Flash News

6/recent/ticker-posts

ആ ഓറഞ്ച് വില്‍പനക്കാരൻ രാഷ്ട്രപതിയിൽ നിന്ന് പദ്മശ്രീ ഏറ്റുവാങ്ങി

Views
ഒരു ദിവസം രാവിലെ അദ്ദേഹം ഉറക്കമുണര്‍ന്നത് ഒരു ദൃഢനിശ്ചയവുമായാണ്; എന്തുവന്നാലും വേണ്ടില്ല, തന്റെ അവസ്ഥ ഇനി അടുത്ത തലമുറയ്ക്കുണ്ടാവരുത്. നാട്ടില്‍ ഒരു സ്‌കൂള്‍ തുടങ്ങണം.

ഓറഞ്ച് വിൽപനയിലൂടെ ലഭിക്കുന്ന പണം കൊണ്ട് പാവപ്പെട്ട കുട്ടികൾക്ക് പഠിക്കാൻ സ്കൂൾ സ്ഥാപിച്ച ഹരകേള ഹജബ്ബയ്ക്ക് വിദ്യാഭ്യാസമേഖലയിലെ തന്റെ സംഭാവനകൾക്ക് 2020ലെ പദ്മശ്രീ പുരസ്കാരം ലഭിച്ചിരുന്നു. തിങ്കളാഴ്ച്ചയാണ് രാഷ്ട്രപതിയിൽ നിന്ന് അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങിയത്. 2015 ൽ മാതൃഭൂമി വാരാന്തപതിപ്പിൽ ഇദ്ദേഹത്തെ കുറിച്ച് *വിമൽ കോട്ടക്കൽ* തയ്യാറാക്കിയ കവർസ്റ്റോറി വായിക്കാം.

മംഗളൂരുവിൽനിന്ന് മുപ്പതുകിലോമീറ്റർ ദൂരെയാണ് ന്യൂപദപ്പ് എന്ന ഗ്രാമം. അപ്പുറം മംഗളൂരു നഗരം സമ്പന്നതയിൽ തിളച്ചുമറിയുന്നു; പക്ഷേ ന്യൂപദപ്പിൽ ഇപ്പോഴും ഒരു നല്ല റോഡോ ആവശ്യത്തിന് വാഹനങ്ങളോ ഇല്ല. എന്തിന്, ഒരു നല്ല വീടുപോലുമില്ല! എന്നാൽ, പൊട്ടിപ്പിളർന്ന വഴികളിലൂടെ കുറച്ചുദൂരം നടന്നാൽ ഒരു മുസ്ലിം പള്ളിക്കടുത്ത് കന്നഡയിൽ ഒരു ബോർഡ് കാണാം: ദക്ഷിണ കന്നഡ ജില്ലാപഞ്ചായത്ത് ഹയർ്രൈപമറി സ്കൂൾ ന്യൂപദപ്പ് . ഒന്നര ഏക്കറോളം സ്ഥലത്ത് ഭേദപ്പെട്ട രണ്ടുകെട്ടിടങ്ങളിലായി പ്രവർത്തിക്കുന്ന ഈ സ്കൂളിന്റെ സ്ഥാപകർ ജില്ലാപഞ്ചായത്തോ നാട്ടിലെ ഏതെങ്കിലും സമ്പന്നനോ അല്ല. നാം നേരത്തേ പറഞ്ഞ ആ ഓറഞ്ചുകച്ചവടക്കാരനാണ് ഹരേക്കള ഹജ്ജബ്ബ. ഓറഞ്ച് വിറ്റുകിട്ടുന്ന സമ്പാദ്യത്തിൽനിന്ന് , ഉറുമ്പ് ആഹാരം ശേഖരിക്കുന്നതുപോലെ കൂട്ടിവെച്ച്, കുചേല സദൃശനായ ഈ മനുഷ്യൻ സ്ഥാപിച്ച സ്കൂൾ. ഇപ്പോഴും

