Flash News

6/recent/ticker-posts

കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നു ; പ്രവാസികൾക്ക് ആശ്വാസം

Views

കരിപ്പൂർ : പ്രവാസികൾക്ക് ആശ്വാസമായി കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നു . കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് വലിയ വിമാനങ്ങളുടെ സർവീസ് പുനഃരാരംഭിക്കാനാണ് വ്യോമയാന മന്ത്രാലയം ആലോചിക്കുന്നതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മന്ത്രി വി . അബ്ദുറഹിമാനെ അറിയിച്ചു . ഇതുമായി ബന്ധപ്പെട്ട സാധ്യതകൾ പരിശോധിക്കാൻ ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട് . സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് വലിയ വിമാനങ്ങളുടെ സർവീസ് പുനഃരാരംഭിക്കുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി . കേരളത്തിലെ ഹജ്ജ് തീർത്ഥാടകർ നേരിടുന്ന പ്രശ്നങ്ങൾ ധരിപ്പിക്കുന്നതിനാണ് സംസ്ഥാനത്തെ ഹജ്ജ് ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാൻ കേന്ദ്ര മന്ത്രിയെ സന്ദർശിച്ചത് .
2020 ആഗസ്റ്റിൽ നടന്ന വിമാനാപകടത്തിനു ശേഷം കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു . ഇത് വിമാനത്താവളത്തിന്റെ വരുമാനത്തെ വലിയതോതിൽ ബാധിച്ചു . കോഴിക്കോടിനെ ഈ വർഷം ഹജ്ജ് എംബാർക്കേഷൻ പോയിന്റായി പരിഗണിക്കുക പ്രയാസമാണെങ്കിൽ കണ്ണൂർ വിമാനത്താവളത്തെ ഈ വർഷം തൽക്കാലം പരിഗണിക്കണമെന്ന നിർദ്ദേശത്തോട് കേന്ദ്രമന്ത്രി അനുകൂലമായി പ്രതികരിച്ചു . കണ്ണൂരിൽ നിന്നുള്ള ഹജ്ജ് സർവീസിന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വലിയ വിമാനങ്ങൾ ഉപയോഗിക്കാമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു .
കോഴിക്കോട് വിമാനത്താവള വികസനം നടപ്പാക്കാനുള്ള നിർദേശവും മുന്നോട്ടുവെച്ചു . അതിനായി 284 ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട് . ഇക്കാര്യവും പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു . ഹജ്ജ് തീർത്ഥാടകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം തേടി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയെയും മന്ത്രി വി അബ്ദുറഹിമാൻ സന്ദർശിച്ചു . ഹജ്ജ് ഹൗസ് പ്രവർത്തിക്കുന്നത് കോഴിക്കോട്ടാണ് . ഹജ്ജ് തീർത്ഥാടകർക്കായി വിപുലമായ സൗകര്യങ്ങളാണ് കോഴിക്കോട്ടുള്ളത് . സംസ്ഥാനത്തെ 80 ശതമാനം ഹജ്ജ് തീർത്ഥാടകർ ആശ്രയിക്കുന്ന കോഴിക്കോട് വിമാനത്താവളത്തെ ഹജ്ജ് എംബാർക്കേഷൻ പോയിന്റായി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രിക്ക് കത്ത് നൽകി .


Post a Comment

0 Comments