Flash News

6/recent/ticker-posts

സന്തോഷ് ട്രോഫിയിൽ ഇത്തവണ ബൂട്ടണിയുന്നത് വേങ്ങരക്കാരനുൾപ്പെടെ ഏഴു മലപ്പുറത്തുകാർ.

Views

പ്രതിരോധ നിരയിൽ ജില്ലയ്ക്കും ക്ലബ്ബിനും വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് വേങ്ങരയിലെ  ആസിഫ്.

വേങ്ങര: സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരത്തിനുള്ള കേരള ടീമിനായി മലപ്പുറം ജില്ലയിൽ നിന്ന് ഇത്തവണ ഏഴു പേർ ബൂട്ട് കെട്ടും. 22 അംഗങ്ങളുള്ള ടീമിലെ മൂന്നിലൊന്ന് താരങ്ങളും മലപ്പുറത്തുകാരായത് ജില്ലയ്ക്ക് അഭിമാനമായി. വേങ്ങര സ്വദേശി മുഹമ്മദ് ആസിഫ്, മഞ്ചേരി തൃക്കലങ്ങോട് സ്വദേശി അർജുൻ ജയരാജ്, തിരൂർ കൂട്ടായി സ്വദേശി മുഹമ്മദ് ഷഹീഫ്‌, വാഴക്കാട് സ്വദേശി ബുജൈർ, തിരൂർ സ്വദേശി സൽമാൻ കാളിയത്ത്, വളാഞ്ചേരി സ്വദേശി എൻ എസ് ശിഖിൽ, നിലമ്പൂർ സ്വദേശി ടി കെ ജെസിൻ എന്നീ താരങ്ങളാണ് ഇത്തവണ ടീമിൽ ഇടം നേടിയത്. ജില്ലാതല മത്സരങ്ങളിലും ക്ലബ് തല മത്സരങ്ങളിലും കാഴ്ചവെച്ച മികച്ച പ്രകടനമാണ് ഏഴു പേർക്കും ടീമിൽ ഇടം നേടാൻ വഴിയൊരുക്കിയത്. നാലുപേർ ജില്ലയിലെ പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബായ യുണൈറ്റഡ് എഫ്സിയുടെ താരങ്ങളാണ്. ഇക്കുറി മഞ്ചേരി പയ്യനാട് സ്റ്റേഡിയമാണ് സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരങ്ങൾക്കു വേദിയാകുക. 

​മുഹമ്മദ് ആസിഫ്
വേങ്ങര സ്വദേശി മുഹമ്മദ് ആസിഫ് പ്രതിരോധ നിരയിൽ ജില്ലയ്ക്കും ക്ലബ്ബിനും വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. നേപ്പാൾ ക്ലബ്ബിൽ പന്ത് തട്ടിയ പരിചയവുമാണ് സന്തോഷ് ട്രോഫി ടീമിലേക്ക് എത്താൻ ഇടയാക്കിയത്.

അർജുൻ ജയരാജ്
മഞ്ചേരി തൃക്കലങ്ങോട് സ്വദേശിയായ അർജുൻ ജയരാജ് സ്കൂൾ കോളേജ് തലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് പ്രൊഫഷണൽ ഫുട്ബോളിലേക്ക് കടന്നുവരുന്നത്. നിലവിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള പ്രൊഫഷണൽ ക്ലബ്ബായ കേരള യുണൈറ്റഡ് ക്യാപ്റ്റനും മധ്യനിര താരവുമാണ്. ഇത്തവണത്തെ സന്തോഷ് ട്രോഫി മത്സരത്തിൽ മധ്യനിരയെ അർജുനിലൂടെ സുരക്ഷിതമാക്കാമെന്നാണ് കേരള ടീം കരുതുന്നത്.