വികസനത്തിന്റെയും വിദ്യയുടെയും വെട്ടംവീഴാത്ത ഈ കുഗ്രാമത്തിൽ ഒരു ഓറഞ്ച് കച്ചവടക്കാരൻ കൊളുത്തിവെച്ച നിലവിളക്ക്. ആറാംക്ലാസ് വരെയുള്ള ഈ സ്കൂളിൽ ഇന്ന് നാന്നൂറിലധികം കുട്ടികൾ പഠിക്കുന്നു. കഥപറയുംപോലെ എളുപ്പമായിരുന്നില്ല ഈ സ്കൂളിന്റെ ജനനം. ഇതിലെ ഓരോതരി മണ്ണിലും കല്ലിലും ഈ പാവം തെരുവുകച്ചവടക്കാരന്റെ കണ്ണീരും വിയർപ്പുമുണ്ട്. അതൊരു ത്യാഗത്തിന്റെ കഥയാണ്, ഓറഞ്ചിന്റെ മധുരം ഒട്ടുമില്ലാത്ത കഥ.

മംഗളൂരുവിലെ തിരക്കുപിടിച്ച നഗരവീഥിയിൽ നിങ്ങൾ ഈ മനുഷ്യനെ കണ്ടുമുട്ടിയേക്കാം.
വെള്ളമുണ്ടും മുഷിഞ്ഞ വെള്ളഷർട്ടുമിട്ട്, വള്ളിക്കുട്ടയിൽ നിറയെ ഓറഞ്ചുമായി വിയർത്തൊലിച്ച്,
വിളിച്ചുചൊല്ലിപ്പോകുന്ന ഒരാൾ. അത് ഹരേക്കള ഹജ്ജബ്ബയാണ്. ഭാര്യയും നാലുകുട്ടികളുമടങ്ങുന്ന ഒരു വലിയകുടുംബത്തിന്റെ ഏക അന്നദാതാവ്. ഓറഞ്ച് വിറ്റുകിട്ടുന്ന സമ്പാദ്യം കൊണ്ടുവേണം കുട്ടികളുടെ പഠിപ്പും മറ്റ് കുടുംബച്ചെലവും കഴിഞ്ഞുപോകാൻ. മടിക്കേരിയിലെ മഴയും മഞ്ഞും വെയിലുമാണ്
ഹജ്ജബ്ബയുടെ ജീവിതം നിശ്ചയിക്കുന്നത്. കാലാവസ്ഥ ചതിച്ചാൽ മടിക്കേരിയിലെ ഓറഞ്ചുവിളവ് കുറയും. വിളവുകുറഞ്ഞാൽ ഹജ്ജബ്ബയുടെ വരവും കുറയും.

ഹരേക്കളയിലെ ബ്യാരി മുസ്ലിംസമുദായാംഗമായ ഹജ്ജബ്ബയുടെ പ്രധാന സംസാരഭാഷയും ബ്യാരിതന്നെ. മലയാളവുമായി അടുത്തബന്ധമുണ്ട് ബ്യാരിക്ക്. മലയാളപദങ്ങളുടെ ഉച്ചാരണങ്ങളുടെ ചെവിക്കുപിടിച്ച് അല്പം വലിച്ചുനീട്ടുകയോ തിരിക്കുകയോ ചെയ്താൽ ബ്യാരി ഉച്ചാരണമായി. നന്നായി ശ്രദ്ധിച്ചാൽ ഹജ്ജബ്ബ പറയുന്ന എൺപത് ശതമാനം ബ്യാരിയും നമുക്ക് മനസ്സിലാവും.

