Flash News

6/recent/ticker-posts

പാർട്ടി സെക്രട്ടറി സ്ഥാനം; തിരിച്ചുവരവ് തീരുമാനം എടുക്കുമ്പോൾ എല്ലാവരെയും അറിയിക്കും: കോടിയേരി

Views സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവരുന്ന തീരുമാനം എടുക്കുമ്പോൾ എല്ലാവരെയും അറിയിക്കുമെന്ന് പോളിറ്റ് ബ്യൂറോ അം​ഗം കോടിയേരി ബാലകൃഷ്ണൻ. തിരുച്ചുവരവിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

എൽ ജെ ഡിയുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്നിരിക്കുന്ന കാര്യങ്ങൾ അവരുടെ ആഭ്യന്തര പ്രശ്നമാണെന്നും കോടിയേരി പ്രതികരിച്ചു. അതിൽ ഇടപെടാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്നും ഇതുപോലുള്ള പ്രശ്നങ്ങൾ പല പാർട്ടികൾക്കും ഉണ്ടായേക്കാമെന്നും അദ്ദേഹം ചൂണ്ടികാട്ടി. അത്തരം പ്രശ്നങ്ങൾ അവർ തന്നെ പരിഹരിക്കുന്നതാണ് ഉചിതമെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

അതേസമയം സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിന് മുമ്പ് തന്നെ കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്നാണ് സൂചന. കോടിയേരി സെക്രട്ടറി സ്ഥാനത്ത് മടങ്ങിയെത്തുന്ന കാര്യത്തിൽ സംസ്ഥാന കമ്മറ്റി തീരുമാനമെടുത്താൽ മതിയെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന പൊളിറ്റ്ബ്യൂറോ യോ​ഗം തീരുമാനിച്ചത്. സംസ്ഥാനത്ത് തീരുമാനമെടുത്തശേഷം കേന്ദ്ര നേതൃത്വത്തെ അറിയിച്ചാൽ മതിയെന്നാണ് പി ബിയുടെ നിലപാട്.

ആരോഗ്യ കാരണങ്ങളും മകൻ ബിനീഷ് കോടിയേരിയുടെ അറസ്റ്റും സൃഷ്ടിച്ച പിരിമുറുക്കത്തിന് പിന്നാലെയാണ് പാർട്ടി പോളിറ്റ്ബ്യൂറോ മെമ്പർ കൂടിയായ കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. അർബുദത്തിനു തുടർചികിൽസ ആവശ്യമായതിനാൽ പാർട്ടി അവധി അപേക്ഷ അംഗീകരിക്കുകയുമായിരുന്നു. തുടർന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനെ സി.പി.ഐ.എം ആക്ടിം​ഗ് സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു.

രോഗം കണക്കിലെടുത്ത് സ്വയം എടുത്ത തീരുമാനമാണെന്നും, ബിനീഷിന്റെ അറസ്റ്റുമായി ബന്ധമില്ലെന്നും കോടിയേരിയും നയം വ്യക്തമാക്കിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയുന്ന പതിവില്ലാത്തതിനാൽ ഇത് പാർട്ടിയിലും രാഷ്ട്രീയ എതിരാളികൾക്കിടയിലും ചർച്ചയായി മാറുകയും ചെയ്തു. ഒരു വർഷത്തിന് പിന്നാലെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടായതും മകൻ ബിനീഷ് ജയിൽ മോചിതനായതും പദവിയിലേക്കു മടങ്ങിയെത്തുന്നതിനു വഴിയൊരുക്കുകയായിരുന്നു.


Post a Comment

0 Comments