​ബുജൈർ
വാഴക്കാട് സ്വദേശിയായ ബുജൈർ സ്കൂൾ കോളേജ് തലങ്ങളിലും യൂണിവേഴ്സിറ്റി തലങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് സന്തോഷ് ട്രോഫി ടീമിൽ ഇടം നേടിയത്. നിലവിൽ കേരള യുണൈറ്റഡ് എഫ്സിയുടെ മധ്യനിര താരമാണ്. അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജിൽ പഠിക്കുന്നതിനിടെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്ലബ്ബിനു വേണ്ടി കളിച്ചിട്ടുണ്ട്. മലപ്പുറം എംഎസ്പി സ്കൂൾ ടീം വഴി പരിശീലനം നേടിയ താരം കേരള പ്രീമിയർ ലീഗ്, ഐ ലീഗ് സെക്കൻഡ് ഡിവിഷനിലും ബൂട്ട് കെട്ടിയിട്ടുണ്ട്.

​സൽമാൻ കാളിയത്ത്
തിരൂർ സ്വദേശിയാണ് സൽമാൻ കാളിയത്ത്. മലപ്പുറം എംഎസ്പി സ്കൂളിൽ നിന്ന് പരിശീലനം നേടി ജില്ലാ ക്ലബ്ബ് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് താരത്തിന് സന്തോഷ് ട്രോഫി ടീമിൽ ഇടം നേടാൻ വഴിയൊരുങ്ങിയത്. നിലവിൽ യുണൈറ്റഡ് എഫ്സിയുടെ മധ്യനിര താരമാണ്.

​ടി കെ ജെസിൻ
നിലമ്പൂർ സ്വദേശി ടി കെ ജെസിൻ മമ്പാട് എംഇഎസ് കോളേജിലെ അവസാന വർഷ ഡിഗ്രി വിദ്യാർഥിയാണ്. കോളേജ് ഇൻ്റർ സോൺ കളിക്കുന്നതിനിടെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. ഐ ലീഗ് സെക്കൻഡ് ഡിവിഷനിലും മുന്നേറിയതോടെയാണ് സന്തോഷ് ട്രോഫിയിലേക്കുള്ള വഴിതെളിഞ്ഞത്. നിലവിൽ യുണൈറ്റഡ് എഫ്സിയുടെ മുന്നേറ്റനിര താരമാണ്.

​മുഹമ്മദ് ഷഹീഫ്‌ എ പി
തിരൂർ കൂട്ടായി സ്വദേശി മുഹമ്മദ് ഷഹീഫ്‌ അണ്ടർ 21 താരമാണ്. പ്രതിരോധ നിരയിലെ യുവ സാന്നിധ്യമാണ്. ഇതുവരെ കളിച്ച മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചാണ് താരത്തിന്റെ സന്തോഷ് ട്രോഫിയിലേക്കുള്ള കടന്നുവരവ്. സന്തോഷ് ട്രോഫി ടീമിലേക്കുള്ള ഷഹീഫിൻ്റെ പ്രവേശനം തീരദേശത്തെ ഫുട്ബോൾ കളിക്കാർക്കും ആരാധകർക്കും വലിയ ആവേശവും പ്രചോദനവുമാണ്.

എൻ എസ് ശിഖിൽ
വളാഞ്ചേരി സ്വദേശി എൻ എസ് ശിഖിൽ ബെംഗളൂരു എഫ്സി മധ്യനിര റിസർവ് ടീം അംഗമാണ്. ഇതിനകം ലഭിച്ച അവസരങ്ങളിലെല്ലാം മികച്ച പ്രകടനം പുറത്തെടുത്താണ് താരം സന്തോഷ് ട്രോഫിയിലേക്കും എത്തിയത്. അതേസമയം ആദ്യമായാണ് ജില്ലയിൽ നിന്ന് ഇത്രയധികം താരങ്ങൾ സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരത്തിനായി ബൂട്ട് കെട്ടുന്നത്. ഇതോടെ വലിയ പ്രതീക്ഷയിലാണ് ജില്ലയിലെ ഫുട്ബോൾ ആരാധകർ.


Post a Comment

0 Comments