1970 കാലഘട്ടം മുതൽ ഓറഞ്ചുകച്ചവടമാണ് ഇദ്ദേഹത്തിന് തൊഴിൽ. മംഗളൂരു സെൻട്രൽ മാർക്കറ്റിൽനിന്ന് ഓറഞ്ചുവാങ്ങി നടന്ന് കച്ചവടം ചെയ്യും. സപ്തഭാഷാ സംഗമഭൂമിയായ ദക്ഷിണകന്നഡത്തിൽ
ഏതുകച്ചവടത്തിനും കന്നഡയോ തുളുവോ ബ്യാരിയോ മതി. എഴുത്തും വായനയും അറിയില്ലെങ്കിലും ഹജ്ജബ്ബ ഈ മൂന്നുഭാഷകളും നന്നായി പറയും. പഠിപ്പിനും ജോലിക്കുമായി അമ്പതിൽപ്പരം രാജ്യങ്ങളിലെ വിദേശികൾ തമ്പടിക്കുന്ന സ്ഥലംകൂടിയാണിത്. അവർക്കിടയിൽ കച്ചവടം നടത്താൻ അല്പം എബിസിഡികൂടി അറിയണ്ടേ? ഈ പ്രശ്നം ഹജ്ജബ്ബയുടെ മനസ്സിൽ ഒരു കരടായി കുറേക്കാലം കിടന്നു. കൂടുതൽ ചിന്തിച്ചപ്പോൾ ഹജ്ജബ്ബയ്ക്ക് ഒരു കാര്യംകൂടി ബോധ്യമായി: ഇത് തന്റെമാത്രം പ്രശ്നമല്ല, തന്റെ കുട്ടികളുടെയും ഗ്രാമത്തിലെ ബഹുഭൂരിപക്ഷം കുട്ടികളുടെയും പ്രശ്നമാൺ ഒരു ഗ്രാമത്തിലെ വരുംതലമുറ മുഴുവൻ നിരക്ഷരതയുടെ ചെളിക്കുണ്ടിൽവീണ് പുതയാൻപോകുന്നു! പലരാത്രികളിലും ഇതാലോചിച്ച് ഹജ്ജബ്ബ ഞെട്ടിയുണർന്നു.

ഒരു ദിവസം രാവിലെ അദ്ദേഹം ഉറക്കമുണർന്നത് ഒരു ദൃഢനിശ്ചയവുമായാണ്; എന്തുവന്നാലും വേണ്ടില്ല, തന്റെ അവസ്ഥ ഇനി അടുത്ത തലമുറയ്ക്കുണ്ടാവരുത്. നാട്ടിൽ ഒരു സ്കൂൾ തുടങ്ങണം. പിന്നെ ഹജ്ജബ്ബയുടെ ജീവിതം വഴിമാറിയൊഴുകുകയായിരുന്നു. തന്റെ ചെലവുകൾ ചുരുക്കി, ഓറഞ്ചുകുട്ടയുടെ വലിപ്പവും കച്ചവടത്തിന്റെ സമയവും കൂട്ടി. ഓരോദിവസവും കിട്ടുന്ന മുഷിഞ്ഞ നോട്ടുകളിൽനിന്ന് കുറേശ്ശെയായി മിച്ചംപിടിക്കാൻ തുടങ്ങി. അങ്ങനെ ആ ദിവസമെത്തി. 1999 ജൂൺ ആറ് ഹജ്ജബ്ബയുടെ ജീവിതത്തിലെ മറ്റൊരു പെരുന്നാളായിരുന്നു. താൻ രക്ഷാധികാരിയായ ഹരേക്കളയിലുള്ള ത്വാഹാ മസ്ജിദിന്റെ കെട്ടിടത്തിലെ ഒരു കൊച്ചുമുറിയിൽ ഹജ്ജബ്ബ തന്റെ സ്കൂൾ തുടങ്ങി.

ഹജ്ജബ്ബയുടെ ദൃഢനിശ്ചയം എന്നിട്ടും തോറ്റില്ല. ആ സ്കൂളിന് അംഗീകാരം ലഭിച്ചു. എന്നാൽ, അത് നിലനിൽക്കണമെങ്കിൽ സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടവും വേണം. പിന്നെ അതിനുവേണ്ടിയായി
ഓട്ടം. ഓറഞ്ചുവില്പനക്കാരൻ ഹജ്ജബ്ബയ്ക്ക് പിരാന്തായോ എന്ന് നാട്ടുകാരിൽ പലരും രഹസ്യമായും പിന്നെപ്പിന്നെ പരസ്യമായും ചോദിക്കാൻ തുടങ്ങി. പല പണക്കാരുടെയും വാതിലുകളിൽ ഹജ്ജബ്ബ മുട്ടി.കുറേ കടം വാങ്ങി. പണമിട്ടുവെക്കുന്ന ഹജ്ജബ്ബയുടെ തകരപ്പെട്ടി വീണ്ടും നിറയാൻ തുടങ്ങി. അങ്ങനെ 2001 ഓടെ 50,000 രൂപ കൊടുത്ത് 40 സെന്റ് സ്ഥലം സ്കൂളിനായി അദ്ദേഹം വാങ്ങി.അതോടെ ഇത് കളിയോ പിരാന്തോ അല്ല കാര്യമാണെന്ന് നാട്ടുകാർക്കും ലോകത്തിനും ബോധ്യമായി.

