Flash News

6/recent/ticker-posts

രക്ഷിതാക്കളറിയാൻ:കുട്ടികൾ സ്കൂളിലേക്കോ..?ജോഡിയൊത്ത് ബീച്ചിലേക്കോ...?!

Views

സ്ക്കൂളുകൾ തുറന്നു...! രാവിലെ കുട്ടികൾ അണിഞ്ഞൊരുങ്ങി വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ സ്ക്കൂളിലെത്തുന്നുണ്ടെന്ന് എന്താണ് ഉറപ്പ്...?!
        കോവിഡ് പ്രോട്ടോകോൾ നിയമമനുസരിച്ച് സ്‌ക്കൂൾ ക്ലാസുകൾ രണ്ട് ബാച്ചായാണല്ലോ നടത്തപ്പെടുന്നത്.ഇതിൽ തന്നെ കുട്ടികൾക്ക് യൂണിഫോം നിർബന്ധവുമല്ല. കുട്ടിയെ സ്ക്കൂളിൽ വരാൻ നിർബന്ധിക്കാനോ വന്നാൽ തന്നെ ഹാജർ രേഖപ്പെടുത്താനോ പാടില്ല. ഈ അവസരം പല കുട്ടികളും നന്നായി മുതലെടുക്കുന്നുണ്ട് എന്നാണ് മനസ്സിലാക്കാൻ - കഴിയുന്നത്. കാളികാവ്  ബസ് സ്റ്റാൻ്റിലും പരിസരത്തും ആൺകുട്ടികളും പെൺകുട്ടികളും നിത്യവും കറങ്ങി നടക്കുന്നതായി അറിയാൻ കഴിഞ്ഞു. അതുപോലെ കോഴിക്കോട് കടപ്പുറത്ത് നിന്നും ഒരു യുവാവിനോടൊപ്പം ഒമ്പതാം ക്ലാസുകാരി പിടിക്കപ്പെടുകയുണ്ടായി.സ്ക്കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങുന്ന കുട്ടികൾ മറ്റു പലയിടങ്ങളിലേക്കാണ് പോകുന്നത്. സ്ക്കൂൾ സമയം തീരുവോളം ഏതെങ്കിലും ചെറുപ്പക്കാരോടൊത്ത് സമയം കളയുന്നു.സ്ക്കൂൾ വിടാറാകുമ്പോൾ അവർ തിരിച്ച് വീട്ടിലെത്തുകയും ചെയ്യും.
    
ഇത്തരം സംഭവങ്ങളുടെ യാഥാർത്ഥ്യമറിയാൻ അടുത്തറിയുന്ന ഹൈസ്ക്കൂൾ എച്ച് എമ്മുമായി പോപ്പുലർ ന്യൂസ് പ്രതിനിധി സംസാരിച്ചു.അവർ പറഞ്ഞത്, 
"ഇത് സത്യം തന്നെയായിരിക്കാം. കാരണം, 42 കുട്ടികളുള്ള ക്ലാസിനെ രണ്ട് ബാച്ചായി തിരിക്കുമ്പോൾ 21 കുട്ടികളാണ് ഒരു ബാച്ചിൽ ഉണ്ടാകുക, ആദ്യ ദിവസങ്ങളിലെല്ലാം 21 പേരും വന്നിരുന്നു.എന്നാൽ, ഇപ്പോൾ ആ സ്ഥാനത്ത് 13 അല്ലെങ്കിൽ 14 കുട്ടികൾ മാത്രമാണ് എത്തുന്നത്. ജലദോശം,പനി, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗങ്ങളുള്ള കുട്ടികൾ സ്ക്കൂളിലേക്ക് വരേണ്ടതില്ല എന്ന് ദിവസവും അനൗൺസ് ചെയ്യേണ്ടതുണ്ട്. ഈ അവസരം കുട്ടികൾ മുതലെടുക്കുന്നതായാണ് സംശയം...'' എന്നാണ് അവർ പോപ്പുലർ ന്യൂസിനോട് പറഞ്ഞത്. പക്ഷേ, ഈ സ്ക്കൂളിലെ കുട്ടികൾ പുറത്ത് കറങ്ങി നടക്കുന്നില്ലെന്ന് ഉറപ്പിക്കാം. കാരണം, ഇവിടുത്തെ ഓരോ ക്ലാസ് അധ്യാപകരും അവരവരുടെ ക്ലാസിൽ ഹാജരായവരുടെ പേര് രേഖപ്പെടുത്തുന്നുണ്ട്. വരാത്ത കുട്ടികളുടെ രക്ഷിതാക്കൾക്ക് അപ്പോൾ തന്നെ വിളിച്ച് കുട്ടി വരാത്തതിൻ്റെ കാരണവും അന്വേഷിക്കുന്നു.ഇത് കൊണ്ട് തന്നെ കുട്ടി സ്ക്കൂളിലെത്തിയില്ലെങ്കിൽ രക്ഷിതാക്കൾ അറിയാൻ ഇടയാകുമല്ലോ.... സ്ക്കൂളിലെത്താത്ത എല്ലാ കുട്ടികളും കറങ്ങി നടക്കുകയാണെന്നല്ല, പലരും മേൽ പറഞ്ഞ അവസരം മുതലെടുക്കുകയാണ്. തൊണ്ടവേദനയോ പനിയോ മറ്റോ കാരണം പറയുകയാണ്.ഓൺ ലൈനിൽ നിന്നും ഓഫ് ലൈനിലായ ഒരു തരം മാനസിക പൊരുത്തക്കേടാണ് മിക്ക കുട്ടികളും ഹാജരാകാത്തതിൻ്റെ രഹസ്യം.എന്നാൽ, ചില അതിവിളവൻമാരാണ് പാർക്കും ബീച്ചും തേടി അലയുന്നത്.

 സ്ക്കൂളിലേക്കെന്ന് പറഞ്ഞ് ഇഷ്ടതോഴരുമൊത്ത് പാർക്കിലേക്കും ബീച്ചിലേക്കും ബെെക്കിൽ പറപറക്കുമ്പോൾ വീട്ടിലിരിക്കുന്ന രക്ഷിതാവിൻ്റെ മനസിൽ മകൻ്റെ അല്ലെങ്കിൽ മകളുടെ പഠന സ്വപ്നങ്ങളായിരിക്കും. സ്ക്കൂൾ അധ്യാപകരാകട്ടെ കുട്ടി ലീവാണെന്ന ധാരാണയിലും...
        കുട്ടികൾ നാളെയുടെ സമ്പത്താണ്. അവരെ നശിപ്പിച്ചു കൂടാ... ഓൺലൈൻ ക്ലാസിന് വേണ്ടി എല്ലാ രക്ഷിതാക്കളുടെ കയ്യിലും സ്ക്കൂൾ ക്ലാസ് ഗ്രൂപ്പ് ഉണ്ടാകുമെന്നതിൽ സംശയമില്ല. ഈ ഗ്രൂപ്പ് വഴി സ്ക്കൂളിലേക്ക് പുറപ്പെട്ട കുട്ടിയുടെ പേര് നൽകുകയും ഈ കുട്ടി വന്നിട്ടുണ്ടോ എന്ന് അധ്യാപകർ ഉറപ്പ് വരുത്തുകയും വേണം. നാളെ നമുക്ക് വെളിച്ചം പകരേണ്ട ഈ കുട്ടികൾ പകലിൻ്റെ അന്ധകാരത്തിലേക്ക് കൂപ്പ് കുത്താതിരിക്കാൻ ഓരോ രക്ഷിതാക്കളും  അധ്യാപകരും ജാഗ്രത പുലർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.!

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

0 Comments