‍ ദ്രാവിഡ്‌ ദേശീയ ക്രിക്കറ്റ്‌ അക്കാദമി ഡയറക്‌ടറായിരിക്കെ വളര്‍ന്നുവന്നവരാണെന്നത്‌ അനുകൂല ഘടകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ലോകകപ്പില്‍നിന്നു നോക്കൗട്ട്‌ കാണാതെ പുറത്തായതോടെ യു.എ.ഇയില്‍നിന്നു നേരത്തേ മടങ്ങിയത്‌ ഇന്ത്യന്‍ ടീമിനു ഗുണകരമാകും. ഞായറാഴ്‌ച നടന്ന ഫൈനലില്‍ കളിച്ച്‌ മൂന്നു ദിവസത്തെ ഇടവേള മാത്രമാണ്‌ ന്യൂസിലന്‍ഡിനു ലഭിച്ചത്‌.
വിരാട്‌ കോലിക്കു പുറമേ ലോകകപ്പ്‌ ടീമിലുണ്ടായിരുന്ന പേസര്‍മാരായ ജസ്‌പ്രീത്‌ ബുംറ, മുഹമ്മദ്‌ ഷമി, ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, ഹാര്‍ദിക്‌ പാണ്ഡ്യ എന്നിവരില്ലാതെയാണ്‌ ഇന്ത്യ പരമ്പരയ്‌ക്കിറങ്ങുന്നത്‌. ഇവര്‍ക്കു പകരം കഴിഞ്ഞ ഐ.പി.എല്‍. സീസണില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും മുന്നിലെത്തിയ യുവതാരങ്ങള്‍ നീലക്കുപ്പായം അണിയും.
ചെന്നൈയുടെ ഓപ്പണറായി റണ്‍ വാരിക്കൂട്ടിയ ഋതുരാജ്‌ ഗെയ്‌ക്വാദ്‌, വിക്കറ്റ്‌ വേട്ടക്കാരായ ഡല്‍ഹിയുടെ ആവേശ്‌ ഖാന്‍, ബാംഗ്ലൂരിന്റെ ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ക്കൊപ്പം വളര്‍ന്നുവരുന്ന ഓള്‍റൗണ്ടര്‍ കൊല്‍ക്കത്തയുടെ വെങ്കിടേഷ്‌ അയ്യരുമെത്തുന്നു.
മുമ്പേതന്നെ നീലക്കുപ്പായത്തില്‍ അരങ്ങേറിയ ശ്രേയസ്‌ അയ്യര്‍, യുസ്‌വേന്ദ്ര ചാഹല്‍, ദീപക്‌ ചാഹര്‍, അക്‌സര്‍ പട്ടേല്‍, മുഹമ്മദ്‌ സിറാജ്‌ എന്നിവരുടെ മടങ്ങിവരവിനും പരമ്പര സാക്ഷ്യം വഹിക്കും. മൂന്നു വിക്കറ്റ്‌ കീപ്പര്‍മാരും നാല്‌ ഓപ്പണര്‍മാരുമുള്ള ടീമില്‍നിന്ന്‌ അന്തിമ ഇലവനില്‍ ആരൊക്കെ ഇടംപിടിക്കുമെന്നാണ്‌ ആരാധകര്‍ ഉറ്റുനോക്കുന്നത്‌.
ഇന്ത്യ: രോഹിത്‌ ശര്‍മ (ക്യാപ്‌റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ്‌ ക്യാപ്‌റ്റന്‍), ശ്രേയസ്‌ അയ്യര്‍, സൂര്യകുമാര്‍ യാദവ്‌, റിഷഭ്‌ പന്ത്‌ (വിക്കറ്റ്‌ കീപ്പര്‍), ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ്‌ സിറാജ്‌, യുസ്‌വേന്ദ്ര ചാഹല്‍, ആര്‍. അശ്വിന്‍, അക്‌സര്‍ പട്ടേല്‍, ആവേശ്‌ ഖാന്‍, ദീപക്‌ ചാഹര്‍, ഋതുരാജ്‌ ഗെയ്‌്ക്‌വാദ്‌, ഇഷാന്‍ കിഷന്‍ (വിക്കറ്റ്‌ കീപ്പര്‍), വെങ്കടേഷ്‌ അയ്യര്‍,



Post a Comment

0 Comments