മെലിഞ്ഞുണങ്ങിയ ഈ 54കാരന്റെ മനസ്സ് ഒരു ഫീനിക്സ് പക്ഷിയുടേതാണെന്ന് വിദ്യാസമ്പന്നർ പറഞ്ഞു. ഹജ്ജബ്ബയെ കാണുന്ന കണ്ണുകളിൽ ആരാധനയുടെയും ആദരവിന്റെയും മിന്നലാട്ടം നിറഞ്ഞു.വൈകാതെ ഹജ്ജബ്ബയുടെ ഉദ്യമത്തിന് സഹായവുമായി പലരും എത്തിത്തുടങ്ങി. കന്നഡപ്രഭ എന്ന പത്രമാണ് ഇതിന്തുടക്കംകുറിച്ചത്. അവരുടെ ഒരു ലക്ഷംരൂപയുടെ മാൻ ഓഫ് ദ ഇയർ പുരസ്കാരം ആ വർഷം ഹജ്ജബ്ബയ്ക്ക് ലഭിച്ചു. ഇതിനിടയിലാണ് സി.എൻ.എൻ. ഐ.ബി.എൻ. ചാനലിന്റെ ദ റിയൽ ഹീറോ പരിപാടിയുടെ അണിയറപ്രവർത്തകർ ഇദ്ദേഹത്തെക്കുറിച്ചറിയുന്നത്. 2007 ലെദ റിയൽ ഹീറോ പുരസ്കാരം നൽകാൻ അവർക്ക് മറ്റൊരാളെ അന്വേഷിക്കേണ്ടിവന്നില്ല.

ബോളിവുഡിന്റെ സുന്ദരനായകൻ ആമിർഖാൻ അവതാരകനായ ഈ പരിപാടിയിൽ നമ്മുടെ മോഹൻലാൽ ഇംഗ്ലീഷിൽ ഹജ്ജബ്ബയുടെ ജീവിതകഥ പറഞ്ഞു. ഒരിക്കൽപോലും നേരിട്ടുകാണുകയോ സിനിമയിലെങ്കിലും കാണുകയോ ചെയ്തിട്ടില്ലെങ്കിലും മോഹൻലാൽ ഇന്ന് ഹജ്ജബ്ബയുടെ പ്രിയതാരമാണ്.

ദ റിയൽ ഹീറോ അവാർഡിന്റെ തുക അഞ്ചുലക്ഷം രൂപയായിരുന്നു. ഈ തുകയും ഹജ്ജബ്ബ തന്റെ സ്കൂൾ ഫണ്ടിലേക്ക് നൽകി. അതേസമയം, ആ മഴക്കാലത്തും അദ്ദേഹത്തിന്റെ കൊച്ചുവീട് ചോർന്നൊലിക്കുകയായിരുന്നു. അവാർഡ് കഥയറിഞ്ഞ് അന്നത്തെ കർണാടക ഗവർണർ രാമേശ്വർ ഠാക്കൂർ ഹജ്ജബ്ബയെ തന്റെ വസതിയിലേക്ക് വിളിച്ചുവരുത്തി ആദരിച്ചു. 2011ലെ കർണാടക സർക്കാറിന്റെ രാജ്യോത്സവ് അവാർഡും അദ്ദേഹത്തിന് ലഭിച്ചു. ഇന്ന് കർണാടകത്തിലെ പ്രധാനപ്പെട്ട മംഗളൂരു, കുവെമ്പു, ദാവൻഗെരെ സർവകലാശാലകളിൽ ബിരുദവിദ്യാർഥികൾക്ക് ഹജ്ജബ്ബയുടെ ജീവിതകഥ പഠിക്കാനുണ്ട്. നൂഡിവാണി (മധുരാക്ഷരങ്ങൾ) എന്നാണ് ഈ പാഠത്തിന്റെ പേര്. ആത്മവിശ്വാസവും കഠിനപ്രയത്നവും കൈമുതലായാൽ ഈ ലോകത്ത് ആർക്കും എന്തുംനേടാമെന്ന തിരിച്ചറിവിന്റെ വലിയ പാഠമായി ഇന്ന് ഹജ്ജബ്ബ വിദ്യാർഥികൾക്കുമുമ്പിൽ ആകാശത്തോളം ഉയർന്നുനിൽക്കുന്നു. വിദ്യാഭ്യാസരംഗം ഏറ്റവും മികച്ച
ബിസിനസ്സായ ഇക്കാലത്ത് ഹജ്ജബ്ബ കച്ചവടക്കൂരിരുട്ടിൽ ഒരു നക്ഷത്രമാവുന്നു.

