Flash News

6/recent/ticker-posts

റേഷന്‍ കടകള്‍ക്ക് മുമ്പില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധമറിയിച്ച് റേഷന്‍ വ്യാപാരികൾ

Views


പൊതുജനങ്ങള്‍ക്ക് പരാതികള്‍ നല്‍കുന്നതിന് റേഷന്‍ കടകള്‍ക്ക് മുമ്പില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കാനുള്ള  സര്‍ക്കാര്‍ നീക്കത്തില്‍   പ്രതിഷേധമറിയിച്ച് റേഷന്‍ വ്യാപാരികള്‍. കാല്‍ നൂറ്റാണ്ട് മുമ്പ് നിലനിന്നിരുന്ന പരാതിപ്പെട്ടി സംവിധാനം  വീണ്ടും നടപ്പാക്കുന്നതിനോടുള്ള  വിയോജിപ്പുമായി റേഷന്‍ വ്യാപാരികളുടെ സംഘടനകളും രംഗത്ത് എത്തിയിട്ടുണ്ട്. റേഷന്‍ കടകളുമായി ബന്ധപ്പെട്ട പരാതികള്‍ അതാത് കടകള്‍ക്ക് മുമ്പില്‍ സ്ഥാപിച്ച പരാതിപ്പെട്ടികളില്‍  നല്‍കാനുള്ള സംവിധാനമൊരുക്കുമെന്ന്  കഴിഞ്ഞ ദിവസമാണ്  ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ പ്രഖ്യാപിച്ചത്.ജനങ്ങള്‍ പരാതിപ്പെട്ടിയിലൂടെ നല്‍കുന്ന പരാതികള്‍ എല്ലാ ആഴ്ചയിലും റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍ ശേഖരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും തുടര്‍ നടപടികള്‍ക്കായി റേഷന്‍ കട-താലൂക്ക് തല വിജിലന്‍സ് കമ്മിറ്റികളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍  മുന്‍ കാലങ്ങളില്‍ റേഷന്‍ കടകളില്‍ പരാതിപ്പെട്ടി സംവിധാനം നിലനിന്നിരുന്നുവെങ്കിലും അവ പ്രയോഗികമല്ലെന്ന് തിരിച്ചറിഞ്ഞ് കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ കാലത്ത് മന്ത്രി ഇ ചന്ദ്രശേഖരന്‍ മുന്‍കൈയടുത്ത് പരാതിപ്പെട്ടി മാറ്റുകയും പരാതി പുസ്തകം സ്ഥാപിക്കുകയും ചെയ്തിരുന്നതായി വ്യാപാരികള്‍ പറയുന്നു.നിലവില്‍   ഉപഭോക്താക്കള്‍ക്ക് ആക്ഷേപമോ പരാതിയോ ഉണ്ടെങ്കില്‍ ബോധിപ്പിക്കുവാന്‍ റേഷനിങ് ഇന്‍സ്‌പെക്ടറുടേയും, താലൂക്ക്, ജില്ലാ സപ്ലൈ ഓഫീസര്‍ന്മാരുടേയും ടെലിഫോണ്‍ നമ്പറുകളും റേഷന്‍ കാര്‍ഡില്‍ തന്നെ നല്‍കിയിട്ടുണ്ട്. ഇ പോസ് മെഷിനും ബയോമെട്രിക് സംവിധാനവുമായി റേഷന്‍ കടകളും ഹൈടെക് സംവിധാനങ്ങളിലേക്ക് കടക്കുമ്പോള്‍ പരാതിപ്പെട്ടിയിലൂടെ സര്‍ക്കാര്‍  വികസനത്തില്‍ നിന്നും പിന്നോക്കം പോവുകയാണെന്നും റേഷന്‍ വ്യാപാരികള്‍ വിമര്‍ശിച്ചു.കാലനുസൃതമായ മാറ്റത്തിന് വകുപ്പ് തയ്യാറാകണമെന്നും  ആവശ്യപ്പെട്ടു. അതേ സമയം കിറ്റ് വിതരണത്തിന്റെ കമ്മീഷന്‍ കുടിശ്ശികയായിരിക്കെ പരാതിപ്പെട്ടി സ്ഥാപിക്കുന്ന ചെലവും റേഷന്‍ വ്യാപാരികളുടെ തലയിലാക്കുമെന്ന ആശങ്കയും വ്യാപാരികള്‍ പങ്കുവെയ്ക്കുന്നുണ്ട്.


Post a Comment

0 Comments