ഇന്ന് ഹജ്ജബ്ബയുടെ സ്കൂൾ സ്ഥിതിചെയ്യുന്നത് ഒന്നരയേക്കർ സ്ഥലത്താണ്. രണ്ട് കെട്ടിടങ്ങളിലായി പത്ത് ക്ലാസുമുറികൾ. സർക്കാർ ഫണ്ടും കിട്ടിത്തുടങ്ങിയിരിക്കുന്നു. മികച്ച സൗകര്യങ്ങളായതോടെ ഇവിടത്തെ കുട്ടികൾ നല്ല വിജയശതമാനം നേടാൻ തുടങ്ങിയിട്ടുണ്ട്.

ഓരോ ക്ലാസുമുറിക്ക് മുന്നിലും ഓരോ മഹാന്മാരുടെ വലിയ ഛായാചിത്രം കാണാം. അവരുടെതന്നെ പേരാണ് ക്ലാസ്മുറികൾക്ക്. ഡോ. രാധാകൃഷ്ണൻ, കല്പന ചൗള, വിവേകാനന്ദൻ...അങ്ങനെ പോകുന്നു ക്ലാസ്സുകളുടെ പേരുകൾ. ഇതെല്ലാം നിരക്ഷരനായ ഒരു ഓറഞ്ചുകച്ചവടക്കാരന്റെ തലയിൽനിന്നുവന്ന ആശയമാണെന്നറിയുമ്പോൾ ഈ മനുഷ്യന് മുന്നിൽ തലകുനിക്കുകയല്ലാതെ മറ്റെന്ത്? വിദ്യാഭ്യാസമെന്നത് ഓറഞ്ചുപോലെ വിറ്റഴിക്കാൻപറ്റുന്ന ഒരിനമാണെന്ന് തെറ്റിദ്ധരിച്ച നമ്മൾ മലയാളികൾക്കുമുന്നിൽ വെറും ഓറഞ്ചുകച്ചവടക്കാരനായ ഹജ്ജബ്ബ തലയുയർത്തിനിൽക്കുന്നത് കാണുന്നില്ലേ?

അയാൾ ഓറഞ്ചുകുട്ടയുമായി അലയുന്ന ഇടത്തെ നമ്മൾ വിളിക്കുന്ന കളിപ്പേരാണ് തെരുവ് എന്നത്. ഹജ്ജബ്ബയുടെ ആത്മഭാഷയിൽ അതിന്റെ പേര് കർമക്ഷേത്രം എന്നാകുന്നു. ഹജ്ജബ്ബയുടെ അടുത്ത ലക്ഷ്യം തന്റെ സ്കൂളിൽ പ്ലസ്ടു തുടങ്ങുക എന്നതാണ്.ആഗ്രഹിക്കുന്നത് ഹജ്ജബ്ബയാകുമ്പോൾ തടസ്സങ്ങൾക്ക് വഴിമാറിയല്ലേ പറ്റൂ?



Post a Comment

0 Comments